Found Dead | പീഡനക്കേസുകളില്‍ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഡോക്‌ടറെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ

 


കൊച്ചി: (KVARTHA) ബലാത്സംഗ കേസിൽ വ്യാജരേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയെന്ന പരാതിയെ തുടർന്ന് ജാമ്യം ഹൈകോടതി റദ്ദാക്കിയതിന് പിന്നാലെ മലയൻകീഴ് മുൻ എസ് എച്ച് ഒ എ വി സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലയിന്‍കീഴിലെ വനിതാ ഡോക്ടറുടെ പരാതിയിൽ ചൊവ്വാഴ്ച ഹൈകോടതി സൈജുവിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Found Dead | പീഡനക്കേസുകളില്‍ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഡോക്‌ടറെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ

രണ്ടു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു സൈജു. സൈജുവിനെ പൊലീസിൽ നിന്നും എന്നേത്തേക്കുമായി പിരിച്ചു വിടാൻ പൊലീസ് മേധാവിമാർ തീരുമാനിച്ചിരുന്നു. എന്നാൽ അത് ചില കേന്ദ്രങ്ങൾ അട്ടിമറിച്ചതായി ആരോപണം ഉയർന്നിരുന്നു. പൊലീസിലെ ഇടതു സംഘടനയിലെ പ്രമുഖനായിരുന്നു കേസും പ്രശ്‌നവും വരുന്നതിന് മുമ്പ് സൈജു. സ്റ്റേഷനിലെ ജനറൽ ഡയറിയിൽ തിരുത്തൽ വരുത്തി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാൻ ഒരു താൽപ്പര്യവും കാട്ടിയിരുന്നില്ലെന്നാണ് ആക്ഷേപം.


ഇതിനിടെ മറ്റൊരു പീഡനക്കേസും എത്തി. ഈ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി ആ കേസ് പിൻവലിപ്പിച്ചതായും ആരോപണമുണ്ടായിരുന്നു. എന്നാൽ മലയിൻകീഴിലെ പരാതിയിലെ ഇരയായ ഡോക്ടർ നിയമ നടപടിയുമായി മുമ്പോട്ട് പോയി. ഇതോടെയാണ് ഹൈകോടതി സൈജുവിന്റെ ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടർ ജിഡിയിൽ തിരുത്തൽ വരുത്തിയെന്നാരോപിച്ച് നൽകിയ ഹർജിയിലായിരുന്നു നടപടി. ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയറ്റിയതെന്നും മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന് വരുത്തുന്നതിനാണ് ജനറൽ ഡയറിയിൽ തിരുത്തൽ വരുത്തിയതെന്നുമായിരുന്നു പരാതി.

വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി. പരാതികളെ തുടർന്ന് എറണാകുളം കൺട്രോൾ റൂമിലേക്ക് സൈജുവിനെ മാറ്റിയിരുന്നു. ആദ്യ പീഡന പരാതിയിൽ ജാമ്യം നേടാൻ മലയിൻ കീഴ് സ്റ്റേഷനിലെ കോൺസ്റ്റബിളിന്റെ സഹായത്താൽ വ്യാജ രേഖ ചമച്ചിരുന്നുവെന്നും ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസിൽ ജാമ്യം നേടിയതെന്നുമാണ് ആക്ഷേപം. ഹൈകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് വ്യാജ രേഖകൾ ഹാജരാക്കിയാണെന്ന് ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയിൽ കഴമ്പുണ്ടെന്നും ജാമ്യം നേടാൻ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തുടർ നടപടി സ്വീകരിക്കാൻ ഡി ജി പി തിരുവനന്തപുരം റൂറൽ എസ് പി യ്ക്ക് നിർദേശം നൽകി. ഡി ജി പി യുടെ നിർദേശം വ്യക്തമാക്കുന്ന പ്രത്യേക സർക്കുലർ റുറൽ എസ് പി ഓഫീസിൽ ലഭിച്ചു.

രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു ഇത്. ഇന്നാൽ ഈ നീക്കമൊന്നും എങ്ങുമെത്തിയില്ല. പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രണ്ട് പീഡന കേസിൽ പ്രതിയാകുക അതിൽ ഒരു കേസിൽ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തിൽ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് സൂചനകളുണ്ടായിരുന്നു. മുമ്പ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.

ആ സംഭവത്തിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കൊച്ചി കൺട്രോൾ റൂം സിഐ.യായിരുന്ന സൈജു സസ്പെൻഷനിലായിരുന്നു. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനിൽ പുതിയ പീഡന പരാതിയുമെത്തി. ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ വീണ്ടും ക്രിമിനൽക്കേസുകളിൽപ്പെടുകയാണെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു.


പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറൽ പൊലീസ് ശ്രമിച്ചിട്ടില്ല. നേരത്തെ മലയിൽകീഴ് ഇൻസ്‌പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടമറിയിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പണം കടം വാങ്ങിയെന്നും വിവാഹ വാഗ്ദാനം നൽകുകയും ചെയ്‌തുവെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.

സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവിൽ പോയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതായി പറയുന്ന സുഹൃത്തിൻ്റെ ഭാര്യയയാണ് രണ്ടാമത്തെ പീഡന കേസിലെ ഇര.

Keywords: News, Malayalam News, Kerala, Police, Found Dead, Obituary, Police FIR, Former police officer who was accused in cases of assault found dead
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia