Allegation | 'ഒരു വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നു', തുറന്നടിച്ച് ഹണി റോസ്
● ചില ആളുകൾ താൻ ഇത്തരം പ്രസ്താവനകൾ ആസ്വദിക്കുന്നു എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.
● മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പ്രവർത്തനങ്ങളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കുകയാണ് തന്റെ പതിവ് രീതിയെന്ന് ഹണി റോസ് പറയുന്നു.
കൊച്ചി: (KVARTHA) പ്രമുഖ നടി ഹണി റോസിനെതിരെ ഒരു വ്യക്തി തുടർച്ചയായി ദ്വയാർഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി വെളിപ്പെടുത്തൽ. ഇതിനെതിരെ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്. താൻ പങ്കെടുത്ത ഒരു പൊതു ചടങ്ങിൽ ഉണ്ടായ ദുരനുഭവമാണ് ഇതിന് പിന്നിലെന്ന് നടി പറയുന്നു. പേര് വെളിപ്പെടുത്താതെയാണ് ഹണി റോസ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത് എങ്കിലും, നിയമപരമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.
ഒരു വ്യക്തി മനഃപൂർവം ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് അടുത്ത സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ തുറന്നുപറച്ചിൽ എന്ന് ഹണി റോസ് പറയുന്നു. ചില ആളുകൾ താൻ ഇത്തരം പ്രസ്താവനകൾ ആസ്വദിക്കുന്നു എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. മറ്റുചിലർ താൻ ഇതെല്ലാം അംഗീകരിക്കുന്നു എന്ന് വിചാരിക്കുന്നു. എന്നാൽ വാസ്തവം അതല്ലെന്നും ഹണി റോസ് വ്യക്തമാക്കുന്നു.
ഒരു പ്രത്യേക ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ താൻ പോകാൻ വിസമ്മതിച്ചതിന്റെ പ്രതികാരമായി, ആ വ്യക്തി താൻ പങ്കെടുക്കുന്ന മറ്റ് ചടങ്ങുകളിൽ മനഃപൂർവം വരികയും, അവിടെയെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഹണി റോസ് ആരോപിച്ചു. ഇത് വളരെ അധികം മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും നടി കൂട്ടിച്ചേർത്തു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തനങ്ങളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചതെന്നും നടി വ്യക്തമാക്കി.
മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പ്രവർത്തനങ്ങളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കുകയാണ് തന്റെ പതിവ് രീതിയെന്ന് ഹണി റോസ് പറയുന്നു. എന്നാൽ അതിനർത്ഥം തനിക്ക് പ്രതികരണശേഷിയില്ല എന്നല്ല. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ളതാകരുത്. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഹണി റോസ് വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും നടി കൂട്ടിച്ചേർത്തു.
ഹണി റോസിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
'ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവൃത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല'.
#HoneyRose, #Harassment, #LegalAction, #DoubleEntendre, #Kerala, #EntertainmentNews