High court | ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവരുന്നത് കടുത്ത മാനസിക പീഡനമെന്ന് കാട്ടി 5 മാസം ഗര്‍ഭിണിയായ 21കാരിയുടെ പരാതി; ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com) ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവരുന്നത് കടുത്ത മാനസിക പീഡനമെന്ന് കാട്ടി അഞ്ചു മാസം ഗര്‍ഭിണിയായ 21കാരിയുടെ പരാതി. ഗര്‍ഭാവസ്ഥ 21 ആഴ്ച പിന്നിട്ടെങ്കിലും ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക പ്രയാസം നേരിടുന്ന 21കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈകോടതി. ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.

High court | ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടിവരുന്നത് കടുത്ത മാനസിക പീഡനമെന്ന് കാട്ടി 5 മാസം ഗര്‍ഭിണിയായ 21കാരിയുടെ പരാതി; ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈകോടതി

ജസ്റ്റിസ് വി ജി അരുണിന്റെതാണ് ഈ നിരീക്ഷണം. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡികല്‍ ബോര്‍ഡ് റിപോര്‍ടും കോടതി പരിഗണിച്ചു. ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച (മെഡികല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട്) നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണെന്നും കോടതി നിരീക്ഷിച്ചു.

കോട്ടയം മെഡികല്‍ കോളജിലോ ഏതെങ്കിലും സര്‍കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടപടികളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നല്‍കണം. പുറത്തെടുക്കുന്ന സമയത്ത് കുഞ്ഞിന് ജീവനുണ്ടെങ്കില്‍, ആശുപത്രി അധികൃതര്‍ മെഡികല്‍ പരിരക്ഷ ഒരുക്കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ യുവതി തയാറല്ലെങ്കില്‍ സര്‍കാരും ബന്ധപ്പെട്ട ഏജന്‍സികളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് ഹരജി രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ബസ് കന്‍ഡക്ടറെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് യുവതി. പിന്നീട് ഭര്‍ത്താവും ഭര്‍തൃ മാതാവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായി. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം തുടര്‍ന്നതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡികല്‍ കോളജിനെ സമീപിച്ചു.

എന്നാല്‍, വിവാഹബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കിയയക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയശേഷം വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Keywords: High court says that husbands permission is not required for abortion, Kochi, News, Pregnant Woman, High Court of Kerala, Hospital, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia