Guidance | പുതിയ റേഷൻ കാർഡ് എങ്ങനെ സ്വന്തമാക്കാം? അറിയേണ്ടതെല്ലാം 

 
 Guidance
 Guidance

Photo Credit: KVARTHA

കൂട്ടുകുടുംബമായി താമസിച്ച് പിന്നീട് വേർപെട്ട് ജീവിക്കുന്ന പലർക്കുമാണ് റേഷൻ കാർഡ് കൂടുതലായും ഇല്ലാത്തത്.

കെ ആർ ജോസഫ് 

(KVARTHA) കേരളത്തിൽ ജീവിക്കുന്ന എല്ലാ മലയാളികളുടെയും അവകാശമാണ് സ്വന്തമായി ഒരു റേഷൻ കാർഡ് എന്നത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി കാർഡ് എന്നതിനെക്കാൾ ഒക്കെ ചിന്തിക്കുമ്പോൾ ഇതിന് പ്രധാന്യം ഏറെ ഉണ്ട് താനും. ഭൂരിഭാഗം പേർക്കും റേഷൻ കാർഡ് സ്വന്തമായി ഉള്ളവരാണ്. എന്നാൽ ചുരുക്കം ചിലരെങ്കിലും ഈ കൊച്ചു കേരളത്തിൽ റേഷൻ കാർഡ് ഇല്ലാതെ ജീവിക്കുന്നുണ്ടെന്നതാണ് സത്യം. സ്വന്തമായി ഒരു റേഷൻ കാർഡ് എങ്ങനെ സ്വന്തമാക്കിയെടുക്കാമെന്നതിനെപ്പറ്റിയുള്ള അജ്ഞതയാണ് ഇതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. 

Guidance

കൂട്ടുകുടുംബമായി താമസിച്ച് പിന്നീട് വേർപെട്ട് ജീവിക്കുന്ന പലർക്കുമാണ് റേഷൻ കാർഡ് കൂടുതലായും ഇല്ലാത്തത്. തീർച്ചയാണ്, സർക്കാർ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക്  ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വീടുകൾ ശേഖരിക്കപ്പെടുവാൻ ആവശ്യമായ ഒരു റേഷൻ കാർഡ് സ്വന്തമാക്കേണ്ടത് ഇവിടെ ജീവിക്കുന്ന ഒരോരുത്തരുടെയും കടമയും ആകുന്നു. പുതിയ റേഷന്‍ കാര്‍ഡിന് എന്തു ചെയ്യണം, ആര്‍ക്കൊക്കെ അപേക്ഷിക്കാം, അതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. 

പുതിയ റേഷൻ കാർഡിന്  ആര്‍ക്കൊക്കെ അപേക്ഷിക്കാം 

റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയം ഫോട്ടോ എടുത്തു കാര്‍ഡ് പുതുക്കാത്തവര്‍, നാളിതുവരെ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരും നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെ കുടുംബത്തിനും താല്‍ക്കാലിക കാര്‍ഡ് കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുള്ളവര്‍, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുത്തിട്ടും ലിസ്റ്റില്‍ പേരു വരാത്തവര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയില്‍ എല്ലാ വിവരങ്ങളും എഴുതി കാര്‍ഡ് ഉടമയുടെ രണ്ടു പാസ്‌പോര്‍ട്ടു സൈസ് ഫോട്ടോ (ഒന്ന് നിര്‍ദിഷ്ട സ്ഥാനത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം) സഹിതം സപ്ലൈ ഓഫീസില്‍ ഹാജരാക്കണം. 

എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. രണ്ടു വയസിനു മുകളിലുള്ള കുട്ടികളെ ചേര്‍ക്കുന്നതിനു ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷയോടൊപ്പം  രേഖകളും സമര്‍പ്പിക്കണം. 

രേഖകള്‍ എന്തൊക്കെ

പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയില്‍നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസില്‍നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം മേല്‍ പറഞ്ഞിട്ടുള്ള ഓരോ വിഭാഗത്തിന്റേയും താഴെ പറയുന്ന രേഖകളും ഹാജരാക്കണം. 

വിഭാഗം, ഹാജരാക്കേണ്ട മറ്റ് രേഖകൾ എന്നിവ ക്രമത്തില്‍

1. പുതുക്കാത്ത റേഷന്‍കാര്‍ഡ് ഉടമകള്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം) 
2. നിലവില്‍ സംസ്ഥാനത്തെ ഒരിടത്തും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ (കേരളത്തില്‍ ഒരിടത്തും ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ല എന്നു കാണിക്കുന്ന രേഖ) 
3. താല്‍കാലിക റേഷന്‍ ചട്ടകാര്‍ഡ് ഉള്ളവര്‍ (നിലവിലുള്ള താല്‍ക്കാലിക ചട്ട കാര്‍ഡ്) 
4. ഫോട്ടോ എടുത്തിട്ട് ഒരു ലിസ്റ്റിലും പേരു വരാത്തവര്‍ (നിലവിലെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും അസ്സല്‍ കാര്‍ഡും) 
5. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ കോപ്പി എന്നിവയും ഹാജരാക്കണം). 

പുതിയ സംവിധാനത്തിൽ ഒരു റേഷൻ കാർഡ് കൈവശമുള്ള ഒരു വ്യക്തിയ്ക്ക് അതാത് സ്ഥലത്തു നിന്ന് മാത്രമല്ല രാജ്യത്ത് എവിടെയൊക്കെ റേഷൻ കടകൾ ഉണ്ടോ അവിടെനിന്നൊക്കെ റേഷൻ സാധനങ്ങൾ വാങ്ങാവുന്നതാണ്. പിന്നെ അപേക്ഷയോ മറ്റോ കാര്യങ്ങളോ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയാ കേന്ദ്രങ്ങൾ വഴിയോ ജനസേവാ കേന്ദ്രങ്ങൾ വഴിയോ ഒക്കെ അപേക്ഷ കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകാനും ഇവയെ സമീപിക്കാവുന്നതാണ്. ഈ സ്ഥപനങ്ങളിലെയൊക്കെ ഉത്തരവാദിത്വപ്പെട്ടവർ ഇക്കാര്യത്തിൽ വേണ്ടുന്ന കാര്യങ്ങൾ ചെയ്തു സഹായിക്കുന്നതായിരിക്കും. ഇവർക്ക് ചെറിയ ഫീസ് മാത്രം കൊടുത്താൽ മതിയാകും. 

ഇവിടെ ജീവിക്കുന്ന ഒരു പൗരന് ഇവിടം ഭരിക്കുന്ന സർക്കാർ നൽകുന്ന അംഗീകാരമാണ് റേഷൻ സാധനങ്ങളും റേഷൻ കാർഡും എന്നത് മറക്കേണ്ട. അതുകൊണ്ട് റേഷൻ കാർഡ് ഇല്ലാത്തവർ ഉടൻ തന്നെ സ്വന്തമായി ഒരു റേഷൻ കാർഡ് ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia