മീന്‍പിടുത്ത തൊഴിലാളി അപകട ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്
Jan 7, 2022, 17:21 IST
തിരുവനന്തപുരം: (www.kvartha.com 07.01.2022) മീന്‍പിടുത്ത തൊഴിലാളി അപകട ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ ഈ അദാലത്തില്‍ പങ്കെടുക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
കേരള മീന്‍പിടുത്ത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണമായും സര്‍കാര്‍ ധനസഹായത്താല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'അപകട ഗ്രൂപ് ഇന്‍ഷുറന്‍സ് പദ്ധതി'. അപകടമരണങ്ങള്‍ക്കും പൂര്‍ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം.
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്. വിവിധങ്ങളായ കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അദാലത്ത് നടത്തുവാന്‍ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
തെക്കന്‍ ജില്ലകളിലെ അര്‍ഹരായവര്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബര്‍ 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളില്‍ 89 എണ്ണവും തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളില്‍ തീര്പാക്കുവാന് നിര്‍ദേശം നല്കി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
2022 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കോഴിക്കോട് വരക്കല്‍ ബീചിനു സമീപമുള്ള സമുദ്ര കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കുന്ന വടക്കന്‍ മേഖലാ അദാലത്ത് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ അധ്യക്ഷത വഹിക്കും. അര്‍ഹരായ എല്ലാ മീന്‍പിടുത്ത തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Keywords: Fishermen's Accident Group Insurance Scheme Adalat and Benefit Distribution on 15th January, Thiruvananthapuram, News, Insurance, Minister, Fishermen, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.