വാട്‌സ്ആപ്പില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ കാണിച്ച് മൊബൈലിലെ ബാലന്‍സ് തട്ടുന്ന സംഘം വിലസുന്നു

 


ചെറുവത്തൂര്‍ (കാസര്‍കോട്): (www.kvartha.com 29/01/2015) വാട്‌സ്ആപ്പില്‍ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും നമ്പര്‍ കാണിച്ച് ഫോണ്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണിലെ ബാലന്‍സ് തട്ടുന്ന സംഘം വിലസുന്നു. പൂജ, മോണിക്ക, അങ്കിത, റെനി, അയേഷ, സമ്യ തുടങ്ങിയ വിവിധ പേരുകളില്‍ വ്യത്യസ്ത സ്ത്രീ പ്രൊഫൈല്‍ ഫോട്ടോ കാട്ടിയാണ് തട്ടിപ്പ് നടത്തുന്നത്.

കേരളത്തിന് പുറത്തുനിന്നുള്ള വിവിധ നമ്പറുകളില്‍നിന്ന് പലരുടേയും വാട്‌സ്ആപ്പിലേക്ക് മെസേജ് അയച്ചാണ് സംഘം തട്ടിപ്പിന് കളമൊരുക്കുന്നത്. ഈ മെസേജ് തുറന്നുനോക്കിയാല്‍ ഒരു പെണ്‍കുട്ടിയുടെ പ്രൊഫല്‍ ഫോട്ടോ വെച്ച് +22521791483 തുടങ്ങിയ നമ്പറുകള്‍ നല്‍കിയാണ് വിളിക്കാന്‍ ആവശ്യപ്പെടുന്നത്.

ഈ നമ്പറിലേക്ക് വിളിക്കുന്നവരുടെ മൊബൈലിലെ മെയിന്‍ബാലന്‍സ് ഉടനെ തന്നെ കാലിയാകും. സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോകാണുന്ന ആരും ഈ നമ്പറിലേക്ക് ഒന്ന് വിളിക്കുമെന്നതാണ് സംഘത്തിന്റെ തുരുപ്പുചീട്ട്. മൊബൈല്‍ കമ്പനി അധികൃതരോട് ഈ തട്ടിപ്പിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഈ നമ്പറുകളെ കുറിച്ച് യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ നമ്പര്‍ ക്ലിക്ക് ചെയ്യുന്നതോടെ എളുപ്പത്തില്‍ ഫോണ്‍ ഡയല്‍ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കേ വിളിക്കുന്നത് ഐ.എസ്.ഡി. നമ്പറുകളാണെന്ന കാര്യവും പലരും തിരിച്ചറിയുന്നില്ല.

ചില പോണ്‍ സൈറ്റുകളും ടെലിവിഷന്‍ ചാനലുകളും പെണ്‍കുട്ടികളുമായി സംസാരിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ നല്‍കി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരുന്നുണ്ട്. പിന്നാലെയാണ് തട്ടിപ്പ് സംഘം ഫേസ്ബുക്കിനേയും ഒടുവില്‍ വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയും കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര സംഘമാണ് ഈ വാട്‌സ്ആപ്പ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.

വിദേശ രാജ്യങ്ങളിലും മറ്റും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെങ്കിലും കേരളത്തിലെ നമ്പറുകള്‍ ഈ അടുത്താണ് തട്ടിപ്പ് സംഘം ലക്ഷ്യംവെച്ചത്. നമ്പറിലേക്ക് വിളിച്ചാല്‍ റിംഗ് ടോണ്‍ കേള്‍ക്കുകയോ ഫോണെടുക്കുകയോ ചെയ്യുന്നത് ചിലപ്പോള്‍ അറിയുകയേ ഇല്ല. ചില നമ്പറുകള്‍ പെണ്‍കുട്ടികളുടെ ശബ്ദത്തില്‍ സംസാരിക്കുകയും നീല ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുക്കുകയും ചെയ്യുന്നു. സംസാരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ വാട്‌സ് ആപ്പ് സന്ദേശം തിരിച്ചുലഭിക്കുകയുള്ളു. ഫോണ്‍ സംസാരം ദീര്‍ഘിപ്പിക്കുകയും അതുവഴി ബാലന്‍സ് ചോര്‍ത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ചില ചാനലുകള്‍ റിയാലിറ്റി ഷോയിലും മറ്റും ഇതേ സംവിധാനമാണ് ഉപയോഗിക്കുന്നത്.

ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘം ഇതിന് മുമ്പും പിടിയിലായിട്ടുണ്ട്. കാസര്‍കോട് ചെറുവത്തൂര്‍ ഭാഗത്തെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതി. നേരത്തെ ലോട്ടറി അടിച്ചതായി ഫോണില്‍ മെസേജ് അയച്ച് തട്ടിപ്പ് നടത്തിവന്ന സംഘത്തില്‍പെട്ടവര്‍തന്നെയാണ് ഇപ്പോഴെത്തെ വാട്‌സ്ആപ്പ് തട്ടിപ്പിന് പിന്നിലെന്നും സംശയമുണ്ട്. ലോട്ടറി അടിച്ചതായി നേരത്തെ മെസേജ് വന്ന ചില നമ്പറുകള്‍ തട്ടിപ്പിനായുള്ള വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചവയില്‍പെടും.

ബ്രിട്ടന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പുകളും, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും നടത്തിയ സംഘമാണ് ഇപ്പോള്‍ തട്ടിപ്പിന് പുതിയ വഴിതേടുന്നത്.
വാട്‌സ്ആപ്പില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ കാണിച്ച് മൊബൈലിലെ ബാലന്‍സ് തട്ടുന്ന സംഘം വിലസുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Whatsapp, Cheating, Mobile, Call, Phone Number, Call me, Complaint, Balance, Account, Fraudster posing as woman in Whatsapp for cheating.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia