Charity | ഉള്ളു പൊട്ടിയ വയനാടിനെ വീണ്ടെടുക്കാന്‍ മത്സ്യവില്‍പ്പനയുമായി പാനൂരിലെ തൊഴിലാളിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 53,286 രൂപ
തലശേരി : (KVARTHA) ഉരുള്‍പൊട്ടലില്‍ ഉള്ളു പൊട്ടി തകര്‍ന്ന് തരിപ്പണമായ വയനാടിനെ തിരികെ പിടിക്കാന്‍ ഒരു കൈ സഹായവുമായി കരിയാട് പുതുശ്ശേരിപ്പള്ളിയിലെ മത്സ്യ വില്‍പ്പനകാരന്‍. കിടഞ്ഞിറോഡില്‍ മീന്‍ വില്‍പന നടത്തുന്ന ഇടത്തില്‍ ശ്രീധരനാണ് തന്റെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മത്തി, അയല, ചെമ്മീന്‍, നത്തോലി, ചമ്പാന്‍ തുടങ്ങിയ ഇനങ്ങള്‍ വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച 53,286 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ തുക ഏറ്റുവാങ്ങി.
കരിയാട് പുതുശ്ശേരിപ്പള്ളി ടൗണിനടുത്ത് കിടഞ്ഞി റോഡില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി മത്സ്യം വില്‍ക്കുന്ന ശ്രീധരന്‍ എന്ന അറുപതുകാരനാണ് തന്റെ കടയില്‍ നിന്നും ബുധനാഴ്ച ലഭിച്ച മുതലും ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
പുതിയൊരു വയനാടിനെ പുനസൃഷ്ടിക്കുന്നതിന് തന്നാലാവുന്ന രീതിയില്‍ സംഭാവന നല്‍കുകയാണെന്ന് ശ്രീധരന്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായവര്‍ക്ക് വേണ്ടി സര്‍കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയാണ് ശ്രീധരന്‍.
ശ്രീധരന്റെ മകന്‍ ശ്രീജിത്ത്, സഹായികളായ കരീം, മുത്ത്വലിബ്, നാട്ടുകാരായ ജയമോഹന്‍ കരിയാട്, എന്‍ ജയശീലന്‍ , പി മനോഹരന്‍ എന്നിവരും മല്‍സ്യ വില്പനക്ക് സഹായിച്ചു. കൗണ്‍സിലര്‍ എംടികെ ബാബു, പിആര്‍ഡി ഡെപ്യൂടി ഡയറക്ടര്‍ ഇകെ പത്മനാഭന്‍, ജയചന്ദ്രന്‍ കരിയാട് തുടങ്ങിയവരും പങ്കെടുത്തു.