'സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി കുറ്റിക്കാട്ടില്‍ ഒളിച്ച' പെണ്‍കുട്ടിയെ കാണാനില്ല; നാട്ടുകാരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് തിരച്ചില്‍ തുടരുന്നു
Dec 18, 2021, 10:06 IST
കോട്ടയം: (www.kvartha.com 18.12.2021) കറുകച്ചാലില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാനില്ല. പൂണിക്കാവ് സ്വദേശിനിയായ 17 കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയശേഷം രാത്രി വീടുവിട്ടിറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
രാത്രി 7.30ന് ആനക്കല്ല് ഭാഗത്തുനിന്ന് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുവരുന്നതുകണ്ട് നാട്ടുകാര്‍ 'എവിടെപ്പോകുന്നു' എന്നു ചോദിച്ചതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്ക് ചാടി ഓടിമറഞ്ഞു. ഇതുകണ്ട നാട്ടുകാര്‍ വിവരം പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ചു. അപ്പോഴാണ് 17 കാരി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് മനസിലായത്.
പെണ്‍കുട്ടി ഒളിച്ച സ്ഥലത്ത് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും ഭീതിയിലായി. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയിലും പൊലീസിലും വിവരമറിയിച്ചു. ഇവരെത്തി പരിശോധന തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പൊലീസും അഗ്‌നരക്ഷാ സേനയും പെണ്‍കുട്ടി ഒളിച്ച സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക ദുര്‍ഘടമാണ്. തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യതയും കൂടുതലാണ്.
അതേസമയം, പെണ്‍കുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ വീട്ടുകാര്‍ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചില്‍ തുടരുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.