267 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവും 2 ലക്ഷം പിഴയും

 


തൊടുപുഴ: (www.kvartha.com 10.08.2015) 267 കിലോ കഞ്ചാവുമായി കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും പിടിയിലായ കേസില്‍ രണ്ടു പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടും ലക്ഷം രൂപ പിഴയും ശിക്ഷ. രണ്ടാം പ്രതി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ പൂന്തുറയില്‍ ബേസില്‍ (28) ന് പത്തുകൊല്ലം കഠിന തടവും ഒരുലക്ഷം രൂപ പിഴയും മൂന്നാം പ്രതി തമിഴ്‌നാട് തേനി ജില്ലയില്‍ തേനി താലൂക്കില്‍ കോട്ടപ്പട്ടി നട്ടത്തെരുവില്‍ സുബ്രഹ്മണിക്ക് രണ്ടു വകുപ്പുകളിലായി പത്തുകൊല്ലം വീതം ഇരുപത് കൊല്ലം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു കൊല്ലം കൂടി കഠിന തടവ് അനുഭവിക്കണം. എട്ടു പ്രതികളുളള കേസില്‍ അഞ്ച് പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി വിചാരണക്കിടെ ഒളിവില്‍ പോയി.
267 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവും 2 ലക്ഷം പിഴയും

2011 മെയ് 17 രാത്രി എട്ടര മണിക്ക് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടാറ്റാ മിനി ലോറിയുടെ ക്യാബിനു പുറകില്‍ ആറുപേര്‍ക്ക് കയറി ഒളിക്കാവുന്ന തരത്തില്‍ പ്രത്യേക അറ തയ്യാറാക്കി 165 പൊതികളിലായി കടത്താന്‍ ശ്രമിച്ച 267 കിലോ കഞ്ചാവാണ് വാഹന പരിശോധനയില്‍ സംശയം തോന്നിയ കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെര്‍സനും സംഘവും പിടിച്ചെടുത്തത്. വാഹനത്തിലെ യാത്രക്കാരായിരുന്ന മൂന്നു പേരെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ് അന്വേഷിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്നീട് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. നാലുമുതല്‍ എട്ടു വരെ പ്രതികളായ കൊന്നത്തടി പറത്താഴത്ത് അനില്‍കുമാര്‍, പാറത്തോട് തടത്തില്‍ രാജേഷ്, പണിക്കന്‍കുടി വടക്കേപുത്തന്‍പുരയ്ക്കല്‍ സാബുകുമാര്‍, കൊന്നത്തടി കല്ലേപുളിക്കല്‍ പവിത്രന്‍, കൊന്നത്തടി കുഴവേലില്‍ പ്രിന്‍സ് എന്നിവരെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചു. ഒന്നാം പ്രതി തമിഴ്‌നാട് തേനി ജില്ലയില്‍ കമ്പം അംബേദ്കര്‍ കോളനിയില്‍ ശുരുളിവേല്‍ വിസ്താരമദ്ധ്യേ ഒളിവില്‍ പോയി

കേസ് വിസ്താരത്തില്‍ വാഹനത്തിന്റെ അറയില്‍ 267 കിലോ കഞ്ചാവ് കയറില്ല എന്ന പ്രതികളുടെ തര്‍ക്കം പ്രത്യേകം കമ്മീഷനെ വെച്ച് തെളിവെടുത്താണ് കോടതി തീര്‍പ്പാക്കിയത്. വളരെ വിദഗ്ധമായ രീതിയില്‍ നിര്‍മ്മിച്ച അറ കമ്മീഷന്‍ കണ്ട് ബോദ്ധ്യപ്പെട്ട് കോടതിയെ അറിയിക്കുകയായിരുന്നു. ഇടുക്കി എക്‌സൈസ് അസി കമ്മീഷണര്‍ എം.ജെ.ജോസഫ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ചെയത് കേസില്‍ 26 സാക്ഷികളും മുപ്പത്തിയാറോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Keywords : Kerala, Idukki, Thodupuzha, Case, Accused, Court, Jail, Imprisonment. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia