G Devarajan | വീണ്ടുവിചാരമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമായ സംസ്ഥാന സര്‍കാര്‍ നടപടികളാണ് സഹകരണ മേഖലയെ തകര്‍ക്കുന്നതെന്ന് ജി ദേവരാജന്‍

 


കൊല്ലം: (KVARTHA) വീണ്ടുവിചാരമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമായ സംസ്ഥാന സര്‍കാര്‍ നടപടികളാണ് സഹകരണ മേഖല ഇന്നു നേരിടുന്ന പ്രതിസന്ധിയ്ക്ക് കാരണമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ ജെനറല്‍ സെക്രടറി ജി ദേവരാജന്‍.
 
കരുവന്നൂര്‍ സഹകരണ ബാങ്കിലും കണ്ടല ബാങ്കിലും നടന്ന പകല്‍ക്കൊള്ളയെ വെള്ളപൂശാനായി യു ഡി എഫ് നിയന്ത്രണത്തിലുള്ള ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നുവെന്ന് പ്രചരിപ്പിക്കുവാന്‍ വസ്തുതാവിരുദ്ധമായ കണക്കുകള്‍ പുറത്തുവിട്ട സര്‍കാര്‍ സഹകരണ മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

G Devarajan | വീണ്ടുവിചാരമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമായ സംസ്ഥാന സര്‍കാര്‍ നടപടികളാണ് സഹകരണ മേഖലയെ തകര്‍ക്കുന്നതെന്ന് ജി ദേവരാജന്‍

സാധാരണക്കാരായ ഉപഭോക്താക്കളെ സഹായിക്കാന്‍ വേണ്ടി സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്ന ഉദാര നടപടികളും കരുവന്നൂരില്‍ നടന്ന ആസൂത്രിത കൊള്ളയും സാമാന്യവല്‍കരിക്കാനും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന തട്ടിപ്പുമായി കരുവന്നൂരിനെ താരതമ്യം ചെയ്ത് കൊള്ളയെ ന്യായീകരിക്കാന്‍ മന്ത്രി എം ബി രാജേഷ് നടത്തിയ ശ്രമങ്ങളും സാമാന്യജനതയുടെ പൊതുബോധത്തെ ചോദ്യം ചെയ്ത നടപടികളായിരുന്നു.

സംസ്ഥാന സഹകരണ ബാങ്ക് വരുത്തിവച്ച നഷ്ടം നികത്താനായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് രൂപീകരിച്ച കേരളാ ബാങ്ക് പൂര്‍ണമായും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലായതിനാല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടാല്‍ ഇടപെടാന്‍ കേരളാ ബാങ്കിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിസന്ധിയിലാകുന്ന സഹകരണ ബാങ്കുകളെ സഹായിക്കാനും വേണ്ടിവന്നാല്‍ ഏറ്റെടുക്കുവാനും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാതെയും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാതെയും സംസ്ഥാന സര്‍കാര്‍ നടത്തിയ കേരളാ ബാങ്ക് രൂപീകരണം സംസ്ഥാനത്തെ സഹകരണ മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന് അടിയറവു വച്ച തീര്‍ത്തും തെറ്റായ തീരുമാനമായിരുന്നുവെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും കേരളാ കോ-ഓപറേറ്റീവ് ഡിപോസിറ്റ് ഗാരന്റി തുക ഉപയോഗിച്ച് നിക്ഷേപകരെ സഹായിക്കാനും ശ്രമിച്ചിരുന്നെങ്കില്‍ സഹകരണ മേഖല ഇന്ന് നേരിടുന്ന വിശ്വാസ തകര്‍ച ഒഴിവാക്കാന്‍ കഴിയുമായിരുന്നു. 

സഹകരണ ബാങ്കുകള്‍ക്ക് കേരളാ ബാങ്കില്‍ നിലവിലുള്ള ഓഹരിവിഹിതമോ അതിന്റെ ലാഭവിഹിതമോ തിരികെ നല്കിയാല്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അനായാസം മറികടക്കുവാന്‍ സാധിക്കും. സിപിഎം നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി നടത്തിയ ധൂര്‍ത്തും തട്ടിപ്പും മൂലം നഷ്ടത്തിലായ റബ്‌കോയെ രക്ഷിക്കുവാനായി സഹകരണ ബാങ്കുകളില്‍ നിന്നും വാങ്ങിയ കടം ഇതുവരെ തിരികെ നല്കിയിട്ടുമില്ല.

സംസ്ഥാന സര്‍കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികളും കെടുകാര്യസ്ഥതയും മൂലം സഹകരണ മേഖല നേരിടുന്ന ആശങ്കയും വിശ്വാസത്തകര്‍ചയും മറികടക്കുവാന്‍ മിഥ്യാഭിമാനവും താന്‍പോരിമയും മാറ്റിവച്ച് ക്രിയാത്മകവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍കാര്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Keywords: Government's mis steps are undermining the co-operative sector: G Devarajan, Kollam, News, G Devarajan, Criticized, Politics, Co-operative sector, UDF, Allegation, Bank, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia