Criticism | ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോൺക്ലേവെന്ന പൊറാട്ട് നാടകമോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുനോക്കാതെ സര്‍ക്കാരിന്റെ ലീലാവിലാസങ്ങള്‍
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി മലയാള ചലചിത്രരംഗത്തെ അനഭലഷീണയമായ കാര്യങ്ങള്‍ തടയുന്നതിനുളള കോൺക്ലേവ് നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മാനം നഷ്ടവര്‍ക്കു മുമ്പിൽ കോൺക്ലേവെന്ന സുഖിപ്പിക്കല്‍ പരിപാടി അവതരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വയം അപഹാസ്യമാകുമെന്ന വിമര്‍ശനമാണ് ഡബ്ള്യു സി സി അംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നയിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പെടെ വ്യക്തമായ രേഖകള്‍ കേസെടുക്കുന്നതിന് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധമുയരുന്നത്.
പോക്‌സോ അടക്കമുളള കേസുകളെടുക്കുന്നതിന് നിയമതടസമില്ലെന്ന നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ ചിലര്‍ക്ക് നല്‍കുന്ന പ്രീവ്‌ലേജാണ് എതിര്‍പ്പുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമാനയത്തിന്റെ കരടു ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ ചേരുന്ന കോൺക്ലേവില്‍ വേട്ടക്കാരൊപ്പം ഇരിക്കേണ്ട ഗതികേടില്‍ ഇരകളെ എത്തിക്കും. സിനിമാ മേഖലയിലെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്‍പോട്ടുവയ്ക്കുന്നത്. സേവന, വേതന വ്യവസ്ഥകള്‍ക്കു കൃത്യമായ രൂപരേഖയുണ്ടാക്കുമെന്നും പറയുന്നുണ്ട്.
എന്നാല്‍ ഇവിടെ വിഷയം 2019-ല്‍ തയ്യാറാക്കിയ ഹേമാകമ്മീഷന്‍ റിപ്പോര്‍ട്ടാണെന്നിരിക്കെ ലേബര്‍വകുപ്പിന് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തങ്ങള്‍ എന്തൊമഹാകാര്യം ചെയ്യുന്ന വിധത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. ഹേമാകമ്മിറ്റി സര്‍ക്കാര്‍ തന്നെ രൂപീകരിച്ചു പൊതുഖജനാവില്‍ നിന്നും പണം ചെലഴിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. ഒന്നേകാല്‍ കോടി രൂപ ചെലവാക്കിയുണ്ടാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ നാലേകാല്‍വര്‍ഷമായി പൂഴ്ത്തിവെച്ചുവെന്നു മാത്രമല്ല അതിന്റെ പ്രസക്തഭാഗങ്ങള്‍ ഹൈക്കോടതി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നപ്പോള്‍ അതിനെ നിസാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നും വിമർശനമുണ്ട്.
മുന്‍മന്ത്രി എ.കെ ബാലന്‍ ഉള്‍പ്പെടെയുളളവര്‍ ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ വായിച്ചിരുന്നുവെന്നാണ് വിവരം. അതില്‍ വലിയ കാര്യമൊന്നുമില്ലെന്നു അദ്ദേഹം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പോക്‌സോ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുളളവ റിപ്പോര്‍ട്ടിലൂടെ നേരത്തെ അറിഞ്ഞിട്ടും പൊലീസിനെ വിവരമറിയിക്കുന്നതിന് വേണമെങ്കില്‍ ബാലനെതിരെയും കേസെടുക്കാമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ മന്ത്രിസഭയിലുളള ഒരു മന്ത്രിയെയും പാര്‍ട്ടി എംഎല്‍എയെയും സൂപ്പര്‍ സ്റ്റാറുകളെയും സംരക്ഷിക്കുന്നതിനായി കോൺക്ലേവെന്ന പൊറാട്ടു നാടകവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എതിർക്കുന്നവർ വിമർശിക്കുന്നു.
#MalayalamCinema #SexualHarassment #KeralaPolitics #HemaCommission #JusticeForSurvivors #MeToo