കണ്ണൂര്‍: ആറാമത് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് കണ്ണൂരില്‍ തിരിതെളിഞ്ഞു. ശനിയാഴ്ച കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലാണ് മേളയ്ക്ക് തിരികൊളുത്തിയത്. ആറുവര്‍ഷത്തെ വിജയകരമായ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഒര്മിപ്പിച്ച് ആറ് നിലവിളക്കുകളില്‍ തിരിതെളിയിച്ചുകൊണ്ടാണ് ഉദ്ഘാടചടങ്ങ് സംഘടിപ്പിച്ചത്.
ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നടന് ദിലീപ് മുഖ്യാതിഥിയായിരുന്നു. ജനുവരി 31വരെ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഇതുവരെ ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കോടിയോളം സമ്മാനകൂപ്പണുകളാണ് ഇത്തവണ നല്‍കുന്നത്. കൂപ്പണുകളും സമ്മാനങ്ങളും നല്‍കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്താകെ 90 വിതരണ കേന്ദ്രങ്ങളാണുള്ളത്. ആഗോളഗ്രാമം എന്നപേരില്‍ പ്രത്യേക വാണിജ്യകേന്ദ്രം തുടങ്ങിയതാണ് ഇത്തവണത്തെ പ്രത്യേകത. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒമ്പത് വരെ നീളുന്ന
ആഗോളഗ്രാമത്തിലെ ഷോപ്പിംഗ് ഉത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 400 സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
എറണാകുളം ബോള്‍ഗാട്ടി ദ്വീപിലെ 24 ഏക്കര്‍ സ്ഥലത്താണ് ഇത് ഒരുക്കിയിട്ടുള്ളത്. ദേശീയം, അന്തര്‍ദേശീയം, കേരളീയം എന്നീ വിഭാഗങ്ങളിലെ പവലിയനുകളിലായി സുഗന്ധ ദ്രവ്യങ്ങള്‍, കരകൗശല-കയര്‍-റബ്ബര്‍ ഉല്പന്നങ്ങള്, കളരി ഉഴിച്ചില്‍, ആയുര്‍വേദ ചികിത്സ എന്നിവയ്ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിവിധ ജില്ലകളിലായി ആറ് പ്രധാന പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാലാരൂപങ്ങളും മേളയില്‍ അവതരിപ്പിക്കും.
കൃഷിമന്ത്രി കെ.പി. മോഹനന്, എം.എല്‍.എമാരായ അഡ്വ. സണ്ണി ജോസഫ്, ടി.വി. രാജേഷ്, ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ്, ജി.കെ. എസ്.എഫ്. ഡയറക്ടര്‍ യു.വി. ജോസ്, കെ.ടി.ഡി.സി. ചെയര്മാന് വിജയന് തോമസ്, ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റ് പ്രൊഫസര്‍ കെ.എ. സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. സ്വാഗതവും, ജില്ലാ കലക്ടര്‍ രത്തന്‍ ഖേള്ക്കര് നന്ദിയും പറഞ്ഞു.