Crime | തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവിനെ കയ്യോടെ പൊക്കി പൊലീസ്
● ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്.
● കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടല്‍.
● ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണെന്ന് പൊലീസ്.
പത്തനംതിട്ട: (KVARTHA) തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ച് 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മോഷ്ടാവിനെ കയ്യോടെ പൊക്കി പൊലീസ്. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പാണ്ടി ചന്ദ്രന്‍ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (Chandran-52) പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ 4 മോഷണക്കേസുകള്‍ നിലവിലുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തമിഴ്‌നാട്ടിലെ തൃച്ചിയില്‍ പറങ്കിമാവിന്‍തോട്ടത്തില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ച് പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. മലയാലപ്പുഴ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥലം വിറ്റ് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
അറസ്റ്റ് വാറന്റ് വന്നതോടെ മോഹനന്‍ നായര്‍ക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ തൃച്ചിയില്‍ പറങ്കിമാവ് തോട്ടത്തില്‍ ചന്ദ്രന്‍ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാള്‍ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തിയത്.
ഇതിനിടെ, ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനായ ഒരാള്‍ ശബരിമലയിലെ കടയില്‍ പണിയെടുക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു. ഇയാളുടെ മകന്‍ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി.
ബുധനാഴ്ച രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രന്‍ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്‌ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിയില്‍ നിന്നും പുലര്‍ച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു.
ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രന്‍. ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലികളില്‍ മിടുക്കുള്ള ഇയാള്‍ ശബരിമല സീസണുകളില്‍ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും. അക്രമാസക്തനായ പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. ചോദ്യം ചെയ്യലില്‍ വര്‍ഷങ്ങള്‍ നീണ്ട ഒളിവുജീവിതം മോഷ്ടാവ് വെളിപ്പെടുത്തി. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന്‍ കുടുങ്ങിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#arrest #fugitive #theft #Kerala #police #investigation