Celebration | അത്തം മുതല്‍ തിരുവോണം വരെ: ഓണാഘോഷത്തെ കുറിച്ച് അറിയേണ്ടതെല്ലാം
കൊച്ചി: (KVARTHA) ഓണം നമ്മുടെ ദേശീയോത്സവമാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ മികച്ചതാണ് ഓണം. ഈ ഉത്സവത്തിന് പിന്നില്‍ നിരവധി ചരിത്രം ഉണ്ട്. അതേകുറിച്ച് എല്ലാവര്‍ക്കും അറിഞ്ഞിരിക്കണം എന്നുമില്ല.
10 ദിവസത്തെ ആഘോഷത്തില്‍ ഓരോന്നിനും അതിന്റേതായ പേരും പ്രാധാന്യവും ഉണ്ട്. അവയെ കുറിച്ച് അറിയാം.
അത്തം:
ഓണത്തിന്റെ പ്രധാനപ്പെട്ട ആഘോഷം ആരംഭിക്കുന്നത് അത്തം ദിനത്തിലാണ്. ഈ ദിനത്തിലാണ് മുറ്റത്ത് പൂക്കളമിടുന്നത്. ആദ്യ ദിനത്തില്‍ മഞ്ഞപ്പൂക്കള്‍ കൊണ്ട് വീട്ടുമുറ്റത്ത് പൂക്കളം തീര്‍ത്താണ് ഈ ദിവസത്തിന് തുടക്കം കുറിക്കുന്നത്. ഓണത്തിന് മുന്നോടിയായി വീടെല്ലാം അടിച്ച് തളിച്ച് വൃത്തിയാക്കുകയും വീടിന്റെ ഓരോ മുക്കും മൂലയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു.
ചിത്തിര:
ഓണാഘോഷത്തിന്റെ രണ്ടാം ദിവസമായ ചിത്തിര ദിനത്തില്‍ വീട് മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഈ ദിവസമാണ് ഓണം എത്തി എന്ന് നമുക്ക് തോന്നുന്നത്. കാരണം വിരുന്നിനും ഓണമാഘോഷിക്കുന്നതിനും വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ഈ ദിവസം വീട്ടിലേക്ക് എത്തുന്നു. ചിത്തിര ദിവസം രണ്ട് നിരയിലാണ് പൂക്കളമിടുന്നത്.
ചോതി:
ഓണത്തിന്റെ മൂന്നാം ദിനമായ ചോതി ദിനത്തില്‍ പൂക്കളം മൂന്ന് നിരയാവുന്നു. ഈ ദിനത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ഓണക്കോടിയെന്ന ആചാരത്തിന് തുടക്കം കുറിക്കുന്ന ദിവസമാണ് ഇത്. ഈ ദിവസം ഓണക്കോടി എടുക്കുന്നതിന് വേണ്ടി എല്ലാവരും കുടുംബത്തോടൊപ്പം പുറത്തേക്ക് പോവുന്നു. കുടുംബത്തിലെ കാരണവരാണ് പണ്ടുകാലങ്ങളില്‍ ഓണക്കോടി സമ്മാനിക്കാറുള്ളത്. ഇന്ന് കൂട്ടുകുടുംബമൊക്കെ ഇല്ലാതായി കഴിഞ്ഞു. ഓരോ വീട്ടിലും ഗൃഹനാഥന്‍ ഓണക്കോടി മറ്റുള്ളവര്‍ക്ക് നല്‍കുന്നു.
വിശാഖം:
ഓണത്തിന്റെ നാലാം ദിവസമായ വിശാഖത്തിലാണ് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നത്. ഓണസദ്യ ഒരുക്കുന്ന ദിനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഓണത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ നിരവധി കളികളും മറ്റും ആരംഭിക്കുന്നതും ഈ ദിവസമാണ്.
അനിഴം:
അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളം കളിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ടയിലെ പമ്പ നദിയുടെ തീരത്തുള്ള ആറന്മുള എന്ന ചെറുപട്ടണത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഐശ്വര്യത്തിന്റെ ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഓണത്തിന്റെ പത്ത് ദിവസങ്ങള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ടതായും ഇതിനെ കണക്കാക്കുന്നു.
തൃക്കേട്ട:
സ്‌കൂളുകള്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനാല്‍ ഉത്സവത്തിന്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതിനാല്‍ ആറാം ദിവസം കുട്ടികള്‍ക്ക് വളരെ സന്തോഷകരമാണ്. പൂക്കളത്തിന്റെ വലിപ്പം ഈ ദിനത്തില്‍ കൂടി വരുന്നുണ്ട്.
മൂലം:
മൂലം നക്ഷത്രത്തില്‍ വീടുകളില്‍ സദ്യക്ക് തുടക്കം കുറിക്കുന്നു. പല സ്ഥലങ്ങളിലും ഓണസദ്യയുടെ ആരംഭവും നൃത്ത പരിപാടികളും കളികളും എല്ലാം ആരംഭിക്കുന്നത് ഈ ദിവസത്തിലാണ്. ഇതോടൊപ്പം ഓണപ്പൂവിളികളും ഓണപ്പൂക്കളത്തിന്റെ വലിപ്പവും വര്‍ധിക്കുന്നു.
പൂരാടം:
ഓണം ആഘോഷത്തിന്റെ എട്ടാം ദിവസമാണ് പൂരാടം നക്ഷത്രത്തില്‍ വരുന്നത്. ഈ ദിനത്തിലാണ് മാതേവരെ സ്ഥാപിക്കുന്നത്. അതിന് വേണ്ടി മണ്ണു കൊണ്ട് മാവേലിയേയും വാമനനേയും ഉണ്ടാക്കി പ്രത്യേകം പൂജ നടത്തുന്നു. ഈ ദിനത്തില്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കുന്നുണ്ട്. പല വിധത്തില്‍ ഐശ്വര്യം നിറക്കുന്ന ഒന്നാണ് ഈ ദിവസത്തിലെ ആഘോഷങ്ങള്‍.
ഉത്രാടം:
ഒന്നാം ഓണം എന്നാണ് ഉത്രാട ദിവസം അറിയപ്പെടുന്നത്. ഒന്‍പതാം ദിവസമായ ഉത്രാട ദിനത്തില്‍ മഹാബലി പ്രജകളെ കാണുന്നതിന് വേണ്ടി എത്തും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. അവസാന വട്ടത്തെ ഒരുക്കങ്ങള്‍ക്കായി ആളുകള്‍ പച്ചക്കറികള്‍ വാങ്ങാനും സദ്യ പാകം ചെയ്യാനും തുടങ്ങുന്നു. ഈ ദിവത്തെ ഉത്രാടപ്പാച്ചില്‍ എന്നാണ് അറിയപ്പെടുന്നത്. ഓണത്തിന്റെ ആദ്യ ദിനമായാണ് ഇതിനെ കണക്കാക്കുന്നത്.
തിരുവോണം:
തിരുവോണം ദിനത്തില്‍ ആണ് ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷം. ഇതുവരെ നടത്തിയ എല്ലാ തയ്യാറെടുപ്പുകള്‍ക്കും പത്താം ദിവസം ഫലം നല്‍കുന്നുണ്ട്. ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നു. ഈ ദിനത്തില്‍ മുറ്റത്ത് വലിയ പൂക്കളം ഇട്ട് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. എല്ലാ വീടുകളിലും തിരുവോണ സദ്യ തയ്യാറാക്കുകയും ഓണക്കോടി അണിയുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ പ്രത്യേകം ഓണക്കളികളും മറ്റും സംഘടിപ്പിക്കാറുണ്ട്.
#OnamCelebration, #KeralaFestivals, #Pookkalam, #Thiruvonam, #MalayaliTraditions, #Onam2024