പുത്തൂരില്‍ വാതവിസ്‌ഫോടനം; മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 27 വീടുകള്‍ക്ക് ഭാഗിക നാശം, കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു, വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു; പ്രദേശം ഇരുട്ടിലായി; കനത്ത നാശനഷ്ടം
Sep 9, 2021, 13:25 IST
തൃശൂര്‍ : (www.kvartha.com 09.09.2021) പുത്തൂരില്‍ വാതവിസ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 27 വീടുകള്‍ക്ക് ഭാഗിക നാശം, കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു, വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു, പ്രദേശം ഇരുട്ടിലായി.
ബുധനാഴ്ച രാവിലെ നാലരയ്ക്കും അഞ്ചിനും ഇടയിലാണ് സംഭവം. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളില്‍ മൂന്നുമിനിറ്റ് വീതം വീശിയ മിന്നല്‍ ചുഴലിക്കാറ്റിലാണ് മലയോരത്ത് രണ്ടിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോള്‍ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളല്‍മൂലമുണ്ടാവുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പുത്തൂര്‍ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും സുവോളജിക്കല്‍ പാര്‍കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്. അതേസമയം ആളപായമില്ല.
വിവിധ സ്ഥലങ്ങളിലായി എട്ട് ഏകറിലെ റബര്‍മരങ്ങളും ഒടിഞ്ഞുവീണു. കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു. ശക്തമായ മഴയ്ക്കുശേഷമാണ് വലിയ ശബ്ദത്തോടെ മരങ്ങള്‍ ആടിയുലഞ്ഞ് നിലംപതിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. തെങ്ങുകള്‍ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് കമ്പികള്‍ പൊട്ടിവീണതോടെ പ്രദേശം മുഴുവന്‍ ഇരുട്ടിലായി. വഴിയില്‍ പലയിടത്തും മരങ്ങള്‍ വീണുകിടന്നത് നാട്ടുകാര്‍ മുറിച്ചുനീക്കി. മരങ്ങള്‍ മറിഞ്ഞുവീണും കാറ്റില്‍ മേല്‍കൂരകള്‍ പറന്നുപോയതുമായ വീടുകള്‍ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.
സംഭവത്തെ തുടര്‍ന്ന് റവന്യൂമന്ത്രി കെ രാജന്‍ ഓണ്‍ലൈനില്‍ അടിയന്തരയോഗം വിളിക്കുകയും നാശനഷ്ടം നേരിട്ടവര്‍ക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് വൈകാതെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Keywords: Heavy winds in Puthur; Destroyed houses and agriculture, Thrissur, News, Minister, Meeting, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.