Anticipatory Bail | ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈകോടതി റദ്ദാക്കി
Oct 20, 2022, 15:08 IST
കൊച്ചി: (www.kvartha.com) ദലിത് യുവതിക്കെതിരായ ലൈംഗികപീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈകോടതി റദ്ദാക്കി. കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യമാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സര്‍കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സിവിക് ചന്ദ്രന്‍ ഹാജരാകണം. രണ്ട് കേസുകളാണ് സിവികിനെതിരെയുള്ളത്. ഇതില്‍ ഒരു കേസില്‍, സിവികിന്റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നേരത്തെ, മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവില്‍ ഉണ്ടായിരുന്ന ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഹൈകോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉള്‍പെടെയുള്ള വിവാദ പരാമര്‍ശങ്ങള്‍ ആണ് നീക്കിയത്. സമൂഹമാധ്യമങ്ങളില്‍നിന്നുള്ള ഫോടോകള്‍ പ്രതി ഹാജരാക്കിയത് പരിശോധിച്ച ശേഷമാണ് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നുവെന്ന് പരാമര്‍ശിച്ചത്.
2020 ഫെബ്രുവരി എട്ടിന് നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടല്‍ത്തീരത്ത് വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 2022 ജൂലൈ 29ന് അതിജീവിത നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.