Setback | തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
● ഡി ലിമിറ്റെഷന്‍ കമ്മീഷന്‍ വിജ്ഞാപനവും റദ്ദാക്കി.
● സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ് വിഭജനവും റദ്ദാക്കിയിട്ടില്ല.
● വാര്‍ഡുകള്‍ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി.
കൊച്ചി: (KVARTHA) തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വാര്‍ഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
ഏഴ് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. നിലവിലുള്ള 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് 2015ല്‍ വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്. പുതിയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡ് പുനര്‍ വിഭജനം സാധ്യമല്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.
വാര്‍ഡുകള്‍ വിഭജിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫറോക്ക്, കൊടുവള്ളി, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം എന്നിവയാണ് വിഭജനം റദ്ദാക്കിയ വാര്‍ഡുകള്‍. മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരാണ് വാര്‍ഡ് വിഭജനത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതേസമയം സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡ് വിഭജനവും റദ്ദാക്കിയിട്ടില്ല.
2011-ലെ സെന്‍സസ് പ്രകാരം 2015-ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് ഹൈക്കോടതി നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്ന് കോടതി വ്യക്തമാക്കി.
#Kerala #HighCourt #warddivision #localbodies #census #legalbattle