Evolution | തിരുനക്കരയിലെ യേശുദാസ് ഗാനമേള മുതൽ റിമി ടോമിയുടെ 'ആഭ്യന്തര വകുപ്പിനെ വിറപ്പിക്കുന്ന' സംഗീത രാവ് വരെ; ഉത്സവങ്ങളിലെ ഗാനമേളകളുടെ പരിണാമം


● കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം ഹൈക്കോടതിയിൽ വിമർശനങ്ങൾക്കിടയാക്കി.
● ഉത്സവങ്ങളിലെ ഗാനമേളകളുടെ സ്വഭാവത്തിലും ഉള്ളടക്കത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് ശാരദക്കുട്ടി ചിന്തിക്കുന്നു.
● ഉത്സവങ്ങൾ മതപരമായ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു കാർണിവൽ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ്.
● ഭജനയും തിരുവാതിരയും ഓട്ടൻ തുള്ളലും പോലെ തന്നെ പ്രധാനമാണ് ഗാനമേളകളും.
കോട്ടയം: (KVARTHA) തിരുനക്കര ക്ഷേത്രോത്സവ വേദിയിലെ ഗാനഗന്ധർവ്വന്റെ സംഗീത സാന്ദ്രമായ രാവുകൾ മുതൽ റിമി ടോമിയുടെ 'ആഭ്യന്തര വകുപ്പിനെ വിറപ്പിക്കുന്ന' സംഗീത വിരുന്നുകൾ വരെ, ഉത്സവങ്ങളിലെ ഗാനമേളകൾ എങ്ങനെ പരിണമിച്ചു എന്ന് ഓർത്തെടുക്കുകയാണ് പ്രമുഖ എഴുത്തുകാരി എസ്. ശാരദക്കുട്ടി.
തിരുനക്കര ക്ഷേത്രോത്സവത്തിനിടയിലാണ് എസ്. ശാരദക്കുട്ടി ആദ്യമായി യേശുദാസിൻ്റെ ഗാനമേള കേൾക്കുന്നത്. 'ഇടയ കന്യകേ പോവുക നീ' എന്ന ഗാനത്തിൽ തുടങ്ങി ജനങ്ങളുടെ ആവശ്യപ്രകാരം വിവിധ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിരുന്നു. ഗുരുവായൂരമ്പല നടയിൽ, ഓമലാളെ കണ്ടൂ ഞാൻ, മനക്കലെ തത്തേ മറക്കുടത്തത്തേ, റസൂലേ നിൻ കനവാലെ, ശബരിമലയിൽ തങ്ക സൂര്യോദയം, സഖാക്കളേ മുന്നോട്ട്, മാറ്റുവിൻ ചട്ടങ്ങളെ, കുട്ടനാടൻ പുഞ്ചയിലെ, മുത്തിയമ്മ പ്രിൻസിപ്പാള് രാജി വെക്കണം തുടങ്ങിയ ഗാനങ്ങൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒടുവിൽ, പരിപ്പ് വടാ പക്കുവടാ, മരുന്നോ നല്ല മരുന്ന്, സുറുമാ നല്ല സുറുമാ, എന്നടീ റക്കമ്മ തുടങ്ങിയ ഗാനങ്ങളിലൂടെ ജനങ്ങളെ ഇളക്കി മറിച്ച് കോട്ടയം ക്ഷേത്രമൈതാനം അക്ഷരാർത്ഥത്തിൽ ജനസമുദ്രമാക്കുന്ന ആ സംഗീത വിരുന്ന് ശാരദക്കുട്ടി ഓർത്തെടുക്കുന്നു.
തുടർന്ന് റാണിചന്ദ്ര, വിജയശ്രീ, ജയഭാരതി, കനകദുർഗ്ഗ, ഉണ്ണിമേരി തുടങ്ങിയവരുടെ നൃത്തവും, ഫാസിൽ & വേണുവിൻ്റെ മിമിക്രിയും, സാംബശിവൻ്റെ കഥാപ്രസംഗവും ഉത്സവങ്ങളുടെ ഭാഗമായിരുന്നു. നാലഞ്ചു വർഷം മുൻപ് റിമി ടോമി ഗാനമേളയ്ക്ക് വന്നപ്പോഴാണ് യേശുദാസിൻ്റെ ഗാനമേളയ്ക്ക് ശേഷം അത്രയും വലിയ ജനക്കൂട്ടത്തെ കണ്ടതെന്ന് എസ്. ശാരദക്കുട്ടി പറയുന്നു. റിമി ടോമിയുടെ കാലമായപ്പോഴേക്കും ഗാനമേളകൾ വലിയൊരു ദൃശ്യവിരുന്നു കൂടിയായി മാറിയിരുന്നു. റിമി ടോമിയുമായുള്ള അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്ണൻ തമാശയായി പറഞ്ഞ 'ആഭ്യന്തര വകുപ്പിനെ വിറപ്പിക്കുന്ന ഗാനമേളയല്ലേ നിങ്ങളുടേത്' എന്ന വാചകവും ശാരദക്കുട്ടി ഓർത്തെടുക്കുന്നു.
അലോഷിയുടെ ഗാനമേളകൾ വീണ്ടും മാറ്റങ്ങൾ കൊണ്ടുവന്നു. സോഫ്റ്റ് മെലഡികൾ പോലും ജനങ്ങളെ ഒന്നടങ്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷമാക്കി മാറ്റാൻ അലോഷിക്കു കഴിഞ്ഞു. ഉത്സവങ്ങളിലെ ആഘോഷങ്ങളും തിമിർപ്പും ബഹളവും കൂടിയാണ് ഉത്സവങ്ങളുടെ ഉത്സവാത്മകത. ഉത്സവങ്ങൾ മതപരമായ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു കാർണിവൽ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ്. ഭജനയും തിരുവാതിരയും ഓട്ടൻ തുള്ളലും പോലെ തന്നെ പ്രധാനമാണ് ജനകീയ കലകളായ നാടകവും സിനിമയും ഗാനമേളകളും എന്ന് എസ്. ശാരദക്കുട്ടി കൂട്ടിച്ചേർക്കുന്നു.
കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഗാനമേളയിൽ വിപ്ലവഗാനം ആലപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ പോസ്റ്റ്. വിഷയത്തിൽ ഇടപെട്ട ഹൈകോടതി, ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് ചോദിച്ചു. വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സംഗീത പരിപാടിയ്ക്കിടെയായിരുന്നു വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. വിപ്ലവഗാനം ഉത്സവ ചടങ്ങിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്ന് കാണിച്ച് അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജി നൽകിയത്. കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കല്‍ ദേവീക്ഷേത്രം ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉത്സവങ്ങളിലെ ഗാനമേളകളുടെ സ്വഭാവത്തിലും, അതിൻ്റെ ഉള്ളടക്കത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.
എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
ഞാൻ യേശുദാസിൻ്റെ ഗാനമേള ആദ്യമായി കേട്ടത് തിരുനക്കര ക്ഷേത്രോത്സവത്തിനിടയിലാണ്. പിന്നീട് പല തവണ യേശുദാസ് തിരുനക്കരയിൽ ഗാനമേളക്കു വന്നിട്ടുണ്ട്.
ഇടയ കന്യകേ പോവുക നീ ഈയനന്തമാം ജീവിത വീഥിയിൽ ഇടറാതെ കാലിടറാതെ എന്ന ഗാനത്തിൽ തുടങ്ങുന്ന ഗാനമേളക്കിടയിൽ പലതരം ഗാനങ്ങൾ ജനങ്ങളുടെ ആവശ്യപ്രകാരം അദ്ദേഹം പാടുമായിരുന്നു അതിൽ ഗുരുവായൂരമ്പല നടയിലുണ്ടാകും. ഓമലാളെ കണ്ടൂ ഞാൻ ഉണ്ടാകും. മനക്കലെ തത്തേ മറക്കുടത്തത്തേ ഉണ്ടാകും. റസൂലേ നിൻ കനവാലെ ഉണ്ടാകും. ശബരിമലയിൽ തങ്ക സൂര്യോദയം ഉണ്ടാകും.സഖാക്കളേ മുന്നോട്ട് ഉണ്ടാകും മാറ്റുവിൻ ചട്ടങ്ങളെ ഉണ്ടാകും. കുട്ടനാടൻ പുഞ്ചയിലെ ഉണ്ടാകും.. മുത്തിയമ്മ പ്രിൻസിപ്പാള് രാജി വെക്കണം ഉണ്ടാകും.
ഒടുവിൽ ആളുകളെ എല്ലാം ഇളക്കി മറിച്ച് പരിപ്പു വടാ പക്കുവടാ, മരുന്നോ നല്ല മരുന്ന്, സുറുമാ നല്ല സുറുമാ, എന്നടീ റക്കമ്മ - തുടങ്ങിയവയിലേതെങ്കിലുമുണ്ടാകും. കോട്ടയം ക്ഷേത്രമൈതാനം അക്ഷരാർഥത്തിൽ ഇളകി മറിയുന്ന ജനസമുദ്രമാകും.
തുടർന്ന് റാണിചന്ദ്ര,വിജയശ്രീ, ജയഭാരതി, കനകദുർഗ്ഗ, ഉണ്ണിമേരി ഇവരുടെ ആരുടെയെങ്കിലും നൃത്തമുണ്ടാകും. ഫാസിൽ & വേണു വിൻ്റെ മിമിക്രി ഉണ്ടാകും. ലോക പ്രശസ്ത കൃതികളെ ആധാരമാക്കിയുള്ള, സാംബശിവൻ്റെ കഥാപ്രസംഗമുണ്ടാകും.
നാലഞ്ചു കൊല്ലം മുൻപ് റിമിടോമി ഗാനമേളക്ക് വന്നപ്പോളാണ് യേശുദാസിൻ്റെ ഗാനമേളക്കു ശേഷം അതു പോലൊരാൾക്കൂട്ടം പിന്നീട് കണ്ടത്. ഇളകി മറിയുന്ന ആൾക്കടൽ.
റിമിടോമിയുടെ കാലമായപ്പോഴേക്ക് ഗാനമേളയിൽ വലിയ മാറ്റങ്ങൾ വന്നു. ഗാനമേളകൾ വലിയ ഒരു ദൃശ്യവിരുന്നു കൂടിയായി മാറി. കോടിയേരി ബാലകൃഷ്ണൻ ഒരിക്കൽ റിമിടോമിയുമായുള്ള അഭിമുഖത്തിൽ തമാശയായി പറയുകയുണ്ടായി, 'ആഭ്യന്തരവകുപ്പിനെ വിറപ്പിക്കുന്ന ഗാനമേളയല്ലേ നിങ്ങളുടേത് 'എന്ന് . ഭക്തിഗാനമേള ആയിരുന്നില്ല അത്.
അലോഷിയുടെ ഗാനമേളകൾ വീണ്ടും മാറ്റങ്ങൾ കൊണ്ടുവന്നു. സോഫ്റ്റ് മെലഡികൾ പോലും ജനങ്ങളെ ഒന്നടങ്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഘോഷമാക്കി മാറ്റാൻ അലോഷിക്കു കഴിയുന്നു.
ഉത്സവങ്ങളുടെ ഉത്സവാത്മകത അതിലെ ആഘോഷങ്ങളും തിമിർപ്പും ബഹളവും കൂടിയാണ്. ഉത്സവങ്ങളെന്നാൽ മതകീയമായ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു കാർണിവൽ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ്. അതിനെ ബലി കൊടുത്താൽ നഷ്ടമാവുക സാമൂഹികജീവിതത്തിലെ ഒത്തൊരുമയുടെ ആഹ്ലാദങ്ങളാണ്. ഭജനയും തിരുവാതിരയും ഓട്ടൻ തുള്ളലും പോലെ തന്നെ പ്രധാനമാണ് ജനകീയ കലകളായ നാടകവും സിനിമയും ഗാനമേളകളും.
-എസ്. ശാരദക്കുട്ടി
Writer S. Saradakutty reflects on the evolution of ganamelas (musical concerts) at Kerala festivals, from the melodious nights of Yesudas at Thirunakkara temple to the energetic performances of Rimi Tomy and the engaging shows by Aloysius. She notes the shift towards visual spectacles and broader audience participation, highlighting the festive atmosphere and the cultural significance of these popular art forms alongside traditional rituals. Her reflection comes in the context of a recent controversy at Kadakkal Devi Temple where the singing of a revolutionary song led to a High Court intervention, questioning the nature of ganamelas in temples.
#KeralaFestivals #Ganamela #Yesudas #RimiTomy #Aloysius #CulturalEvolution