സഹകരണബാങ്ക് പ്രക്ഷോഭത്തില്‍ പൊട്ടിത്തെറിക്കുന്നത് യുഡിഎഫ്; തിങ്കളാഴ്ച രണ്ടിലൊന്ന് അറിയാം: സുധീരനോട് പൊരുതിനിന്ന ഹസന്‍ ഇപ്പോള്‍ കൂടെനില്‍ക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 20.11.2016) സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എതിര്‍ക്കുന്നത് യുഡിഎഫില്‍ സൃഷ്ടിക്കുന്നത് വലിയ പൊട്ടിത്തെറി. സുധീരന്‍ ഒരു വശത്തും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മറുവശത്തുമായി രൂപപ്പെടുന്ന ഭിന്നതയില്‍ മുസ്്‌ലിം ലീഗ് കൂടി ഇടപെട്ടത് കോണ്‍ഗ്രസില്‍ മറ്റൊരു തരം ഭിന്നതയ്ക്കും ഇടയാക്കി.

കെപിസിസി പ്രസിഡന്റായി വന്നതുമുതല്‍ സുധീരന്റെ പരസ്യവിമര്‍ശകനായ വൈസ് പ്രസിഡന്റ് എം എം ഹസന്‍ ഈ പ്രശ്‌നത്തില്‍ സുധീരനൊപ്പമാണ്. ഇടതുമുന്നണിയുമായി ചേര്‍ന്ന് സമരം ചെയ്യുമെന്ന രമേശ് ചെന്നിത്തലയുടെ നിലപാടിനെ എതിര്‍ത്താണ് ഹസന്‍ രംഗത്തുവന്നത്. സുധീരന്റെ നിലപാടും അതുതന്നെയാണ്. ഫലത്തില്‍, സഹകരണമേഖലയ്ക്കു വേണ്ടി യോജിച്ച സമരത്തേക്കുറിച്ച് ആദ്യം സംസാരിച്ച ഉമ്മന്‍ ചാണ്ടിയെത്തന്നെയാണ് ഇവര്‍ എതിര്‍ക്കുന്നത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കും മലബാറിലെ, പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ നിരവധി പ്രാഥമിക സഹകരണ സംഘങ്ങളും ഭരിക്കുന്ന ലീഗിന് നോട്ട് അസാധുവാക്കലിനെതിരായ പ്രക്ഷോഭം അനിവാര്യമാണ്. അതുകൊണ്ടുതന്നെ അവര്‍ ഇടതുമുന്നണിക്കൊപ്പം അക്കാര്യത്തില്‍ കൈകോര്‍ക്കാനും തയ്യാറാണ്. അതാണ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരസ്യമായി വെളിപ്പെടുത്തിയത്. കോണ്‍ഗ്രസും നിരവധി പ്രാഥമിക സഹകരണ സംഘങ്ങള്‍ ഭരിക്കുന്നുണ്ട്. ഭരണം മാറുമ്പോള്‍ സംസ്ഥാനസഹകരണ ബാങ്കിന്റെ നിയന്ത്രണം സ്വഭാവികമായും യുഡിഎഫിനും എല്‍ഡിഎഫിനും ഇടയില്‍ മാറിമാറിയാണ് വരുന്നത്. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്.

സഹകരണ മേഖലയിലെ നിക്ഷേപത്തെ രൂക്ഷമായി ബാധിക്കുന്നതരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഈ പാര്‍ട്ടികളുടെയെല്ലാം സാധാരണ പ്രവര്‍ത്തകരും അനുഭാവികളും പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തെ ഭയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് യോജിച്ച പ്രക്ഷോഭം എന്ന നിലപാടിലേക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ലീഗും സിപിഎമ്മും എത്തുന്നത്. സ്വാഭാവികമായും കെപിസിസി പ്രസിഡന്റും ഈ വികാരത്തിനൊപ്പം നില്‍ക്കും എന്നാണ് ഇവരെല്ലാം കരുതിയത്. എന്നാല്‍ യോജിച്ചു സമരം ചെയ്യുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും രാഷ്ട്രീയമായി ദോഷം ചെയ്യും എന്നാണ് സുധീരന്റെ വാദം. ഹസന്‍ അതിനോട് യോജിക്കുകയും ചെയ്യുന്നു.
പക്ഷേ, സുധീരന്റെ എതിര്‍പ്പ് അവഗണിച്ച് യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ നേതാവിന്റെയും മുന്‍ മുഖ്യമന്ത്രിയുടെയും നീക്കം.

തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ലീഗും ഇതിനെ പിന്തുണയ്ക്കുന്നതോടെ ഒന്നുകില്‍ സുധീരന്‍ വഴങ്ങേണ്ടിവരും. അല്ലെങ്കില്‍ യോജിച്ചസമരം വേണ്ടെന്നു തീരുമാനിക്കേണ്ടി വരും. രണ്ടും എളുപ്പമല്ല എന്നതാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നത്. യോജിച്ച സമരത്തിനോട് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് ആദ്യം കെവാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സഹകരണബാങ്ക് പ്രക്ഷോഭത്തില്‍ പൊട്ടിത്തെറിക്കുന്നത് യുഡിഎഫ്; തിങ്കളാഴ്ച രണ്ടിലൊന്ന് അറിയാം: സുധീരനോട് പൊരുതിനിന്ന ഹസന്‍ ഇപ്പോള്‍ കൂടെനില്‍ക്കുന്നു


Keywords:  Kerala, Thiruvananthapuram, Bank, fake-currency-case, Ban, UDF, LDF, Muslim-League, Politics, V. M.Sudheeran, Ramesh Chennithala, Oommen Chandy, Congress, KPCC, CPM, Protest, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia