HRC | വയനാട് ജീപ് അപകടത്തില്‍ തോട്ടം തൊഴിലാളികളായ 9 സ്ത്രീകള്‍ മരിച്ച സംഭവം; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു
Aug 26, 2023, 16:52 IST
വയനാട്: (www.kvartha.com) മാനന്തവാടി കണ്ണോത്തുമല കവലയില്‍ ജീപ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ 9 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ റിപോര്‍ട് സമര്‍പിക്കാന്‍ നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അപകടത്തെ കുറിച്ച് വയനാട് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കണമെന്ന് കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കല്‍പറ്റയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.
തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപിലുണ്ടായിരുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. വൈകാതെ പൊലീസും അഗിനരക്ഷാസേനയും സ്ഥലത്തെത്തുകയായിരുന്നു.
അതേസമയം മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 1 മുതല്‍ മക്കിമല എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. നിരവധി പേരാണ് മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പിക്കാനായെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്‍ അന്ത്യാഞ്ജലി അര്‍പിച്ചു. വൈകീട്ടാണ് സംസ്‌കാരം നടക്കുക. അഞ്ച് പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്‌കരിക്കും. ഒരാളുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: News, Kerala, Kerala-News, News-Malayalam, Accident-News, Human Rights Commission, Registered, Case, Wayanad, Jeep Accident, Media, A K Saseendran, Human Rights Commission registered case in Wayanad jeep accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.