Green Tribunal | ഖര ദ്രവ്യ മാലിന്യ സംസ്‌കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഗ്രീന്‍ ട്രിബ്യൂണല്‍
തിരുവനന്തപുരം: (www.kvartha.com) ഖര ദ്രവ്യ മാലിന്യ സംസ്‌കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഗ്രീന്‍ ട്രിബ്യൂണല്‍. ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യം കൃത്യമായി സംസ്‌കരിക്കപ്പെടുന്നുണ്ടെന്നും മാലിന്യങ്ങള്‍ നദികളിലോ പൊതുസ്ഥലങ്ങളിലോ കുമിഞ്ഞ് കൂടി കിടക്കുന്നത് സംസ്ഥാനത്ത് കുറവാണെന്നും ട്രിബ്യൂണല്‍ മുന്‍പാകെ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം 2016 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പല സംസ്ഥാനങ്ങള്‍ക്കും ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രക്ക് 12,000 കോടിയും ബംഗാളിന് 3,500 കോടിയും ഗുജറാത്തിന് 3,000 കോടിയും പഞ്ചാബിന് 2,180 കോടിയുമാണ് പിഴ ശിക്ഷ വിധിച്ചത്. അതേസമയം കേരളം നഷ്ടപരിഹാര ശിക്ഷയില്‍ നിന്നും ഒഴിവായി. ഖര/ദ്രവ്യ മാലിന്യ സംസ്‌കരണത്തിനായി നഗരങ്ങളില്‍ 1696.61 കോടി രൂപയും, ഗ്രാമങ്ങളില്‍ 646. 57 കോടിയുമടക്കം 2343. 18 കോടി നീക്കി വെച്ചു കഴിഞ്ഞു വെന്നും കേരളം ബോധ്യപ്പെടുത്തി.
പഴക്കം ചെന്ന മാലിന്യങ്ങള്‍ ദീര്‍ഘകാലമായി സംസ്‌കരിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്ന ലാലൂര്‍, ബ്രഹ്‌മപുരം, കുരീപുഴ എന്നീ സ്ഥലങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് കേരളം കൈകൊണ്ട നടപടികളില്‍ ട്രിബ്യൂണലിന്റെ പ്രിന്‍സിപള്‍ ബെഞ്ച് സന്തുഷ്ടി രേഖപ്പെടുത്തി. മാലിന്യ കൂമ്പാരങ്ങള്‍ നശിപ്പിക്കാന്‍ 15.15 കോടി രൂപ കേരളം പ്രത്യേകം മാറ്റിവച്ചതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളില്‍ മാലിന്യ സംസ്‌കരണ രംഗത്ത് കേരളം സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ രേഖാമൂലം ചീഫ് സെക്രടറി ട്രിബ്യൂണലിന്റെ രജിസ്ട്രാര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സമയബന്ധിതമായി കൂടുതല്‍ പദ്ധതികള്‍ മാലിന്യ സംസ്‌കരണത്തിനായി തയ്യാറാക്കാനും ട്രിബ്യൂണല്‍ കേരളത്തോട് ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണ രംഗത്ത് കേരളം മറ്റ് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഖര/ദ്രവ്യ മാലിന്യ രംഗത്ത് കേരളം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിലും, ഖര/ദ്രവ്യ മാലിന്യ സംസ്‌കരണത്തിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞ ആറര വര്‍ഷം കൊണ്ട് കേരളത്തിന് സാധിച്ചു.
കോഴി വേയിസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിച്ച ശേഷം പ്രോടീന്‍ പൗഡര്‍ അടക്കമുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നുണ്ടെന്ന് കേരളം ഗ്രീന്‍ ട്രിബ്യൂണല്‍ മുമ്പാകെ ചൂണ്ടിക്കാട്ടി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം പ്ലാസ്റ്റിക് റീസൈക്കിള്‍ യൂനിറ്റിലെത്തിച്ച് നശിപ്പിക്കുന്നുണ്ട്. നശിപ്പിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിനും, ഫാക്ടറികളിലെ ഫര്‍ണസ് കത്തിക്കാനുള്ള ഊര്‍ജമായി ഉപയോഗിക്കുന്നതായും കേരളം വ്യക്തമാക്കി. വീടുകളില്‍ നിന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നതും ശേഖരിച്ച മാലിന്യങ്ങള്‍ കൃത്യമായ അളവില്‍ പ്ലാന്റുകളില്‍ എത്തിച്ച് സംസ്‌കരിക്കുന്നതിനും കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
റീസൈക്ള്‍ ചെയ്യാന്‍ കഴിയാത്ത മാലിന്യങ്ങള്‍ സിമെന്റ് പ്ലാന്റുകളില്‍ എത്തിച്ച് മീന്‍ വളമാക്കി മാറ്റുന്നതിലൂടെ പുനരുപയോഗ രംഗത്ത് കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ നേട്ടം കൈവരിച്ചുകഴിഞ്ഞു. ക്ലീന്‍ കേരള കംപനി രൂപീകരിച്ച മാലിന്യ സംസ്‌കരണ രംഗത്ത് കേരളം ഇതിനോടകം വലിയ കാല്‍വെപ്പുകള്‍ നടത്തി. 40തോളം റെന്‍ഡറിംഗ് പ്ലാന്റുകളാണ് ഇതിനോടകം കേരളത്തില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ളത്. ഈ നടപടികളാകെ വിലയിരുത്തിയാണ് കേരളത്തിന് വന്‍ നഷ്ടപരിഹാര ശിക്ഷ വിധിക്കുന്നതില്‍ നിന്നും ഒഴിവായത്.
ഗ്രീന്‍ ട്രിബ്യൂണലിന്റെ ചെയര്‍മാനായ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, എ സെന്തില്‍വേല്‍ എന്നീവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളത്തിന് വേണ്ടി ചീഫ് സെക്രടറി ഡോ. വി പി ജോയി, ആഭ്യന്തര സെക്രടറി ഡോ. വി വേണു, തദ്ദേശ സ്വയംഭരണ സെക്രട്ടറി ശാരദാ മുരളീധരന്‍, പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രടറി ഷീലാ മോസസ് എന്നീവരാണ് ഹാജരായത്. ശുചിത്വമിഷനിലെ ഉദ്യോഗസ്ഥരുടെയും വിവിധ തദേശ സ്ഥാപനങ്ങളുടെയും ആത്മാര്‍ഥമായ പരിശ്രമം ഈ നേട്ടത്തിലേക്ക് വഴിതെളിച്ചു.
Keywords: Thiruvananthapuram, News, Kerala, Plastic, Green Tribunal expressed satisfaction with the steps taken by Kerala in the field of waste management.