എത്ര മണിക്കൂര്‍ ഇരുന്നുവെന്നല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം; അറിയാം എങ്ങനെ പരീക്ഷ എളുപ്പമാക്കാമെന്ന്
Mar 22, 2022, 15:57 IST
തിരുവനന്തപുരം: (www.kvartha.com 22.03.2022) എങ്ങനെയാണ് പഠനം ആരംഭിക്കേണ്ടത്? ഓരോ അധ്യായങ്ങളും എങ്ങനെയാണ് മനസിലാക്കിയെടുക്കേണ്ടത്? എവിടെ നിന്നാണ് പഠനം ആരംഭിക്കേണ്ടത്? സമയക്രമീകരണം എങ്ങനെ ചിട്ടപ്പെടുത്തും? പഠിച്ചതൊന്നും മറക്കാതിരിക്കാന്‍ എന്തു ചെയ്യണം? ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാം കൃത്യമായി പഠിച്ചെടുക്കാനാകുമോ? തുടങ്ങി പരിഹരിക്കപ്പെടേണ്ട നിരവധി ചോദ്യങ്ങളാണ് പരീക്ഷാ കാലമാകുമ്പോള്‍ കുട്ടികളെ അലട്ടുന്നത്.
കൃത്യമായ പ്ലാനിങിലൂടെ പോയാല്‍ ഏതൊരു പരീക്ഷയിലും വിജയം കൈവരിക്കാന്‍ സാധിക്കും. എന്നുകരുതി പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങാന്‍ പരീക്ഷാ ടൈംടേബിള്‍ ലഭിക്കും വരെ കാത്തിരിക്കരുത്. അതിനുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങിയാല്‍ പരീക്ഷാ പേടിയെന്ന ഘട്ടത്തെ മറികടക്കാന്‍ കഴിയും.
ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും പഠിക്കേണ്ട രീതിയും ആദ്യം തന്നെ വ്യക്തമായി മനസിലാക്കിയിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. പഠിക്കുന്നതിന് യോജിക്കുന്ന സമയം ഓരോരുത്തരുമാണ് തിരഞ്ഞെടുക്കേണ്ടത്. ചിലര്‍ക്ക് പുലര്‍ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും താത്പര്യം. ഇതനുസരിച്ച് പഠിക്കാനുള്ള സമയവും ക്രമീകരിക്കുക.
പഠിക്കാന്‍ എടുക്കുന്ന സമയവും പ്രധാന്യമര്‍ഹിക്കുന്നതാണ്. എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം. ചിലര്‍ കുറച്ചു സമയം കൊണ്ട് തന്നെ പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കിയെടുക്കും. ചിലര്‍ക്ക് അതിന് കൂടുതല്‍ സമയം വേണ്ടിവരും. അതിനാല്‍ തന്നെ ഇത്ര സമയം വരെ പഠിക്കണം, ഇത്ര സമയം വരെ പഠിക്കണം എന്ന് വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിക്കരുത്. പഠിക്കുന്നതിനിടയില്‍ കുട്ടികളോട് ഇടവേള എടുക്കാന്‍ പറയണം. ഒരു മണിക്കൂര്‍ പഠിച്ചശേഷം പത്ത് മിനിറ്റുവരെ ഇടവേള നല്‍കാം.
പഠിക്കുന്ന സ്ഥലവും വിദ്യാര്‍ഥികള്‍ തന്നെ തിരഞ്ഞെടുക്കുക. ഇരിക്കുന്ന സ്ഥലം സുഖകരമല്ലെങ്കില്‍ അത് പഠിത്തത്തിനെയും നന്നായി ബാധിക്കും. അതുകൊണ്ട് തന്നെ പഠിക്കുന്നത് എവിടെയിരുന്നാണെന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പഠിക്കാന്‍ ഇരിക്കുന്ന റൂമില്‍ നല്ല വെളിച്ചവും വായുവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.