ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 13.08.2021) പി എസ് സി റാങ്ക് ലിസ്റ്റുകള്‍ ചുരുക്കിയേക്കും. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമിഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എച്ച് സലാമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ഥികളെ ഉള്‍പെടുത്തിയാണ് പി എസ് സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപോര്‍ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി എസ് സി നിയമന ശുപാര്‍ശകള്‍ നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി എസ് സിക്ക് റിപോര്‍ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപോര്‍ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍കാര്‍ കര്‍ശന നിര്‍ദേശം നല്‍കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി എസ് സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ഥികളെ ഉള്‍പെടുത്തുന്നത് ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചുകൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമിഷനെ നിയമിച്ചിട്ടുണ്ടെന്നും സബ് മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

Keywords:  Govt plans to prepare PSC rank lists proportional to vacancies: CM, Thiruvananthapuram, News, PSC, Chief Minister, Pinarayi Vijayan, Government-employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia