ബാറുകള്‍ വൈകിട്ട് അഞ്ചിന്‌ ശേഷം തുറന്നാല്‍ മതിയെന്ന്‍ ഹൈക്കോടതി

 


ബാറുകള്‍ വൈകിട്ട് അഞ്ചിന്‌ ശേഷം തുറന്നാല്‍ മതിയെന്ന്‍ ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ വൈകിട്ട് അഞ്ചിനു ശേഷം തുറന്ന്‌ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സെപ്റ്റംബര്‍ പത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന്‌ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

സംസ്ഥാനത്ത് വൈകിട്ട്‌ അഞ്ചുവരെ മദ്യഉപയോഗം നിരോധിക്കണമെന്നാണ്‌ ഹൈക്കോടതിയുടെ അഭിപ്രായം. രാവിലെ മുതല്‍ മദ്യം വാങ്ങാന്‍ കിട്ടുമെന്നതു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരെ മദ്യം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കും. 

പലരും മദ്യം കഴിച്ചു ജോലി ചെയ്യാനും ഇതിടയാക്കും. മദ്യ ഉപയോഗം കുറയ്ക്കണമെങ്കില്‍ ബാര്‍ ഹോട്ടലുകളില്‍ മദ്യവില്‍പന വൈകിട്ട് അഞ്ചിനു ശേഷമാക്കണം. ഇങ്ങനെ ചെയ്താല്‍ പ്രവൃത്തി സമയത്തു മദ്യപിക്കാന്‍ അവസരമുണ്ടാവില്ലെന്നു കോടതി വ്യക്തമാക്കി.

മദ്യലഭ്യത നിയന്ത്രിച്ചാല്‍ ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ കഴിയുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയെന്നതാണു സര്‍ക്കാര്‍ നയം. മദ്യ ലഭ്യത നിയന്ത്രിക്കുന്നത് ഈ ലക്ഷ്യപ്രാപ്തിക്കു സഹായകമാകുമെന്നു കോടതി പറഞ്ഞു. വാഹനം ഓടിക്കുന്ന കാര്യത്തില്‍ പോലും ചെറിയ അളവില്‍ മദ്യപിച്ച് ഓടിക്കുന്നതു തെറ്റല്ലെന്നും, മദ്യ ലഹരിയില്‍ ഓടിക്കരുതെന്നും മാത്രമാണു നിയമത്തില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളും പരിഗണിച്ച്, പ്രവൃത്തി സമയം മദ്യവില്‍പന നിരോധിക്കേണ്ടതാണ്.

മദ്യത്തിന് അടിമപ്പെട്ടവര്‍ മാത്രമേ രാവിലെ തുടങ്ങിയും പകല്‍ നേരത്തും മദ്യം കഴിക്കാറുള്ളൂ. അസ്വാദനത്തിനു മദ്യം കഴിക്കുന്നവര്‍ വൈകിട്ടേ കഴിക്കൂ. ബവ്റിജസ് കോര്‍പറേഷനില്‍ പകല്‍ കുപ്പിയില്‍ മദ്യം വില്‍ക്കുന്നുണ്ട്. ജോലി കഴിഞ്ഞു മദ്യം കഴിക്കണമെന്നുള്ളവര്‍ കുപ്പി വാങ്ങി കൊണ്ടുപോയാല്‍ പ്രശ്നം ഗുരുതരമാകില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

മുനിസിപ്പല്‍, പഞ്ചായത്ത് മേഖലകളിലെ പോലെ കോര്‍പറേഷന്‍ മേഖലയിലും രാവിലെ എട്ടു മുതല്‍ ബാര്‍ പ്രവര്‍ത്തിപ്പിക്കാനാകുമോ എന്ന പ്രശ്നമാണു കോടതി പരിഗണിച്ചത്. കോര്‍പറേഷന്‍ മേഖലയില്‍ ഒന്‍പതു മുതലാണു സമയം. ഇക്കാര്യത്തില്‍ ചട്ടം പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ജഡ്ജിയുടെ നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്.

Key Words: Alcoholic Youth, High Court of Kerala, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia