മദ്യം കുടിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മൊഴി; ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ കേസെടുത്തു; യാത്രയില്‍ സര്‍വത്ര ദുരൂഹത
Jan 29, 2022, 11:09 IST
കോഴിക്കോട്: (www.kvartha.com 29.01.2022) ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍, പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
കുട്ടികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മദ്യം കുടിപ്പിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടികള്‍ക്ക് പണം കൊടുത്തത് എടക്കര സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ എങ്ങനെ ബെന്‍ഗ്ലൂറില്‍ എത്തി, അവര്‍ക്കാവശ്യമായ ധനസഹായം എവിടെനിന്ന് ലഭിച്ചു, പിടിയിലായ രണ്ട് ആണ്‍കുട്ടികളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കോഴിക്കോടുനിന്ന് ബെന്‍ഗ്ലൂറിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടികള്‍ ഒരു ഫോണ്‍ വാങ്ങിയിട്ടുണ്ട്.
കോഴിക്കോടുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിലെ കന്‍ഡക്ടര്‍ക്ക് ടികെറ്റിന്റെ പണം ഇവര്‍ക്കായി മറ്റാരോ ഗൂഗിള്‍ പേ ചെയ്തു കൊടുത്തു. പാലക്കാടുനിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ടികെറ്റില്ലാത്തതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വച്ച് ടിടിഇ ഇവരെ ഇറക്കിവിട്ടു.
ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മെഡികല്‍ കോളജ് എ സി പി എ സുദര്‍ശന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനായി പൊലീസിന്റെ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു. പൊലീസിനൊപ്പം വിവിധ വകുപ്പുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്.
റിപബ്ലിക്ക് ദിനാഘോഷത്തിനിടെയായിരുന്നു വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. പിന്നീട് ഇവരെ ബെന്‍ഗ്ലൂറില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബെന്‍ഗ്ലൂറിലെ മഡിവാളയില്‍ മുറി ബുക് ചെയ്തത് പിടിയിലായ യുവാക്കളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മഡിവാളയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെണ്‍കുട്ടിയെ ഹോടെലിന് സമീപത്ത് വെച്ചും മറ്റൊരാളെ മാണ്ഡ്യയില്‍ വെച്ചും മറ്റ് നാല് പേരെ മലപ്പുറം എടക്കരയില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്. യുവാക്കളെ കാണാനായിരുന്നു പെണ്‍കുട്ടികള്‍ നിലമ്പൂരിലേക്ക് പുറപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പ്രേരണയിലാണോ പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെന്‍ഗ്ലൂറിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികള്‍ പൊലീസിനോടു പറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് ആദ്യം മൊഴി നല്‍കിയത്. കൈയില്‍ പണവും മൊബൈല്‍ഫോണും ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളുടെ യാത്രയില്‍ സര്‍വത്ര ദുരൂഹത ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കസ്റ്റഡിയിലുള്ള യുവാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് മെഡികല്‍ കോളജ് അസിസ്റ്റന്റ് കമിഷണര്‍ കെ സുദര്‍ശന്‍ അറിയിച്ചു. ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചുപോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
Keywords: Girls missing from Children's home: Youngsters tried to abuse girls physically, Kozhikode, News, Trending, Missing, Minor girls, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.