കണ്മുന്നില് നടന്ന അരുംകൊലയില്‍ വിറങ്ങലിച്ച് സജീവിന്റെയും സമീപത്തുള്ള ബന്ധുക്കളുടെയും കുടുംബങ്ങള്‍; കണ്ണുകളില്‍ നിന്നും ഭീതി മാറാതെ അക്രമസംഭവങ്ങള്‍ക്ക് സാക്ഷികളായ നാലും അഞ്ചും വയസുള്ള കുട്ടികള്‍
Dec 12, 2021, 17:51 IST
പോത്തന്‍കോട്: (www.kvartha.com 12.12.2021) കണ്മുന്നില് നടന്ന അരുംകൊലയില്‍ വിറങ്ങലിച്ച് പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിള വീട്ടില്‍ സജീവിന്റെയും സമീപത്തുള്ള ബന്ധുക്കളുടെയും കുടുംബങ്ങള്‍. ഇവിടെ വച്ചാണ് കഴിഞ്ഞദിവസം ചെമ്പകമംഗലം ഊരുകോണം ലക്ഷംവീടു കോളനിയില്‍ സുധീഷി ( 32 )ന്റെ കൈകാലുകള്‍ വെട്ടിമാറ്റി കൊലപ്പെടുത്തിയത്. അക്രമസംഭവങ്ങള്‍ക്ക് സാക്ഷികളായ നാലും അഞ്ചും വയസ്സുള്ള കുട്ടികളുടെ കണ്ണുകളില്‍ നിന്നും ഇപ്പോഴും ഭീതി മാറിയിട്ടില്ല.
ഇവരുടെ കരച്ചിലും അവസാനിച്ചിട്ടില്ല. ഇവരുടെ മുന്നില്‍ വച്ചാണ് കഴുത്തില്‍ വാളുകൊണ്ടുവച്ച് അക്രമികള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. അടുത്തടുത്തുള്ള ബന്ധുവീടുകളിലെല്ലാം സുധീഷിനെ തേടി അക്രമികള്‍ വാളുമായി കയറിയിറങ്ങി. ഇതില്‍ ഒരു വീട്ടിലെ ഒരാളുടെ ദേഹത്ത് വാളുകൊണ്ടു പോറലേല്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് സുധീഷിനെ കണ്ടെത്തി ഗുണ്ടാസംഘം തുരുതുരെ വെട്ടിയത്.
അരമണിക്കൂറോളം 12 പേരടങ്ങുന്ന അക്രമിസംഘം അഴിഞ്ഞാടി. നാടന്‍പടക്കം പൊട്ടുന്ന ഉച്ചത്തിലുള്ള ശബ്ദവും സ്ത്രീകളുടെ നിലവിളിയും നാടിനെ നടുക്കി. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ കൈകാലുകളറ്റ് അരമണിക്കൂറോളം രക്തം വാര്‍ന്ന് അവശനിലയില്‍ കിടന്ന സുധീഷിനെ പോത്തന്‍കോട് പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഴൂര്‍ മുട്ടപ്പലം സ്വദേശി ഒട്ടകം രാജേഷിന്റെയും, ഉണ്ണിയുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ വെട്ടിയതെന്ന് സുധിഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസിനോട് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആറ്റിങ്ങല്‍ സ്റ്റേഷന് പരിധിയില്‍ മങ്കാട്ടുമൂലയില്‍ രണ്ടു യുവാക്കളെ വെട്ടി പരിക്കേല്പിച്ച സംഭവത്തില്‍ സുധീഷ് ഒന്നാംപ്രതിയായിരുന്നു.
മങ്കാട്ടു മൂലയില്‍ തുടരെയുള്ള അക്രമ സംഭവങ്ങള്‍ പതിവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തു നിന്നുള്ള അക്രമിസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ഇവിടെയുണ്ടെന്നും ഭീതികാരണം പുറത്തു പറയാനാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Goonda gang hacks man to death in Thiruvananthapuram, leg severed and thrown away, Thiruvananthapuram, News, Killed, Children, Police, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.