Kottayam 2024 | ഫ്രാൻസിസ് ജോർജോ, ചാഴികാടനോ? കോട്ടയത്ത് കോൺഗ്രസ് കാലുവാരിയാൽ ജയം എൽഡിഎഫിന് അല്ലെങ്കിൽ യുഡിഎഫിനും!

 


_മിന്റാ മരിയ തോമസ്_

(KVARTHA) വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലം ആണ് കോട്ടയം ലോക്സഭാ മണ്ഡലം. ഇരുമുന്നണികളിലേയും രണ്ട് കേരളാ കോൺഗ്രസുകൾ ഇവിടെ നേർക്കുനേർ ഏറ്റുമുട്ടുന്നു എന്നതും പ്രത്യേകതയാണ്. യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായി കെ.ഫ്രാൻസീസ് ജോർജും എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനും ഇവിടെ മത്സരിക്കുന്നു. ഇരുസ്ഥാനാർത്ഥികളും കോട്ടയത്ത് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. രണ്ട് കേരളാ കോൺഗ്രസുകളെ സംബന്ധിച്ചും തങ്ങളുടെ പ്രസ്റ്റീജ് വിഷയം തന്നെയാണ് കോട്ടത്ത് ജയിക്കുക എന്നുള്ളത്. അതിനാൽ തന്നെ ഇവിടെ മത്സരത്തിന് വീറും വാശിയും ഏറെയാണ്.

 Kottayam 2024 | ഫ്രാൻസിസ് ജോർജോ, ചാഴികാടനോ? കോട്ടയത്ത് കോൺഗ്രസ് കാലുവാരിയാൽ ജയം എൽഡിഎഫിന് അല്ലെങ്കിൽ യുഡിഎഫിനും!

കോട്ടയം പാർലമെൻ്റ് മണ്ഡലത്തെ സംബന്ധിച്ച് പറഞ്ഞാൽ മൂവാറ്റുപുഴ പാർലമെൻ്റ് മണ്ഡലം ഇല്ലാതായി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കപ്പെട്ടപ്പോൾ മുതൽ യു.ഡി.എഫിന് വളരെ മേൽക്കൈ ഉള്ള മണ്ഡലമാണ് കോട്ടയം. ഈ പാർലമെൻ്റ് മണ്ഡലത്തിലെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രതിനിധികളാണ് ഉള്ളത്. ഏറ്റുമാനൂർ, വൈക്കം നിയോജകമണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിനൊപ്പം വന്നെങ്കിലും ഇവിടെ ഒരു വ്യത്യാസവും വരുത്താൻ സാധിച്ചില്ല എന്നതാണ് യഥാർത്ഥ വസ്തുത. മൂവാറ്റുപുഴ ഇല്ലാതായി പൂനസംഘടിപ്പിക്കപ്പെട്ട കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തുടർച്ചയായി യു.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചു വരുന്നത്.

 Kottayam 2024 | ഫ്രാൻസിസ് ജോർജോ, ചാഴികാടനോ? കോട്ടയത്ത് കോൺഗ്രസ് കാലുവാരിയാൽ ജയം എൽഡിഎഫിന് അല്ലെങ്കിൽ യുഡിഎഫിനും!

മൂവാറ്റുപുഴ ലോക്സഭ മണ്ഡലം ഇല്ലാതായപ്പോൾ കേരളാ കോൺഗ്രസ് എമ്മിന് യു.ഡി.എഫ് നൽകിയ സീറ്റ് ആണ് കോട്ടയം. ഇവിടെ നിന്നും ജോസ് കെ മാണിയും തോമസ് ചാഴികാടനും എല്ലാം യു.ഡി.എഫ് പ്രതിനിധികളായി ലോക്സഭയിൽ എത്തിയവരാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ചാഴികാടൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോട്ടയത്തു നിന്ന് മത്സരിച്ചു ജയിച്ചതാണ്. അന്ന് അദ്ദേഹം തോൽപ്പിച്ചത് ഇന്നത്തെ സംസ്ഥാന മന്ത്രി വി.കെ.വാസവനെയും. തുടർന്ന് ജോസ്.കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയപ്പോൾ ചാഴികാടനും ജോസ്.കെ. മാണിയ്ക്ക് ഒപ്പം നിൽക്കുകയായിരുന്നു. ഇക്കുറി എൽ.ഡി.എഫ് കേരള കോൺഗ്രസ് ജോസ് .കെ.മാണി വിഭാഗത്തിന് സീറ്റ് നൽകിയപ്പോൾ ചാഴികാടൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വരുകയും ചെയ്തു.

കോട്ടയം എന്നാൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി കൂടി വരുന്ന മണ്ഡലമാണ്. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ കോൺഗ്രസ് ബൂത്ത് തലം മുതൽ ശക്തമാണ്. ശരിക്കും കോൺഗ്രസിന് ഈ സീറ്റിൽ നോട്ടമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സ്ഥാനാർത്ഥി ആകുമെന്ന് വരെ കേട്ടിരുന്നു. കോൺഗ്രസിന് യാതൊരു നിവൃത്തിയും ഇല്ലാത്തതിനാലാണ് കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെപ്പോലെ അത്ര വലിയ അണികളൊന്നും ഉള്ള പാർട്ടി അല്ല യു.ഡി.എഫിൽ പി.ജെ.ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസ്. അതിൽ കുറെ നേതാക്കൾ ഉണ്ടെന്ന് മാത്രമേ ഉള്ളു.

ശരിക്കും ഇവിടെ ഫ്രാൻസിസ് ജോർജ് ജയിക്കണമെങ്കിൽ കോൺഗ്രസുകാർ കനിയണം. അവർ ഉണർന്ന് പ്രവർത്തിച്ചെങ്കിൽ മാത്രമേ ഫ്രാൻസിസ് ജോർജിന് കോട്ടയത്തു നിന്ന് ജയിക്കാൻ ആവു. ഫ്രാൻസിസ് ജോർജ് 10 വർഷം എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച് ഇടുക്കിയിൽ നിന്ന് എം.പി ആയിരുന്ന ആളാണ്. അതിനാൽ തന്നെ പലർക്കും അത്രപെട്ടെന്ന് ഫ്രാൻസിസ് ജോർജിൻ്റെ സ്ഥാനാർത്ഥിത്വം അത്ര ദഹിച്ചെന്ന് വരില്ല. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള കളിയാണ് എൽ.ഡി.എഫും ജോസ്.കെ.മാണിയും നടത്തുന്നത്. ഫ്രാൻസിസ് ജോർജിനെ സംബന്ധിച്ചു പറഞ്ഞാൽ യു.ഡി.എഫിലെ കേരളാ കോൺഗ്രസിന് കിട്ടാവുന്നതിൽ നല്ല സ്ഥാനാർത്ഥി തന്നെയാണ്. പിന്നെ കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജിൻ്റെ പുത്രൻ എന്ന പ്രതിച്ഛായയും ഉണ്ട്.

ഇതെല്ലാം വോട്ടായി മാറുമോ എന്നതാണ് കണ്ടറിയേണ്ടത്. ഫ്രാൻസിസ് ജോർജ്ജ് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ സ്വദേശിയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ പ്പെടുന്ന ഏറ്റുമാനൂർകാരനാണ്. വളരെക്കാലം ഏറ്റുമാനൂരിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു, നിലവിൽ കോട്ടയം എം.പി കൂടിയാണ് തോമസ് ചാഴികാടൻ. ഇരുവരുടെയും മത്സരം ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്രയെയുള്ളു, കോട്ടയത്ത് കോൺഗ്രസ് കാലുവാരിയാൽ ജയം എൽ.ഡി.എഫിന് അല്ലെങ്കിൽ യു.ഡി.എഫിനും. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.ഡി.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വരുമെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ ഒരു ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് കോട്ടയത്ത് തെളിയുന്നത്.


Keywords:   News, News-Malayalam-News, Kerala, Politics, Francis George, Congress, Kottayam, Thomas Chazhikadan, Francis George vs Thomas Chazhikadan in Kottayam. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia