Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; കോഴിക്കോട് ഒരു കുടുംബത്തിലെ 4 പേര്‍ ആശുപത്രിയില്‍
ആശുപത്രിയിലുള്ളത് കോഴിക്കോട് ചാത്തമംഗലം സ്വദേശികള്‍.
ഹോടെല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കോഴിക്കോട്: (KVARTHA) ഹോടെല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ പെണ്‍കുട്ടിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി വയനാട്ടിലേക്ക് വിനോദയാത്ര പോയ കുടുംബം ബുധനാഴ്ച വൈത്തിരിയില്‍നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ചതിനുശേഷം ആരാധ്യക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായി. അമ്പലവയലിലെ റിസോര്‍ടില്‍ എത്തിയതിന് പിന്നാലെ രാജേഷിനും ഷിംനയ്ക്കും മകനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ഇവര്‍ അമ്പലവയലിലെ ആശുപത്രിയില്‍ ചികിത്സ തേടി. മകളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.