Delay | ഹജ്ജിന് പണം അടക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യം

 
hajj pilgrims seek extension for advance payment
hajj pilgrims seek extension for advance payment

Photo Credit: Haj Committee of India

● രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹാജിമാർ ആവശ്യപ്പെടുന്നത്. 
● ഹാജിമാരിൽ വലിയൊരു വിഭാഗം ഇതുവരെ മുൻകൂർ തുക അടക്കുന്ന നടപടി പൂർത്തീകരിച്ചിട്ടില്ല. 

മുംബൈ: (KVARTHA) അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ട നിരവധി പേർക്ക് അഡ്വാൻസ് തുക അടക്കുവാനുള്ള തീയതി തിങ്കളാഴ്ച (21-10-2024) 5 മണിക്ക് അവസാനിക്കാനിക്കുകയാണ്. തുക അടയ്ക്കാൻ പലർക്കും പ്രയാസമായിരിക്കുന്ന സാഹചര്യത്തിൽ, തീയതി നീട്ടണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഹാജിമാർ ആവശ്യപ്പെടുന്നത്. സാമ്പത്തിക മാന്ദ്യവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഇതിന് കാരണമായി ചൂണ്ടിക്കാനിക്കുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിയിൽ അഡ്വാൻസ് തുക അടയ്ക്കുന്നത് നിരവധി ഹാജിമാർക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം അഡ്വാൻസ് തുക വർധിച്ചിരിക്കുന്നതും സാമ്പത്തിക പ്രതിസന്ധികളും ചേർന്ന് ഈ പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. സ്വത്തിൽ നിന്നും പണം കണ്ടെത്താനോ വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം തേടാനോ പലർക്കും സാധിക്കുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരിൽ വലിയൊരു വിഭാഗം ഇതുവരെ മുൻകൂർ തുക അടക്കുന്ന നടപടി പൂർത്തീകരിച്ചിട്ടില്ല. മുൻവർഷത്തേക്കാൾ വളരെ നേരത്തെയാണ്  അടുത്തവർഷത്തെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചതും നറുക്കെടുപ്പ് പ്രക്രിയ പൂർത്തിയാക്കി അഡ്വാൻസ് തുക അടക്കുവാൻ ഉള്ള നടപടികൾ ആരംഭിക്കുകയും ചെയ്തത്. ഇത്ര പെട്ടെന്ന് തുക അടക്കേണ്ടി വരും എന്ന് പല ഹാജിമാരും മുൻകൂട്ടി വിചാരിച്ചില്ല. മുൻവർഷങ്ങളിൽ  81,300/- രൂപയായിരുന്നു ആദ്യത്തെ ഗഡുമായി അടക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം 1,30,300 രൂപ വീതമാണ്‌ ഓരോ ഹാജിയും അടയ്ക്കേണ്ട മുൻകൂർ തുക. ഇതിൽ  1,28,000 ഹജ്ജ് അഡ്വാൻസിലേക്കും 2000 ഓഫീസ് അഡ്മിനിസ്ട്രേഷൻ ചാർജ് ആയും 300 രൂപ അപേക്ഷ ഫീസ് ആയും നിശ്ചയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ മൂന്ന് തവണയായി അടയ്ക്കാമായിരുന്ന തുകയാണ് ഇത്തവണ രണ്ട് തവണയായി ചുരുക്കിയത്. ഇത് ഹാജിമാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരേ കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർ ഹജ്ജിന് പോകുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. 

ഒക്ടോബർ ഏഴിനാണ് പണം അടക്കാൻ ഉള്ള ഉത്തരവ് ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചത്. ഉത്തരവിലെ അവ്യക്തതകൾ മാറ്റി, പുതിയ നിർദ്ദേശങ്ങൾ പുറത്തിറങ്ങിയതിന് ശേഷം പണം അടയ്ക്കാൻ കിട്ടിയത് പത്ത് പ്രവർത്തി ദിവസം മാത്രമായിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്നീട് നൽകിയാൽ മതിയായിരുന്നെങ്കിലും, ഇന്ത്യയിൽ തന്നെയുള്ള അന്യനാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും നാട്ടിൽ വന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ശരിയാക്കാനുള്ള കാലതാമസവും നേരിടുന്നവരുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരിൽ 39 ശതമാനം പേർ ഇതുവരെ പണം അടച്ചിട്ടില്ല. അതിനാൽ, ഹാജിമാർ രണ്ടാഴ്ച കൂടി സമയം നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. പല സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സംബന്ധിച്ച അന്തിമ തീരുമാനം ഒക്ടോബർ 23നു ശേഷം പ്രഖ്യാപിക്കും.

ഇന്ത്യക്കുള്ള അടുത്തവർഷത്തെ ഹജ്ജ് കോട്ട എത്രയെന്ന് സൗദി ഹജ്ജ് മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സൗദി ഹജ്ജ് മന്ത്രാലയവും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള ഹജ്ജ് കരാർ ഉടനെ ഉണ്ടാകും. ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യക്ക് അനുസരിച്ചാണ് സൗദി ഹജ്ജ് മന്ത്രാലയം ഹജ്ജ് സീറ്റുകൾ നിർണയിക്കുന്നത്. കഴിഞ്ഞവർഷത്തെ 1,75,025 സീറ്റുകൾ ഈ വർഷവും കിട്ടും എന്നാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. അതിൽ 30% ഈ വർഷം പ്രൈവറ്റ് ടൂർ ഓപ്പറേറ്റർമാർക്ക് വേണ്ടി നീക്കിവെച്ചു. കഴിഞ്ഞവർഷം 20% ആയിരുന്നു അവരുടെ കോട്ട. പ്രൈവറ്റ് ഓപ്പറേറ്റർമാരിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങുന്നതിന് വേണ്ടി അവസരം ഒരുക്കാനാണ് ഈ വർദ്ധനവ് എന്നാണ് പൊതുവേ ആക്ഷേപിക്കപ്പെടുന്നത്. ആറര ലക്ഷത്തിനും എട്ടു ലക്ഷത്തിനും ഇടയിൽ വരെ കഴിഞ്ഞ വർഷങ്ങളിൽ  തുക ഈടാക്കിയവരുണ്ട്. ഒരു തീർത്ഥാടകന് ഒരു ലക്ഷം എന്ന രീതിയിൽ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്നും അതിന് ചില ചില ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രാവൽ ഏജൻസികൾ പറയുന്നു. ഇതാണ് പ്രൈവറ്റ് മേഖലയിൽ വൻ തുക ചെലവ് വരുന്നതിന് കാരണമായി അവർ പറയുന്നത്. ഗവൺമെന്റ് മുഖേന പോകുന്നവർക്ക് നാലു മുതൽ 4.5 ലക്ഷം വരെ മതിയാകുമ്പോൾ പ്രൈവറ്റ് മേഖലയിൽ രണ്ടു മുതൽ മൂന്നര ലക്ഷം വരെ അധികം കൊടുക്കേണ്ടി വരുന്നുണ്ട്. ഹജ്ജ് മേഖല ഒരു ചൂഷണത്തിന്റെ ഉപാധിയായി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.

ഈ വർഷം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയിൽ 1,51,981 പേരാണ് ഹജ്ജ് തീർഥാടനത്തിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 1,22,518 പേർക്ക് മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിഉൾപ്പെടുത്തി. ബാക്കിയുള്ള 29,463 പേർ വെയിറ്റിംഗ് ലിസ്റ്റിലാണ്. പ്രധാന പട്ടികയിലുള്ള ആരെങ്കിലും യാത്ര റദ്ദാക്കിയാൽ, വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം ലഭിക്കും.

1,51,981പേരാണ് ഈ വർഷം ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചിരിക്കുന്നത്. അതിൽ 1,22,518 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്തു. ബാക്കിയുള്ള 29,463 പേർ വെയ്റ്റിംഗ് ലിസ്റ്റിലാണ്. മെയിൻ ലിസ്റ്റിൽ നിന്ന് യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിനനുസരിച്ചാണ് വെയിറ്റിംഗ് ലിസ്റ്റിന്റെ ക്രമത്തിന് അനുസരിച്ച് കാത്തിരുപ്പ് പട്ടികയിലുള്ളവർക്ക്  അവസരം ലഭിക്കുന്നത്.

2025 ഹജ്ജിന് കേരളത്തിൽ നിന്ന് അപേക്ഷിച്ച 20,636 പേരിൽ 14,590 അപേക്ഷകർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 6,046 പേർ വെയിറ്റിംഗ് ലിസ്റ്റിൽ അവസരം പ്രതീക്ഷിച്ചിരിക്കുന്നു. തുടർച്ചയായി അഞ്ചു വർഷങ്ങളിൽ അപേക്ഷിച്ചു വരുന്നവർ  വരെ ഈ കൂട്ടത്തിൽ ഉണ്ട്. തുടർച്ചയായി അഞ്ചുവർഷം അപേക്ഷിച്ചവർക്കുള്ള മുൻഗണന 2017 മുതൽ നിർത്തലാക്കിയത് ഇത്തരം അപേക്ഷകരെ നിരാശയിലാക്കുന്നു. ഇത് പുനസ്ഥാപിക്കണമെന്ന് പല സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വർഷത്തെ ഹജ്ജ് പോളിസിയിലും അത് നിരാകരിക്കപ്പെട്ടു. 

കഴിഞ്ഞ വർഷം വരെ ഹജ്ജ് തീർഥാടനത്തിന് പോകുന്ന പ്രവാസി മലയാളികൾ ശവ്വാൽ 15നു മുൻപ് തങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ട് സമർപ്പിക്കേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ നിബന്ധനയിൽ ഇളവ് ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഒറിജിനൽ പാസ്‌പോർട്ട് ആവശ്യമില്ലാത്തതിനാൽ, ഈ വർഷം മുതൽ വളരെ നേരത്തെ പാസ്പോർട്ട് വാങ്ങി വെക്കുന്ന നടപടി ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്.

എന്നാൽ, പ്രവാസി മലയാളികൾക്ക് മറ്റൊരു പ്രശ്‌നമുണ്ട്. അതായത്, ഹജ്ജ് തീർഥാടനത്തിന് പോകാൻ ദീർഘകാല അവധി ലഭിക്കുന്നില്ല എന്നതാണ്. പല കമ്പനികളും രണ്ടോ മൂന്ന് മാസത്തെ അവധി അനുവദിക്കാൻ മടിക്കുന്നു. ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമായി, ഹജ്ജ് പാക്കേജുകളുടെ ദൈർഘ്യം കുറയ്ക്കാം എന്നാണ് നിർദ്ദേശം. പല ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ പത്തോ പതിനഞ്ചോ ദിവസത്തെ പാക്കേജുകളിലാണ് ഹജ്ജ് നിർവഹിക്കുന്നത്. അതുപോലെ ഇന്ത്യയിൽ നിന്നുള്ളവർക്കും 20 അല്ലെങ്കിൽ 30 ദിവസത്തെ പാക്കേജുകൾ ലഭ്യമാക്കിയാൽ, ഹജ്ജിന്റെ ചെലവും കുറയും, പ്രവാസികൾക്ക് അവധി ലഭിക്കുന്നതിലെ പ്രശ്‌നവും പരിഹരിക്കപ്പെടും. മക്കയിലെ താമസം ആണ് ഹജ്ജ് ചെലവിൽ ഏറ്റവും കൂടുതൽ വരുന്നത്. അതിനാൽ പാക്കേജ് ദൈർഘ്യം കുറച്ചാൽ ഈ ചെലവ് കുറയ്ക്കാൻ സാധിക്കും. ഹജ്ജിന്റെ ചെലവ് ചുരുങ്ങിയാൽ കൂടുതൽ ആളുകൾക്ക് ഹജ്ജ് തീർത്ഥാടനം എന്ന ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും. 

പ്രവാസികളായ ഇന്ത്യക്കാർക്ക് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടാൽ അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് തന്നെ സൗദിയിൽ എത്തി ഹജ്ജ് കർമ്മം പൂർത്തിയാക്കി അവിടേക്ക് തന്നെ മടങ്ങുന്ന സാഹചര്യം ഉണ്ടാവണം. നിലവിലുള്ള സാഹചര്യത്തിൽ, ഹജ്ജിനു പോകാൻ വേണ്ടി നാട്ടിലേക്ക് വരികയും ഹജ്ജ് പൂർത്തീകരിച്ചു തിരിച്ചുവന്ന ശേഷം വീണ്ടും ജോലി ചെയ്യുന്ന രാജ്യത്തേക്ക് പോകുകയും ചെയ്യുന്നതുമൂലം വിമാന ടിക്കറ്റ് ഇനത്തിലും മറ്റും വൻ തുക പ്രവാസികൾക്ക് ചെലവാക്കേണ്ടി വരുന്നു. ഓരോ രാജ്യത്തെയും ഇന്ത്യൻ സഹകരിച്ച്  ഹജ്ജ് കമ്മിറ്റിക്ക് ഇതിനു വേണ്ട പരിഹാരം ചെയ്യാവുന്നതാണ്.

സൗദി അറേബ്യയുമായുള്ള ചർച്ചയിലൂടെ ഹജ്ജ് പാക്കേജുകളുടെ ദൈർഘ്യം കുറയ്ക്കുന്നത് സാധ്യമാണെങ്കിലും, ഇന്ത്യൻ സർക്കാർ ഇതുവരെ ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തിയിട്ടില്ല. പല പ്രവാസി സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും, ഹജ്ജ് കമ്മിറ്റിയെ അവഗണിച്ച് വിദേശകാര്യ മന്ത്രാലയവും ന്യൂനപക്ഷ വകുപ്പും നേരിട്ട് ഇടപെടലുകൾ നടത്തുകയാണ് ചെയ്യുന്നത്. മുൻ ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ കാലത്താണ് ഹജ്ജ് കമ്മിറ്റിയുടെ അധികാരങ്ങൾ കുറച്ച് മന്ത്രാലയം നേരിട്ട് ഇടപെടുന്ന സംവിധാനം ആരംഭിച്ചത്.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടിക്ക് ഈ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് പല തവണ ഈ വിഷയം ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ, കേരളത്തിലെ എം.പിമാർ ഈ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാണ് ഐ.ടി. എംബ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഷെബീർ തുരുത്തി ആവശ്യപ്പെട്ടിരിക്കുന്നത്.

#Hajj #India #pilgrims #advancepayment #deadline #extension #financialdifficulties #SaudiArabia #HajjCommittee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia