യാത്രക്കാരെ പെരുവഴിയിലാക്കി ഗോ എയര്‍; കുവൈറ്റ് സര്‍വീസ് 24 മുതല്‍ നിര്‍ത്തലാക്കുന്നു

 


മട്ടന്നൂര്‍: (www.kvartha.com 16.01.2020) യാത്രക്കാരെ പെരുവഴിയിലാക്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വീസ് ഗോ എയര്‍ നിര്‍ത്താനൊരുങ്ങുന്നു. ഈ മാസം 24 മുതല്‍ മാര്‍ച്ച് 28 വരെയാണ് ഗോ എയര്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ്  അവസാനിപ്പിച്ചു.

ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്ന് എല്ലാ ദിവസവും രാത്രി 11.55ന് പുറപ്പെടുന്ന വിമാനം രാവിലെ 7.30നാണ് കണ്ണൂരില്‍ എത്തിയിരുന്നത്. തിരികെ രാത്രി 8.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11ന് കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍വീസുകള്‍ നാല് മണിക്കൂറോളം വൈകിയിരുന്നു.

ഒരേ വിമാനം തന്നെ മടക്ക യാത്രയ്ക്കും ഉപയോഗിക്കുന്നതിനാല്‍ തിരികെയുള്ള സര്‍വീസും വൈകി. ഒക്ടോബര്‍ ആദ്യത്തില്‍ ഇന്‍ഡിഗോയും കുവൈറ്റിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതോടെ മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്നു ഗോ എയര്‍ സര്‍വീസ്. ജനുവരി 24 മുതല്‍ ഈ സര്‍വീസും നിര്‍ത്തി വെയ്ക്കുന്നതോടെ കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈറ്റിലേക്ക് ഇനി സര്‍വീസുകളില്ലെന്ന് ഗോഎയര്‍ അധികൃതര്‍ പറഞ്ഞു.

ആഴ്ചയില്‍ എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ബഹ്റൈന്‍ വഴിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണക്ഷന്‍ സര്‍വീസാണ് ഇനി കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏക ആശ്രയമേകുക. സീസണ്‍ സമയത്ത് ഗോ എയര്‍ സര്‍വീസ് നിര്‍ത്തുന്നത് വിമാനത്താവളത്തിന്റെ വരുമാനത്തെയും ഗണ്യമായി ബാധിച്ചേക്കുമെന്ന ആശങ്ക അധികൃതര്‍ക്കുമുണ്ട്.

യാത്രക്കാരെ പെരുവഴിയിലാക്കി ഗോ എയര്‍; കുവൈറ്റ് സര്‍വീസ് 24 മുതല്‍ നിര്‍ത്തലാക്കുന്നു

Keywords:  Kerala, Kannur, News, Mattannur, Kannur Airport, Kuwait, Flight, Go Air Kuwait service will be discontinued since Jan. 24

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia