Criticism | അധികൃതരുടെ നിഷ്‌ക്രിയത; കേരളത്തിലെ സർക്കാർ ഭൂമികൾ നഷ്ടമാകുന്നു; നേട്ടം മാഫിയകൾക്കെന്ന് ആക്ഷേപം; കുത്തക പാട്ടഭൂമികളിലും ചട്ട ലംഘനം
പരാതികൾ ഉണ്ടാകുമ്പോൾ മാത്രമാണ് പേരിനെങ്കിലും പരിശോധനകൾ നടത്തുന്നതെന്നാണ് വിമർശനം
അജോ കുറ്റിക്കൻ
കോട്ടയം: (KVARTHA) സംസ്ഥാനത്ത് സർക്കാർ വക ഭൂമിയുടെ സർവെ അടയാളങ്ങളുടെ പരിശോധനകളും വഴിപാടാകുന്നു. ഇതു മൂലം വിവിവിധ ജില്ലകളിലായി ഏക്കറു കണക്കിന് ഭൂമികളാണ് ഭൂമാഫിയ സംഘങ്ങളുടെ കൈവശത്തിലായിരിക്കുന്നതെന്നാണ് ആക്ഷേപം. മാസത്തിലൊരിക്കലെങ്കിലും ഓരോ വില്ലേജുകളിലെയും സർക്കാർ ഭൂമി വില്ലേജ് അസിസ്റ്റൻ്റ് പരിശോധിച്ച് വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നാണ് ചട്ടമെങ്കിലും ഒരു വില്ലേജുകളിലും ഇത് നടക്കുന്നില്ലെന്നാണ് വിവരം.
വില്ലേജ് അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സർക്കാർവക ഭൂമികളുടെയും വിവരങ്ങൾ ശേഖരിച്ച് പ്രത്യേകം രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഓഫീസിലിരുന്ന് തന്നെ റിപ്പോർട്ടാക്കി സൂക്ഷിച്ച് തടി രക്ഷിക്കുകയാണ് അധികൃതർ ചെയ്യുന്നത്. സർക്കാർ ഭൂമിയികളിലെ അനധികൃത കയ്യേറ്റങ്ങൾ തഹസീൽദാർക്ക് റിപ്പോർട്ട് ചെയ്യേണ്ടത് വില്ലേജ് ഓഫീസറാണ്. എന്നാൽ സ്ഥല പരിശോധനകൾ ഇല്ലാത്തത് കൈയ്യേറ്റക്കാർക്ക് സഹായകരമാവുകയാണ്. പരാതികൾ ഉണ്ടാകുമ്പോൾ മാത്രമാണ് പേരിനെങ്കിലും പരിശോധനകൾ നടത്തുന്നതെന്നാണ് ആക്ഷേപം.
അനധികൃത കൈയ്യേറ്റങ്ങൾ യഥാസമയം കണ്ടുപിടിക്കുന്നതിനു വേണ്ടി വില്ലേജ് അസിസ്റ്റൻ്റ് മൂന്ന് റിപ്പോ൪ട്ട് ചെയ്യുന്നവയിൽ 5% കേസുകൾ ഓവർ ചെക്ക് ചെയ്യാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിശോധനാ വിവരങ്ങൾ വില്ലേജ് ഓഫീസിലെ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ജമാബന്ധി (ലാന്‍ഡ് റവന്യൂ വരവിന്റെ ഓഡിറ്റ്. കളക്ടറോ അധികാരപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥരോ വില്ലേജ് ഓഫീസില്‍ നടത്തുന്ന പരിശോധന) പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥൻ ഈ രജിസ്റ്റർ പരിശോധിക്കണമെന്നുമാണ് ചട്ടം. എന്നാൽ ഇതും ചടങ്ങായി മാറുകയാണ്.
കുത്തക പാട്ടഭൂമികളിലും വ്യാപക ചട്ട ലംഘനം
ഇടുക്കിയിൽ ഏലം കൃഷിക്കായി പാട്ടത്തിന് നല്കിയ ഭൂമിയുടെ കൈമാറ്റത്തിലും വ്യാപക ചട്ടലംഘനമെന്നും പരാതിയുണ്ട്. 1961ലെ ഏലം കുത്തകപ്പാട്ട നിയമത്തിലെ 14ാം വകുപ്പ് (കാർഡമം കൾട്ടിവേഷൻ റൂൾസ്) പ്രകാരം പാട്ട സ്ഥലം മറ്റൊൾക്ക് കൈമാറുന്നതിന് ജില്ലാ കലക്ടറുടെ അനുമതി വേണം. എന്നാൽ പല കൈമാറ്റങ്ങളും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. പാട്ടഭൂമി മറ്റൊൾക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ അന്യാധീനപ്പെടാതിരിക്കാനും നികുതി കൃത്യമായി ലഭിക്കുന്നത് ഉറപ്പുവരുത്താനുമാണ് ഈ വ്യവസ്ഥ. എന്നാൽ പല ഭൂമി കൈമാറ്റങ്ങളും കലക്ടറുടെ അനുമതിയില്ലാതെയാണ് നടക്കുന്നത്. കൃത്യമായ പരിശോധനകളില്ലാത്തതാണ് ഇത്തരത്തിലുള്ള ചട്ട ലംഘനങ്ങൾക്ക് കാരണം.