Cholera | തിരുവനന്തപുരം ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത
ഗുരുതരാവസ്ഥയില്‍ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 വയസ്സുകാരനും അസുഖം കണ്ടെത്തി
സമാന ലക്ഷണങ്ങളുമായി ആറുപേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു
തിരുവനന്തപുരം: (KVARTHA) ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോളറ (Cholera) സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ മൂന്നു പേര്‍ ഉള്‍പെടെ സംസ്ഥാനത്ത് ആകെ നാലു പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് (Health Department) അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ ഹോസ്റ്റലിലെ (Sree Karunya Mission Charitable Hostel) രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സര്‍കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
വയറിളക്കവും ഛര്‍ദിയും കാരണം അന്തേവാസികളില്‍ ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ തവരവിളയിലെ ശ്രീകാരുണ്യ മിഷന്‍ ചാരിറ്റബിള്‍ ഹോസ്റ്റല്‍ താല്‍കാലികമായി പൂട്ടിയിരുന്നു. ഭിന്നശേഷിക്കാരനായ അനു(26) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്.
പിന്നാലെ ഗുരുതരാവസ്ഥയില്‍ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 വയസ്സുകാരനും കോളറ സ്ഥിരീകരിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി മെഡികല്‍ കോളജ് ആശുപത്രിയില്‍ ആറുപേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വീണ്ടും ഇതേ ലക്ഷണങ്ങളുമായി നാലുപേരെ കൂടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ആറു മാസത്തിനിടെ ഒമ്പതുപേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
ഏഴു വര്‍ഷംമുമ്പ് 2017-ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്.
അതിനിടെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉള്‍പെടെയുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് പകര്‍ചവ്യാധികള്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം മാത്രം 225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.