HC | 'സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്, ഇനി ഒരു ജീവനും നഷ്ടമാവരുത്'; കൊച്ചിയില്‍ ബസിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈകോടതി; നേരിട്ട് ഹാജരായി ഡിസിപി

 




കൊച്ചി: (www.kvartha.com) നഗരത്തില്‍ ബസിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈകോടതി. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുതെന്നും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസിപി നേരിട്ട് കോടതിയില്‍ ഹാജരായി. എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിസിപിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കിനില്‍ക്കുമെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. ഓവര്‍ടേകിങ് പാടില്ലെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിസിപി കോടതിയെ അറിയിച്ചു. എന്നാല്‍ ഓവര്‍ടേകിങ്ങിനെതിരെ നടപടി സ്വീകരിച്ചാല്‍ ബസ് യൂനിയനുകള്‍ സമരം തുടങ്ങുമെന്നും ഡിസിപി കോടതിയെ അറിയിച്ചു.

ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന് കോടതി വ്യക്തമാക്കി. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാന്‍ ബസുകളില്‍ ഹെല്‍പ് നമ്പര്‍ രേഖപ്പെടുത്താന്‍ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം പരിഗണിക്കുന്നത് ഹൈകോടതി 23 ലേയ്ക്ക് മാറ്റി വച്ചു.

രാവിലെ 8.15ന് കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈകിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസിനടിയിലേക്ക് വീണ ആന്റണി തല്‍ക്ഷണം തന്നെ മരിച്ചു. 

HC | 'സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്, ഇനി ഒരു ജീവനും നഷ്ടമാവരുത്'; കൊച്ചിയില്‍ ബസിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈകോടതി; നേരിട്ട് ഹാജരായി ഡിസിപി


സിഗ്‌നലില്‍ ബൈക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സിഗ്‌നല്‍ മാറിയതോടെ പിന്നില്‍ നിന്നെത്തിയ ബസ് വളരെ അലക്ഷ്യമായി ബൈകിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങിയത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

Keywords:  News,Kerala,State,Kochi,High Court of Kerala,Passenger,Road,Accident,Accidental Death,bus,Judge,Top-Headlines,Trending,CCTV, High Court intervened incident of bike passenger died after hit by bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia