Controversy | സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങളും ചോറൂണ്‍ ചടങ്ങും മാറ്റി വച്ചുവോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍

 


ഗുരുവായൂര്‍: (KVARTHA) സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങളും ചോറൂണ്‍ ചടങ്ങും മാറ്റി വച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ രംഗത്ത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത് എന്നും വിവാഹങ്ങള്‍ വേണ്ടെന്നുവച്ചു എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.


Controversy | സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങളും ചോറൂണ്‍ ചടങ്ങും മാറ്റി വച്ചുവോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍
 

ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്ക്കണം എന്ന ആവശ്യവുമായി എത്തിയിട്ടുമില്ല. ഒരാളോടും വിവാഹം മാറ്റിവയ്ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 17ന് രാവിലെ എട്ടുമണിക്ക് ക്ഷേത്രദര്‍ശനം നടത്തി 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങും.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന 17ന് രാവിലെ ആറുമണി മുതല്‍ ഒമ്പതുമണി വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. ഈ ദിവസം 74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതില്‍ ഏറിയ പങ്ക് വിവാഹങ്ങളും പുലര്‍ചെ അഞ്ചുമണി മുതല്‍ ആറു വരെ നടത്തും. സുരക്ഷ മൂലം എത്തിച്ചേരാനും തിരിച്ചുപോകാനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് കൂടുതല്‍ വിവാഹസംഘങ്ങള്‍ പുലര്‍ചെ അഞ്ചുമണി മുതല്‍ ആറു വരെ വിവാഹം നടത്താന്‍ തീരുമാനിച്ചതായി പൊലീസിനെ അറിയിച്ചു.

ഇപ്പോള്‍ നാല് കല്യാണമണ്ഡപങ്ങളാണു ക്ഷേത്രത്തിനു മുന്നിലുള്ളത്. രണ്ട് താല്‍കാലിക മണ്ഡപങ്ങള്‍ കൂടി ദേവസ്വത്തിന്റെ പക്കലുണ്ട്. സുരക്ഷാവിഭാഗം അനുവദിച്ചാല്‍ ഇതുകൂടി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 14ന് രാവിലെ 10.30ന് ദേവസ്വത്തിന്റെ നാരായണീയം ഹാളില്‍ കലക്ടറും സ്പെഷല്‍ പ്രൊടക്ഷന്‍ ഗ്രൂപും അടങ്ങുന്നവരുടെ ഉന്നതതല യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

ക്ഷേത്രത്തില്‍ ശബരിമല സീസണ്‍ കഴിഞ്ഞുള്ള ആദ്യത്തെ ഉദയാസ്തമയ പൂജ 17നാണ്. രാവിലെ ആറുമണിക്ക് മുന്‍പായി ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂര്‍ത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ ഒമ്പതുമണി വരെ പൂജയ്ക്കും ചടങ്ങുകള്‍ക്കും വേണ്ട നമ്പൂതിരിമാരും പാരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തില്‍ ഉണ്ടാവുക. പൂജകള്‍ തടസമില്ലാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Guruvayur Devaswom clarification on PM Narendra Modi's visit and marriage row, Thrissur, News, Controversy, Guruvayur Devaswom, Politics, Marriage, Row, Security, Allegation, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia