Mappila Pattu | ഭരണത്തിൻ്റെ പാളിച്ചകളും വിലക്കയറ്റവും മാപ്പിളപ്പാട്ട് രൂപത്തിൽ; ഈ പയ്യൻ അടിപൊളി!
ആരു ഭരിച്ചാലും സാധാരണക്കാരന് ജീവിക്കാൻ ഗതിയില്ല എന്ന സന്ദേശമാണ് പറഞ്ഞ് വെയ്ക്കുന്നത്
ഡോണൽ മുവാറ്റുപുഴ
(KVARTHA) നമ്മുടെ നാട്ടിലെ വിലക്കയറ്റം കൃത്യമായി പ്രതിപാദിക്കുന്ന ഒരു മാപ്പിളപാട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഒരു കൊച്ചു പയ്യൻ പാടുന്ന മാപ്പിള പാട്ടിനൊപ്പം പാടുന്ന പയ്യനും ഇപ്പോൾ താരമായിരിക്കുകയാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണത്തിൻ്റെ പാളിച്ചകളും ഇവിടുത്തെ വിലക്കയറ്റവും മാപ്പിളപ്പാട്ട് രീതിയിൽ അതിൻ്റെ താളത്തിനൊത്ത് പയ്യൻ ആലപിക്കുന്നത് കാണുമ്പോൾ ആരും ഈ കുട്ടിക്ക് കൈ കൊടുത്ത് പോകും. കേട്ടാൽ എത്ര വിയോജിപ്പുള്ള ആളാണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ തോന്നുന്ന രീതിയിൽ കുട്ടി വളരെ സ്മാർട്ട് ആയിട്ടു തന്നെയാണ് ഈ മാപ്പിളപാട്ട് ആലപിച്ചിരിക്കുന്നത്.
വിഷയം ഇവിടുത്തെ രൂക്ഷമായ വിലക്കയറ്റം തന്നെ. മൊഞ്ചും സീനത്തും അപ്പത്തരങ്ങളും വിട്ട് മാപ്പിളപാട്ടുകൾ ഇത് പോലെ കാലിക പ്രസക്തിയുള്ള പാട്ടുകളുമായി വന്നെങ്കിൽ എന്ന തലക്കെട്ട് നൽകിയാണ് പലരും ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ ഇവൻ പറയുന്നത് മൊത്തത്തിൽ ശരിയല്ലേ എന്ന് തോന്നിപ്പോകും. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസം ഉണ്ടായെന്ന് വരില്ല. അഥവാ ഉണ്ടായാൽ തന്നെ ഇവനെതിരെ വാളെടുക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ആളുകളും പാർട്ടി അടിമകളും ഒക്കെ ആയിരിക്കും. അല്ലാത്തവർ ഈ കുട്ടി പറയുന്നതിനെ ഉൾക്കൊള്ളുന്നതോടൊപ്പം വളർന്നു വരുന്ന കലാകാരൻ എന്നുള്ള നിലയിൽ നെഞ്ചിലേറ്റുകയും ചെയ്യും.
ഇപ്പോൾ കക്ഷി രാഷ്ട്രീയ ഭേദമന്യേയും ജാതിമത ഭേദമന്യേയും ഈ വിഡീയോ എല്ലാവരും ഹാർദവമായി സ്വീകരിച്ചിരിക്കുന്നത് ആണ് കാണുന്നത്. ഒരുപാട് പേർ അവരുടെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലുമൊക്കെ ഈ വീഡിയോ ഷെയർ ചെയ്യുന്നു. ഏറ്റവും അധികം ഈ വീഡിയോ ആസ്വദിക്കുന്നത് സ്ത്രീകളും കുട്ടികളും തന്നെ. രാഷ്ട്രീയക്കാരുടെ ഇടയിലും ഈ വീഡിയോയ്ക്ക് സ്വീകാര്യതയുണ്ടാകുമെന്ന് തീർച്ച. അത് ഏത് രീതിയിലുള്ള സ്വീകാര്യതയാണെന്ന് അവരോട് തന്നെ ചോദിച്ച് അറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളെ പൊളിക്കുന്നതും ഭരിക്കുന്ന സർക്കാരുകളുടെ കരണത്തിനേറ്റ അടിയുമാകുന്നു ഈ കുട്ടി ഈ വീഡിയോയിലൂടെ പാടുന്ന മാപ്പിളപ്പാട്ട്. അരിവാളും താമരയും കൂടി നാട് ഭരിച്ച് മുടിച്ചുവെന്നും പറയുന്നത് പാട്ടിൽ കേൾക്കാം.
എന്തായാലും ഇവിടെ ആരു ഭരിച്ചാലും സാധാരണക്കാരന് ജീവിക്കാൻ ഗതിയില്ല എന്ന സന്ദേശമാണ് ഈ മാപ്പിളപ്പാട്ടിലൂടെ പറഞ്ഞ് വെയ്ക്കുന്നത്. ഇത് ശരിക്കും തിരഞ്ഞെടുപ്പിന് വേണ്ടി ചിത്രീകരിച്ചതായിരുന്നോ എന്ന് പോലും സംശയം ഉണ്ട്. വിവിധ തിരഞ്ഞെടുപ്പുകൾ തീരുമാനിക്കുന്നത് വരെ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ കൃത്യമായി പെട്രോൾ വില കൂട്ടുന്നതായി ഈ വീഡിയോയിൽ നിശിതമായി വിമർശിക്കുന്നുണ്ട്. കേന്ദ്രത്തിലെ ടാക്സ് കൂട്ടിയ തുകയ്ക്ക് വരുന്നതിന് പുറമെയുള്ള പെട്രോൾ വില വർദ്ധനവിനെ കണക്കിന് പരിഹസിക്കുന്നു. ശരിക്കും പറഞ്ഞാൽ ഇങ്ങനെ അടിക്കടി പെട്രോൾ വില കൂട്ടുന്നത് അല്ലേ പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കൂടാൻ കാരണം? അത് എല്ലാവരും ക്ഷമിക്കുന്നതായാണ് കാണുന്നത്. ഇല്ലെങ്കിൽ പലരും അത് കണ്ടില്ലെന്ന് നടിക്കുന്നു.
കേരളത്തെ ഫണ്ട് /ഡെബിറ്റ്/അസിസ്റ്റൻസ് /ടാക്സ് ഡിവിഷൻ എന്നിവ വഴി പരമാവധി ധനവിനിയോഗ കാര്യത്തിൽ ശ്വാസം മുട്ടിക്കുന്നതും സൗകര്യപൂർവം മറക്കുന്നു. ടാക്സ് ഒഴിവാക്കാൻ പറ്റാതെ ഞെരുങ്ങുകയാണ് കേരളം. ഒപ്പം തന്നെ കേരള സർക്കാർ ആണെങ്കിലും വീണത് വിദ്യയാക്കി മുന്നേറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ രണ്ട് സർക്കാരുകളുടെയും കള്ളനും പൊലീസും കളിയിൽ ഞെരുങ്ങുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളും. അതിൻ്റെ നേർ ചിത്രമാണ് ഈ വീഡിയോയിലൂടെ വരച്ച് കാട്ടുന്നത്. ഇവിടുത്തെ ഭരണത്തിനും ഭരണാധികാരികൾക്കും നേരെ തിരിച്ചുവെച്ച ഒരു ക്യാമറ പോലെ ഈ പാട്ടു കേൾക്കുമ്പോൾ ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ?.
ഇവിടുത്തെ ജനം മനസിൽ വിചാരിച്ചത് പയ്യൻ ഒന്നും കൂസാതെ പബ്ലിക്കായി പാടുന്നു എന്ന് മാത്രം. യാതൊരു അർത്ഥശങ്കയ്ക്കും ഇടവരാതെ തന്നെ. വളരെ കൃത്യമായി, വാക്കുകൾ അക്ഷരസ്ഫുടതയോടെ ഉച്ചരിച്ച് പാടുമ്പോൾ ആരുടെയും മനസിൽ ഒരു കുളിർമ ഉണ്ടാകും എന്നത് തീർച്ചയാണ്. ഇപ്പോൾ ഈ വീഡിയോയെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ കമൻ്റ് ചെയ്യുന്നുണ്ട്. കൂടുതലും ഈ മാപ്പിളപ്പാട്ടിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞു കൊണ്ടുള്ള കമൻ്റുകളാണ്. കുറച്ചു നേരമേയുള്ളൂവെങ്കിലും ആ സമയം വരെ എല്ലാവരെയും പിടിച്ചു നിർത്താൻ വീഡിയോയ്ക്ക് കഴിയുണ്ട്. വീഡിയോയുടെ ഉറവിടത്തെക്കുറിച്ച് ആർക്കും കൃത്യമായ ഗ്രാഹ്യമില്ല. ഈ പയ്യനെവെച്ച് ഒരു ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ഇറക്കിയതാണോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
ഒരു കമൻ്റിൽ ഒരാൾ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, 'ഈപാട്ട് ഉമ്മൻ ചാണ്ടി കേരളം ഭരിക്കുബോൾ പാടിയ പാട്ടാണ്. ഇത് ഇപ്പഴും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, തമിഴ് നാട്ടിൽ സാമ്പാർ കൊടുക്കൽ നിറുത്തിയുട്ടുണ്ട്. അത് ഒന്നും അറിയുന്നില്ല. എന്നാൽ, കേരളത്തിൽ സാമ്പാർ നിറുത്തിയിട്ടില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനവും പിണറായിയല്ല ഭരിക്കുന്നത്. അതും അറിയൂല. വല്ലാത്ത മരപ്പൊട്ടന്മാർ'. ശരിക്കും ഇത് എഴുതിയാളെ ഈ മാപ്പിളപാട്ട് ശരിക്കും ക്ഷോഭിപ്പിച്ചുവെന്ന് എന്നർത്ഥം. അങ്ങനെയുള്ള അഭിപ്രായങ്ങളുടെ ഒരു ചാകര തന്നെയാണ് ഈ വീഡിയോയ്ക്ക് താഴെ കമൻ്റുകളായി പരിണമിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ഈ പാട്ട് പാടിയ ചെക്കൻ സൂപ്പർ തന്നെ.