Regulations | ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്: പുതിയ മാർഗനിർദേശങ്ങളുമായി മലപ്പുറം ജില്ലാ ഭരണകൂടം

 
 Elephanta in festiel, kerala
 Elephanta in festiel, kerala

Photo Credit: Facebook/ Temple, Festivals and Elephants

● ആനകളും ജനങ്ങളും തമ്മിൽ അഞ്ചുമീറ്റർ അകലം പാലിക്കണം.
● എഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി നിർബന്ധം.
● ഉത്സവ സ്ഥലങ്ങളിൽ ആനകൾക്ക് സൗകര്യങ്ങൾ ഒരുക്കണം.
● സുരക്ഷ ഉറപ്പാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കണം.

മലപ്പുറം: (KVARTHA) ഉത്സവങ്ങളിൽ ആനയിടയുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത്. നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.

ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മിറ്റി നിർദേശിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ, ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് മോണിറ്ററിങ് കമ്മിറ്റിയുടെ താൽക്കാലിക നിർദ്ദേശങ്ങൾ പാലിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിൽ കൂടുതൽ അകലം ഉണ്ടായിരിക്കണം. 

പിൻഭാഗത്ത് മതിലുകളോ മറയൊ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഈ അകലം നിർബന്ധമായും പാലിക്കേണ്ടത്. ഈ അകലം ഉറപ്പാക്കുന്നതിനായി ബാരിക്കേഡുകൾ, കയറുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉത്സവ കമ്മിറ്റികൾ ഒരുക്കണം. ഈ സുരക്ഷിത മേഖലയിൽ ആന, പാപ്പാൻ, കാവടി എന്നിവർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ. അപകട സൂചന നൽകുന്ന ആനകളുടെ സമീപത്തുനിന്ന് ജനങ്ങളെ ഉടൻ മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.

ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ ആനയെഴുന്നള്ളിപ്പുകൾ നടത്താൻ പാടുള്ളൂ. കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലയങ്ങൾക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഉത്സവം നടത്താൻ ഉദ്ദേശിക്കുന്ന തീയതിക്ക് ഒരു മാസം മുൻപായി കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. നാട്ടാന പരിപാലന ചട്ടം 2012 നെക്കുറിച്ച് ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കായി സോഷ്യൽ ഫോറസ്ട്രി ഓഫീസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. 

തുടർച്ചയായി രണ്ട് തവണ ചട്ടലംഘനം നടക്കുകയും, ആനയിടയുന്ന സംഭവം ഉണ്ടാകുകയും, അനുവദനീയമായതിലധികം ആനകളെ എഴുന്നള്ളിക്കുകയും ചെയ്താൽ, അത്തരം പ്രദേശങ്ങളിൽ ആനയെഴുന്നള്ളിപ്പിന് വിലക്ക് ഏർപ്പെടുത്തും. ഉത്സവ സ്ഥലങ്ങളിൽ ആനകൾക്കും പാപ്പാന്മാർക്കും ആവശ്യമായ കുടിവെള്ളം, ആനകളുടെ ശരീരം തണുപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നും മോണിറ്ററിങ് കമ്മിറ്റി ഉത്സവ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി.


#ElephantProcessions #FestivalSafety #Malappuram #KeralaFestivals #AnimalWelfare #NewGuidelines

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia