Fishermen | കടലമ്മ കനിയുന്നില്ല: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരം ഇനിയും അകലെയാണോ? കോവിഡ് മഹാമാരിക്ക് ശേഷവും കുടുംബങ്ങള്‍ ദുരിതത്തില്‍ തന്നെ, മീന്‍ ചാകരയൊക്കെ ഓര്‍മയായെന്ന് സങ്കടം
Nov 24, 2022, 14:13 IST
കാസര്‍കോട്: (www.kvartha.com) പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരം കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവുമായി കുടുംബങ്ങള്‍. രണ്ടു വര്‍ഷത്തെ കോവിഡ് മഹാമാരിക്ക് ശേഷവും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇവര്‍ പറയുന്നു. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇന്നും വറുതിയില്‍ നിന്ന് കരകയറാനായിട്ടില്ല.
രൂക്ഷമായ കടല്‍ക്ഷോഭവും, കാലവര്‍ഷവും, ട്രോളിങ് നിരോധനവുമൊക്കെ ഇന്നില്ലെങ്കിലും കടലിലെ മത്സ്യലഭ്യതയുടെ കുറവാണ് ഇവരെ ദുരിതത്തിലാക്കുന്നത്. ഒരു കാലത്ത് മീന്‍ ചാകരയൊക്കെ പതിവായി ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ വെറും ഓര്‍മകള്‍ മാത്രമാണെന്നാണ് ഇവര്‍ സങ്കടപ്പെടുന്നത്.
കുമ്പളയിലെ തീരദേശ മേഖലയിലെ ആരിക്കാടി കടവത്ത്, കോയിപ്പാടി കടപ്പുറം, പെര്‍വാഡ്, മൊഗ്രാല്‍ പ്രദേശങ്ങളിലായി തോണികളില്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നവരും, ചവിട്ടുവല വലിച്ചു മത്സ്യം പിടിക്കുന്നവരുമായ മുന്നൂറോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇന്ന് ദുരിതത്തിലാ യിരിക്കുന്നത്.
മത്സ്യ ചാകര ലഭ്യമാകേണ്ട സമയവും, സാഹചര്യവും ഒത്തുവന്നിട്ടും കടലില്‍ മീനിന്റെ ലഭ്യതയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കിട്ടുന്നതാകട്ടെ വിലയില്ലാത്ത ചെറിയ മീനുകളും. മന്‍സൂര്‍ കാല നിരോധനം കൊണ്ട് മത്സ്യസമ്പത്ത് കൂടിയിട്ടില്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.
തീരക്കടലില്‍ അര്‍ധ വലയം സൃഷ്ടിച്ചാണ് മൊഗ്രാലിലെയും പെര്‍വാ ഡിലെയും, കൊപ്പളത്തിലെയും ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. മൊഗ്രാലിലെ ഒരു കാലത്തെ ഉപജീവന മാര്‍ഗവും, സാമ്പത്തിക സ്രോതസുമായിരുന്നു ചവിട്ടു വല. ആറോളം ഗ്രൂപുകളിലായി ആയിരത്തോളം പേര്‍ ജോലി ചെയ്തിരുന്നു. കാലക്രമേണ ഇത് ഓര്‍മയായി മാറി. ഇപ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഈ മേഖലയില്‍ ഉള്ളത്. അതേസമയം കടലില്‍ വള്ളമിറക്കി മത്സ്യബന്ധനം നടത്തുന്നവരാണ് ആരിക്കാടി കടവത്തെയും, കോയിപ്പാടി കടപ്പുറത്തെയും മത്സ്യത്തൊഴിലാളികള്‍.
അശാസ്ത്രീയമായ മത്സ്യബന്ധനം, അമിതചൂഷണം, മീന്‍ കുഞ്ഞുങ്ങളെവരെ കോരിയെടുക്കല്‍, നിരോധിത വലകളുടെ ഉപയോഗം തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് മത്സ്യസമ്പത്ത് കുറഞ്ഞ് വരാന്‍ കാരണമെന്ന് ഇവര്‍ അടിവരയിട്ടു പറയുന്നു.
Keywords: Fishermen in distress, Kasaragod, News, Family, Fishermen, Top-Headlines, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.