Hanveev Chairman | 'സി ഐ ടി യു വിരട്ടല്‍ ഇങ്ങോട്ട് വേണ്ട'; ഹാന്‍വീവ് സമരക്കാര്‍ക്ക് വഴങ്ങില്ലെന്ന് സിപിഎം നേതാവായ ചെയര്‍മാന്‍

 


കണ്ണൂര്‍: (www.kvartha.com) താന്‍ ഇതിനെക്കാള്‍ വലിയ യൂനിയന്‍കാരെ കണ്ടിട്ടുണ്ടെന്നും അവരുടെ വര്‍ത്തമാനവും സമരവും പേടിപ്പിക്കലുമൊന്നും ഇങ്ങോട്ടു വേണ്ടെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗവും ഹാന്‍വീവ് ചെയര്‍മാനുമായ ടികെ ഗോവിന്ദന്‍ കണ്ണൂരിൽ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹാന്‍വീവില്‍ സിഐടിയു നടത്തിവരുന്ന സമരത്തിന് വഴങ്ങുന്ന പ്രശ്‌നമില്ല. യൂനിയന്‍കാരെ ഒരു വിഭാഗം തൊഴിലാളികള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ആരെങ്കിലും കേട്ട് പ്രതികരിക്കുകയോ സമരം ചെയ്യുകയോ അല്ല യുനിയന്‍കാര്‍ ചെയ്യെണ്ടത്.
           
Hanveev Chairman | 'സി ഐ ടി യു വിരട്ടല്‍ ഇങ്ങോട്ട് വേണ്ട'; ഹാന്‍വീവ് സമരക്കാര്‍ക്ക് വഴങ്ങില്ലെന്ന് സിപിഎം നേതാവായ ചെയര്‍മാന്‍

എംഡിയെ തെണ്ടിയെന്ന് വിളിച്ച ജയിംസ് മാത്യുവിന്റെ നിലപാടിനോട് യോജിക്കുന്നില്ല. അതുകൊണ്ടു യഥാര്‍ത്ഥ വിഷയം ഇല്ലാതായി മാറുകയാണ് ചെയ്യുന്നത്. 2004 ല്‍ മുതലുള്ള തൊഴിലാളികള്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്ന വിഷയം ഇവര്‍ മറയ്ക്കുകയാണ്. കാടുകാണാതെ മരം കാണുകയാണിവര്‍.
താന്‍ ക്ലേ ആന്‍ഡ് സെറാമിക്‌സ് ചെയര്‍മാനായ കാലത്ത് ഇതുമാതിരി ഒരുപാടു എതിര്‍പ്പുകള്‍ നേരിട്ടുണ്ട്. അതിനെ മറികടന്നു സ്ഥാപനത്തിനെ ലാഭകരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജെയിംസ് മാത്യു എംഡിയെ കുറ്റപ്പെടുത്തിയത് ശരിയായ നടപടിയല്ല. എന്തു തന്നെയായാലും ഹാന്‍വീവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

കെട്ടിക്കിടക്കുന്ന 20 കോടിയുടെ തുണിത്തരങ്ങള്‍ റിബേറ്റില്‍ നല്‍കാന്‍ കഴിഞ്ഞ 17 ന് തന്നെ മാനജ്‌മെന്റു തീരുമാനമെടുത്തിട്ടുണ്ട്. പിന്നെ എന്തിനാണ് സിഐടിയു സമരം നടത്തിയതെന്നു വ്യക്തമല്ല. കഴിഞ്ഞ ഏഴു മാസം കൊണ്ടു 24 കോടി രൂപയുടെ വ്യാപാരം നടത്തിയിട്ടുണ്ട്. ഹാന്‍വീവില്‍ ഒന്നര കോടി രൂപ ചിലവഴിച്ചു കംപ്യൂടര്‍ വല്‍ക്കരണം നടത്തിവരികയാണ്. ഊരാളുങ്കല്‍ സൊസെറ്റിക്കാണ് ഇതിന്റെ കരാര്‍ ഏല്‍പിച്ചത്. അതില്‍ പൊള്ളുന്ന ചില ജീവനക്കാരാണ് യുനിയന്‍കാരെ പിരികയറ്റി സമരത്തിനിറക്കിയത്. ഇതിലൊന്നും ഭരണ സമിതി തളരില്ലെന്നും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്‍പോട്ടു പോകുമെന്നും ടികെ ഗോവിന്ദന്‍ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച വില്‍പനയായ 20 കോടി രൂപ കോര്‍പറേഷന്‍ കൈവരിച്ചിട്ടുള്ളത് 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തിലാണ്. ഈ വില്‍പനയിലൂടെ കഴിഞ്ഞ കാലത്തെ പലബാധ്യതകളും തീര്‍ക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണിലും കോര്‍പറേഷനില്‍ വേതനം നല്‍കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ കോര്‍പറേഷന് ലഭിക്കാനുള്ള തുക ലഭിച്ച ഉടനെ സെപ്തംബര്‍ മാസം മൂന്ന് മാസത്തെ ശമ്പളം കോര്‍പറേഷന്‍ ഒന്നിച്ചു നല്‍കിയിട്ടുണ്ട്.

ഗവ. റിബേറ്റ്, ഗവ. സ്‌കൂള്‍ യൂനിഫോം, ഗവ,. സ്‌കൂള്‍ യൂനിഫോം ഇന്‍സ്റ്റിറ്റിയൂഷനല്‍ ചാര്‍ജ്, ക്രെഡിറ്റ് റവന്യൂ റികെവറി, ഇന്‍സ്റ്റിയൂഷനല്‍ സപ്ലൈ എന്നീയിനത്തില്‍ 47 ലക്ഷം രൂപയോളം സര്‍കാരില്‍ നിന്നും കോര്‍പറേഷന് ലഭിക്കാനുണ്ട്. ഇതുലഭിച്ചാലുടന്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പരിഹരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എംഡി അരുണാചലം സുകുമാര്‍, ഉദ്യോഗസ്ഥരായ ഒകെ സുദീപ്, അരുണ്‍ അഗസ്റ്റിന്‍ എന്നിവരും പങ്കെടുത്തു.

Keywords: Hanveev Chairman against CITU strike,Kerala,Kannur,News,Top-Headlines,Press-Club,CPM,Leader,Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia