Awareness | നിയമപരമായ പ്രശ്നങ്ങളോ? സൗജന്യ സഹായം കിട്ടും; അറിയേണ്ട കാര്യങ്ങൾ
● വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവർക്ക് സൗജന്യ നിയമ സഹായം.
● സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും സഹായം ലഭ്യം.
● മനുഷ്യക്കടത്തിന് ഇരയായവർക്കും ഈ സഹായം ലഭ്യമാണ്.
റോക്കി എറണാകുളം
(KVARTHA) ഒരുപാട് പേർക്ക് തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ എങ്ങനെ ലഭിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കാര്യമായ ധാരണയില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്. അവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളുമായി സർക്കാർ ഓഫീസുകളും മറ്റും കയറിയിറങ്ങുന്നതും വക്കീലന്മാർക്ക് ഇല്ലാത്ത പണം ഉണ്ടാക്കി കൊടുത്ത് കേസ് നടത്തുന്നതുമൊക്കെ നാം നിത്യവും കാണുന്ന കാഴ്ചകളുമാണ്. പലരുടെയും ഇക്കാര്യത്തിലുള്ള അറിവില്ലായ്മയാണ് ചൂഷണം ചെയ്യപ്പെടുന്നത്.
ഉദ്യോഗസ്ഥന്മാരും സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന നമ്മുടെ നിയമസംവിധാനങ്ങളെപ്പറ്റി കൃത്യമായ ധാരണയുള്ള മേൽത്തട്ടിലുള്ളവരും സമൂഹത്തിലെ പാവങ്ങളെ ചൂഷണം ചെയ്യുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആലംബഹീനർക്കുമൊക്കെ സൗജന്യ നിയമ സഹായം ഇവിടെ ലഭിക്കാൻ അർഹതയുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിന് ഇവിടെ സംവിധാനങ്ങളുമുണ്ട്.
സൗജന്യ നിയമസഹായം ലഭിക്കുന്നത് ആർക്കൊക്കെ?
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാതെയുള്ളവർ, സ്ത്രീകളും കുട്ടികളും, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, മനുഷ്യക്കടത്ത് / മനുഷ്യക്കച്ചവടത്തിന് ഇരയായിട്ടുള്ളവർ, ഭിന്നശേഷിക്കാർ, പ്രകൃതി ദുരന്തങ്ങൾക്കോ വ്യവസായ ദുരന്തത്തിനോ ജാതിപരമോ മറ്റോ ആയ അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളവർ, വ്യാവസായിക തൊഴിലാളികൾ, ജയിലുകളിലോ ബാലനീതി മന്ദിരത്തിലോ സംരക്ഷണ മന്ദിരത്തിലോ മാനസികാ രോഗ്യ കേന്ദ്രത്തിലോ കസ്റ്റഡിയിലുള്ളവർ എന്നിവർക്ക് സൗജന്യ നിയമസഹായം ലഭിക്കും.
എങ്ങനെയാണ് ലഭിക്കുന്നത്?
നിയമസഹായം ആവശ്യമുള്ളവർ ജില്ലാ നിയമ സേവന അതോറിറ്റി, താലൂക്ക് നിയമ സേവന കമ്മിറ്റി, നിയമ സഹായ ക്ലിനിക് എന്നിവയെ സമീപിക്കണം. കൂടാതെ സംസ്ഥാന നിയമന സേവന അതോറിറ്റിയുടെ സങ്കേതം നിയമ സഹായ ക്ലിനിക്കിനെയോ ജില്ലയിലെ ലീഗ് എയ്ഡ് ഡിഫൻസ് കൗൺസെൽ സിസ്റ്റത്തെയോ സമീപിക്കാം. ഹെൽപ് ലൈൻ: 98467 00100,15100.
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മറ്റ് ആലംബഹീനരും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ, മുകളിൽ സൂചിപ്പിച്ച സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കരുത്. ഈ ലേഖനം കൂടുതൽ പേരിലേക്ക് എത്തിക്കുക വഴി, അവരെ സഹായിക്കാനും ചൂഷണത്തിൽ നിന്ന് രക്ഷിക്കാനും സാധിക്കും.
#LegalAid #FreeLegalServices #Kerala #SocialWelfare #HumanRights #KnowYourRights