High court | വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ കൃതൃമം കണ്ടെത്തിയാല്‍ ചാന്‍സിലര്‍ കണ്ണടയ്ക്കണോയെന്ന് ഹൈകോടതി
Nov 3, 2022, 18:41 IST
കൊച്ചി: (www.kvartha.com) വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ കൃത്രിമം കണ്ടെത്തിയാല്‍ ചാന്‍സിലര്‍ കണ്ണടയ്ക്കണോയെന്ന് ഹൈകോടതി. ചാന്‍സിലറായ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോടിസ് ചോദ്യംചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ പ്രതികരണം. എന്നാല്‍ കൃത്രിമം കണ്ടെത്തിയാല്‍ നിയമപരമായ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു വി സിമാരുടെ മറുപടി. വി സിമാരെ പുറത്താക്കാന്‍ ചാന്‍സിലര്‍ക്ക് കഴിയില്ലെന്നും വാദിച്ചു.
പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ നോടീസിന്റെ കാലാവധിയും ഹൈകോടതി നീട്ടിനല്‍കി . ഏഴാം തീയതി വരെയാണ് സമയം നല്‍കിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഹൈകോടതിയുടെ നടപടി. തിങ്കളാഴ്ച അഞ്ചുമണിവരെയാണ് ചാന്‍സലര്‍ സമയം അനുവദിച്ചിരുന്നത്. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കേരള- ഫിഷറീസ് സര്‍വകലാശാല വി സിമാര്‍ നിലവില്‍ നോടീസിന് വിശദീകരണം നല്‍കിയിട്ടുണ്ട്.
ഗവര്‍ണറെ കണ്ട് നേരിട്ട് വിശദീകരണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സമയം നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചാന്‍സലര്‍ക്ക് വിശദീകരണം നല്‍കുകയല്ലേ വേണ്ടതെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഹൈകോടതിയില്‍ ഉന്നയിച്ച എതിര്‍വാദങ്ങള്‍ ചാന്‍സലറെ അറിയിക്കാനാണ് വിസിമാരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിസിമാരുടെ ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ചാന്‍സലറോട് ഹൈകോടതി സത്യവാങ്മൂലം തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍നടപടികള്‍.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ 11 വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് അയച്ചത്. എന്നാല്‍, സര്‍വകലാശാലാ ചട്ടപ്രകാരം ചാന്‍സലര്‍ക്ക് ഇക്കാരണത്താല്‍ വിസിമാരെ പുറത്താക്കാനാകില്ലെന്ന് കാണിച്ചാണ് ഏഴു പേര്‍ ഹൈകോടതിയെ സമീപിച്ചത്.
അതേസമയം, യുജിസി നിയമങ്ങള്‍ പാലിക്കാതെയുള്ള എല്ലാ വിസി നിയമനങ്ങളും അസ്ഥിരപ്പെടുത്തുന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയുള്ള വി സിയുടെ നടപടിയുമാണ് കോടതിയുടെ മുന്നിലുള്ളത്. സര്‍വകലാശാല നിയമങ്ങള്‍ പ്രകാരം ചാന്‍സിലര്‍ക്ക് വിസിമാരെ പുറത്താക്കാന്‍ കഴിയില്ലെന്ന നിയമപ്രശ്നമാണ് കോടതി പരിഗണിക്കുക. അതില്‍ വിശദമായ വാദംകേട്ട ശേഷമേ കോടതി ഉത്തരവുണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തില്‍ ചാന്‍സലര്‍ക്ക് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ കോടതി അന്തിമതീരുമാനത്തിലേക്ക് കടക്കുകയുള്ളൂ.
കോടതിയില്‍ വിസിമാര്‍ ഉയര്‍ത്തിയ വാദമെല്ലാം ചാന്‍സിലറോട് ആവര്‍ത്തിക്കാന്‍ ഹൈകോടതി അനുമതി നല്‍കി. എതിര്‍പ്പുകള്‍ എല്ലാം ചാന്‍സിലറോട് പറഞ്ഞ ശേഷം, അദ്ദേഹം അതിലൊരു തീരുമാനം എടുക്കട്ടെ എന്നാണ് കോടതിയുടെ നിലപാട്. അതേസമയം, ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിസിമാരെ പുറത്താക്കിക്കൊണ്ടുള്ള ഒരു തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് എടുക്കാന്‍ സാധിക്കില്ല.
Keywords: High court gives more time to VCs to give explanation on Chancellor notice, Kochi, News, Trending, High Court of Kerala, Governor, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.