Booked | അങ്കമാലി താലൂക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമിഷന്‍

 
Human rights commission registers case in film shooting inside Angamaly taluk hospital premises, Kochi, News, Film shooting, Complaint, Human rights commission, Case, Agamaly taluk hospital, Kerala News
Human rights commission registers case in film shooting inside Angamaly taluk hospital premises, Kochi, News, Film shooting, Complaint, Human rights commission, Case, Agamaly taluk hospital, Kerala News


അനുവാദം നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം

അഭിനേതാക്കള്‍ ഉള്‍പെടെ അന്‍പതോളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു


ചിത്രീകരണം നടത്തിയത് പണം അടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിര്‍മാതാക്കളുടെ സംഘടന 

കൊച്ചി: (KVARTHA) അങ്കമാലി താലൂക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം നടത്തിയെന്ന സംഭവത്തില്‍ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമിഷന്‍. പൈങ്കിളി എന്ന സിനിമയാണ് ചിത്രീകരിച്ചത്. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വ്യാഴാഴ്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെയാണ് മനുഷ്യാവകാശ കമിഷന്‍ കേസെടുത്തിരിക്കുന്നത്. 

സര്‍കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമിഷന്‍ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലാ മെഡികല്‍ ഓഫിസര്‍, അങ്കമാലി താലൂക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 


രാത്രി ഒന്‍പത് മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. രണ്ട് ദിവസമായിരുന്നു ചിത്രീകരണം. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം എന്നുള്ള പരാതികളും ഉയരുന്നുണ്ട്. അഭിനേതാക്കള്‍ ഉള്‍പെടെ അന്‍പതോളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. 


പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു എന്നും പുറത്തുവരുന്ന റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നു. 

പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക് ആശുപത്രി. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമിഷന്‍ സ്വമേധയ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍കാര്‍ ആശുപത്രിയില്‍ സിനിമ ചിത്രീകരിച്ചത്.


അതേസമയം ആശുപത്രിയില്‍ ചിത്രീകരണം നടത്തിയത് പണം അടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ചിത്രീകരണത്തിനായി ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. രണ്ട് ദിവസത്തെ ചിത്രീകരണത്തിനായി പ്രതിദിനം പതിനായിരം രൂപാ വീതം നിര്‍മാതാക്കള്‍ അടച്ചുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia