Criticism | ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍കാരിന് സമയമില്ല, ശ്രദ്ധ മുഴുവന്‍ സര്‍വകലാശാല വിഷങ്ങളിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍കാരിനു സമയമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ശ്രദ്ധ മുഴുവന്‍ സര്‍വകലാശാല വിഷങ്ങളിലാണെന്ന് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Criticism | ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍കാരിന് സമയമില്ല, ശ്രദ്ധ മുഴുവന്‍ സര്‍വകലാശാല വിഷങ്ങളിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വകലാശാലാ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അവിടെ നേതാക്കളുടെ ബന്ധുക്കളെയും പാര്‍ടി പ്രവര്‍ത്തകരെയും നിയമിക്കാനാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് സര്‍വകലാശാലയിലെ നിയമനത്തിനുള്ള നിര്‍ദേശങ്ങള്‍ പോകുന്നത്. സര്‍വകലാശാലകളുടെ നാഥനായ ചാന്‍സലറെ അറിയിക്കാതെയാണ് ഈ നിയമനങ്ങള്‍. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ച് ഉടന്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അകാദമിക മികവ് നിലനിര്‍ത്താന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായിരിക്കണം വൈസ് ചാന്‍സലര്‍മാര്‍. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ഉണ്ടാകരുത്. വൈസ് ചാന്‍സലര്‍മാരുടെമേല്‍ ഇടപെടലുകളൊന്നും ഉണ്ടാകാതെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്റെ അകാദമിക പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടബാധ്യതയിലുള്ള കേരളത്തിലാണ് ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. സര്‍കാര്‍ ആ നിയമോപദേശം ഉപയോഗിച്ചോ എന്നുപോലും അറിയില്ല. 45 ലക്ഷം നിയമോപദേശത്തിനായി ചെലവാക്കിയാല്‍ സര്‍കാരാണ് കോടതിയില്‍ പോകേണ്ടത്. സര്‍കാര്‍ കോടതിയില്‍ പോകാതെ സാധാരണക്കാരെ കൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി കൊടുക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സര്‍വകലാശാലകളില്‍ യുജിസി നിയമങ്ങള്‍ക്കു വിരുദ്ധമായി സര്‍കാരിനു പ്രവര്‍ത്തിക്കാനാകില്ല. അതാണ് ഹൈകോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയത്. പഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല പ്രശ്‌നമെന്ന് ഗവര്‍ണര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഏഴു പേരാണ് തന്റെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നത്. ഇവിടെ മന്ത്രിമാര്‍ക്ക് 25 പഴ്‌സനല്‍ സ്റ്റാഫുണ്ട്. അവര്‍ക്ക് പെന്‍ഷനും ലഭിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Keywords: Governor Arif Mohammed Khan Against LDF Govt, Thiruvananthapuram, News, Politics, Protesters, Governor, University, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia