ജി. കാര്‍ത്തികേയന്‍ തന്നെ പ്രസിഡന്റ്; ഷാനിമോളുടെ പേരും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു?

 


തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ പിന്‍ഗാമിയായി കെപിസിസി പ്രസിഡന്റാകുന്നത് ജി. കാര്‍ത്തികേയന്‍ തന്നെ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അവസാനവട്ട പരിഗണനയില്‍ മറ്റു പേരുകളൊന്നുമില്ലെന്നാണു വ്യക്തമായ സൂചന. എന്നാല്‍ കാര്‍ത്തികേയനു പകരം സ്പീക്കര്‍ സ്ഥാനത്തേക്ക് ആര് എന്ന കാര്യത്തില്‍ അവ്യക്തതയാണു ബാക്കി. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനാണ് ഇക്കാര്യത്തില്‍ മുന്‍തൂക്കം.

വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.ഡി. സതീശന്‍ തുടങ്ങിയ പത്തോളം പേരുകള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പരിഗണനയ്ക്കു വന്നെങ്കിലും തര്‍ക്കരഹിതമായി അംഗീകരിക്കാന്‍ കഴിയുന്ന പേര് കാര്‍ത്തികേയന്റേതാണ് എന്നു വന്നു. സുധീരന്‍ പ്രസിഡന്റായാല്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ മുന്നോട്ടുപോകുമോ എന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണു വിവരം.

സുധീരന്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന ഇപ്പോഴത്തെ രീതി തുടരുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിക്ക്. മുല്ലപ്പള്ളിയാകട്ടെ സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പ്രിയപ്പെട്ടവനല്ല. ഗ്രൂപ്പുകള്‍ക്ക് അതീതനാണ് എന്നതും എ.കെ. ആന്റണിയുമായും ഹൈക്കമാന്‍ഡുമായും മാത്രമാണ് വിധേയത്വം എന്നതുമാണ് കാരണം. സതീശന്‍ ഈ നേതാക്കളെക്കാള്‍ ജൂനിയറാണ്.

ഇതിനൊക്കെ പുറമേ, നായരായ രമേശ് ഒഴിഞ്ഞ കെപിസിസി പ്രസിഡന്റ് സ്ഥാനം മറ്റൊരു നായര്‍ക്കുതന്നെ കൊടുത്തില്ലെങ്കില്‍ അത് എന്‍എസ്എസിനെ പ്രകോപിപ്പിക്കും എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ അതിനു മുതിരേണ്ടെന്ന നിലപാടും കാര്‍ത്തികേയന് അനുകൂലമായി.

അതേസമയം,സംസ്ഥാന കോണ്‍ഗ്രസിന് ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടായാല്‍ എന്താണെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി മറ്റു നേതാക്കളുമായി സംസാരിച്ചതായി സൂചനയുണ്ട്. മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്്മാന്റെ പേരാണ് അദ്ദേഹം സൂചിപ്പിച്ചത്. മുസ്ലിം വനിത കെപിസിസി പ്രസിഡന്റാകുന്നത് രാജ്യവ്യാപകമായിത്തന്നെ ചര്‍ച്ചയാകുമെന്നും അത് തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നുമാണ് രാഹുലിന്റെ അഭിപ്രായമത്രേ. എഐസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷവും രാഹുല്‍ ടീമിന്റെ ഭാഗമായ ഷാനിമോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റിലെ സ്ഥാനാര്‍ത്ഥിയായിരിക്കും എന്ന സൂചന നിലനില്‍ക്കെയാണ് രാഹുല്‍തന്നെ അവരുടെ പേര് കെപിസിസി പ്രസിഡന്റ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

ജി. കാര്‍ത്തികേയന്‍ തന്നെ പ്രസിഡന്റ്; ഷാനിമോളുടെ പേരും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു?എന്നാല്‍ സമവായമില്ലാതെ ഏകപക്ഷീയമായി ആരെയും അടിച്ചേല്‍പ്പിക്കാന്‍ രാഹുല്‍ ഉദ്ദേശിക്കുന്നില്ല. കാര്‍ത്തികേയന്‍ പഴയ ഐ ഗ്രൂപ്പും പിന്നീട് മൂന്നാം ഗ്രൂപ്പും മറ്റുമായിരുന്നെങ്കിലും പാര്‍ട്ടിക്കും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും കുഴപ്പമുണ്ടാകുന്ന തരത്തില്‍ ഗ്രൂപ്പു കളിക്കുന്ന ആളല്ല. മാത്രമല്ല, പരസ്യവിമര്‍ശനത്തില്‍ നിന്നു കുറേക്കാലമായി മാറി നില്‍ക്കുകയുമാണ്. സ്പീക്കറാകുന്നതിനു മുമ്പേതന്നെ ഇതാണ് സ്ഥിതി. മുഖ്യമന്ത്രിക്ക് അദ്ദേഹം പ്രസിഡന്റാകുന്നതിനോടുള്ള പ്രധാന കാരണവും അതുതന്നെ.

കെ. കരുണാകരന്റെ അടുത്തയാളായിരിക്കെ രമേശുമായി ചേര്‍ന്ന് തിരുത്തല്‍വാദ മുദ്രാവാക്യമുയര്‍ത്തി കരുണാകര വിരുദ്ധനായി മാറിയ കാര്‍ത്തികേയന്‍ രണ്ടുതവണ മന്ത്രിയായിരുന്നു. വൈദ്യുതി, സിവില്‍ സപ്ലൈസ് വകുപ്പുകളും സാസ്‌കാരിക വകുപ്പും ഭരിച്ച അദ്ദേഹം ലാവ്്‌ലിന്‍ കേസില്‍ പ്രതിയാക്കപ്പെടുമെന്ന സൂചനകള്‍ ഇടക്കാലത്തുണ്ടായി. സിബിഐ ചോദ്യം ചെയ്തിരുന്നു.

കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാകുന്നതിനു പകരം ശക്തനെ സ്പീക്കര്‍ ആക്കുന്നതോടെ നാടാര്‍ സമുദായത്തിന്റെ ഭാഗത്തു നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള അമര്‍ഷം മറികടക്കാനും സാധിക്കും. ശക്തനു പകരം ടി.എന്‍. പ്രതാപന്‍ ഡെപ്യൂട്ടി സ്പീക്കറായേക്കും.

സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ താല്ക്കാലിക പ്രസിഡന്റാകുമെന്ന സൂചനകളും ഇടക്ക് ഉണ്ടായെങ്കിലും അദ്ദേഹത്തെ കുറച്ചു കാലത്തേക്കോ കുറച്ചു ദിവസത്തേക്കോ മാത്രം പ്രസിഡന്റാക്കുന്നതിനോട് എ.കെ. ആന്റണി യോജിച്ചില്ല. ഹസനെ സ്ഥിരം പ്രസിഡന്റാക്കാന്‍ ഐ ഗ്രൂപ്പിനു താല്പര്യവുമില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  KPCC, President, G. Karthikeyan, Rahul Gandhi, Congress, V.M Sudheeran, Mullappalli Ramachandran, Shanimole Usman, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia