സുധീരനെതിരായ എ, ഐ നീക്കം ചെറുക്കാന്‍ 'ഹൈക്കമാന്‍ഡ് ഗ്രൂപ്പ്' രാഹുല്‍ ഗാന്ധിയെ കാണുന്നു

 


തിരുവനന്തപുരം: (www.kvartha.com 18.09.15) സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രസിഡന്റായി വി എം സുധീരനെ നിയോഗിച്ചതുമുതല്‍ എ, ഐ ഗ്രൂപ്പുകള്‍ അദ്ദേഹത്തോടു ചെയ്യുന്നതു 'ദ്രോഹങ്ങള്‍' ആണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ കേരള നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണും. മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. എ കെ ആന്റണിയുടേതാണു ബുദ്ധിയെന്നാണു വിവരം.

പി ജെ കുര്യനും ശശി തരൂരും ഈ നീക്കവുമായി സഹകരിക്കുന്നുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പാക്കാന്‍ എയും ഐയും നടത്തുന്ന നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ടുള്ളതാണെന്ന് ഇവര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും.

 ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായാണ് പ്രധാനമായും സംസാരിക്കുക. പ്രശ്‌നം ആന്റണി സോണിയയുമായും സംസാരിച്ചേക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഗ്രൂപ്പു കളിക്കുക മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗ്രൂപ്പു കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് ഡല്‍ഹിയിലെ കേരള നേതാക്കളുടെ പരാതി.

സിപിഎം വലിയ പ്രതിസന്ധി നേരിടുമ്പോഴും അടുത്ത തവണ വീണ്ടും അധികാരത്തിലെത്താനുള്ള യുഡിഎഫിന്റെ സാധ്യത ഈ ഗ്രൂപ്പുകളി മൂലം നഷ്ടപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ രമേശും ഉമ്മന്‍ ചാണ്ടിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത് സുധീരനെ മാറ്റി തങ്ങളുടെ ഇഷ്ടക്കാരില്‍ ആരെയെങ്കിലും കെപിസിസി തലപ്പത്തുകൊണ്ടു വരാനാണത്രേ. അതു സാധിച്ചില്ലെങ്കില്‍ സുധീരനെ നിശ്ശബ്ദനാക്കാനെങ്കിലും സാധിക്കുമോ എന്നാണു നോട്ടം. അത് രണ്ടും അനുവദിക്കാതെ കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കണം എന്നാണ് ആവശ്യം.

അതേസമയം, കേരളത്തില്‍ നിന്ന് ഡല്‍ഹിയിലുള്ള നേതാക്കളില്‍ ചിലര്‍ക്ക് കെപിസിസി പ്രസിഡന്റ്
സ്ഥാനത്തേക്കു നോട്ടമുണ്ടെന്നും സുധീരനെ മാറ്റിയാല്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയാകാനാണ് ഇപ്പോഴത്തെ ശ്രമമെന്നും എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. ഇത് സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ പോരായി മാറിയിട്ടുമുണ്ട്. പരസ്യ പ്രസ്താവനകള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്കുള്ളതുകൊണ്ടുമാത്രമാണ് ആരും മിണ്ടാത്തതത്രേ.

മുല്ലപ്പള്ളിയും കൊടിക്കുന്നിലും കെപിസിസി പ്രസിഡന്റ് സ്ഥാനമോഹികളാണെന്ന് ഗ്രൂപ്പുകള്‍ മുമ്പേ പറയാറുണ്ട്. എന്നാല്‍ സുധീരനെ മാറ്റി മറ്റാരെയെങ്കിലും പ്രസിഡന്റാക്കുക എന്ന ആവശ്യം തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നും ഗ്രൂപ്പുകള്‍ വിശദീകരിക്കുന്നു. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെടുമെന്ന സൂചന ശക്തമാണ്.

സുധീരനെതിരായ എ, ഐ നീക്കം ചെറുക്കാന്‍ 'ഹൈക്കമാന്‍ഡ് ഗ്രൂപ്പ്' രാഹുല്‍ ഗാന്ധിയെ കാണുന്നു


Also Read:
വാസ്തു ശില്‍പി പൂച്ചോല്‍ ടി.വി. ശങ്കരന്‍ ആചാരി നിര്യാതനായി
Keywords:  High Command group to resist A, I groups, Thiruvananthapuram, Rahul Gandhi, Oommen Chandy, Sonia Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia