Fraud | '17 കോടി രൂപയില്‍പ്പരം വില വരുന്ന 26 കിലോ സ്വര്‍ണവുമായി മുന്‍ ബാങ്ക് മാനേജര്‍ മുങ്ങി; പകരം വച്ചത് മുക്കുപണ്ടം'
വടകര: (KVARTHA) 17 കോടി രൂപയില്‍പ്പരം വില വരുന്ന 26 കിലോ സ്വര്‍ണവുമായി മുന്‍ ബാങ്ക് മാനേജര്‍ മുങ്ങിയതായി പരാതി. ഇത്രയും തുക വരുന്ന മുക്കുപണ്ടം പകരം വച്ചാണ് ഇയാള്‍ തിരിമറി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുന്‍ മാനേജര്‍ മേട്ടുപ്പാളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മധ ജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്.
ഇപ്പോഴത്തെ മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ റുക്സാന വില്ലയില്‍ ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 2021ല്‍ ആണ് മധ ജയകുമാര്‍ ഇവിടെ ചാര്‍ജെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പാലാരിവട്ടം ശാഖയിലേക്കു സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ ചാര്‍ജെടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വടകര ശാഖയിലെ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് മനസ്സിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറു വരെ 42 അക്കൗണ്ടുകളിലായാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
#bankfraud #goldtheft #keralanews #indiane