Remarkable | ഡോ. വേണു ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് പിന്നാലെ ഭാര്യ ശാരദ ആ പദവിയിലെത്തിയത് എങ്ങനെ? പ്രചോദനാത്മകം ഇരുവരുടെയും ജീവിത യാത്രകൾ
ശാരദാ മുരളീധരനും ഡോ. വേണുവും ബാച്ച്‌മേറ്റുകളാണ്.
ഇരുവരും കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദക്ഷാ മനു
(KVARTHA) സംസ്ഥാനത്ത് ആദ്യമായാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ തുടര്‍ച്ചയായി ചീഫ് സെക്രട്ടറിമാരാകുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന വേണു കഴിഞ്ഞ മാസം 31ന് വിരമിച്ചതിന് പിന്നാലെ ഭാര്യ ശാരദാമുരളീധരന്‍ ഭരണചക്രം തിരിക്കുന്ന പ്രഥമ ഉദ്യോഗസ്ഥയായി ചുമതലയേറ്റു. രണ്ടുപേരും ചീഫ് സെക്രട്ടറിമാരാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി റാങ്കിംഗ് കര്‍ശനമായി കേരളത്തില്‍ പാലിക്കുന്നതാണ് ഇരുവര്‍ക്കും അനുഗ്രഹമായത്.
രണ്ടുപേരും ബാച്ച്‌മേറ്റുകളാണ്. ഉയര്‍ന്ന റാങ്ക് ലഭിച്ചതിനാല്‍ നേരത്തെ ചീഫ് സെക്രട്ടറിമാരായി. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇരുവരും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രണ്ട് പേരും ജില്ലാ കലക്ടര്‍മാരായി. കൂടാതെ, കുടുംബശ്രീയില്‍ ശാരദ ആറ് കൊല്ലം പ്രവര്‍ത്തിച്ചു. മുന്‍കാലങ്ങളില്‍ ഐഎഎസ് ദമ്പതിമാരായ വി രാമചന്ദ്രന്‍-പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ്-ലിസി ജേക്കബ് എന്നിവര്‍ ചീഫ് സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാല്‍ തുടര്‍ച്ചയായിരുന്നില്ല.
ശാരദ മുരളീധരന്റെ മാതാപിതാക്കള്‍ എൻജിനീയറിംഗ് കോളേജ് അധ്യാപകരായിരുന്നു. ശാരദ എസ്എസ്എല്‍സിക്ക് റാങ്ക് നേടിയിട്ടുണ്ട്. അമ്മയും സ്‌കൂള്‍ ടോപ്പറായിരുന്നു. അതുകൊണ്ട് നന്നായി പഠിക്കാനും ഉയര്‍ന്ന മാര്‍ക്ക് നേടാനും ശാരദയോടും സഹോദരിയോടും അമ്മ നിര്‍ബന്ധിക്കുമായിരുന്നു. പ്രീഡിഗ്രിക്ക് ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കാനാണ് ശാരദ ആഗ്രഹിച്ചത്. എന്നാല്‍ കുറച്ചു സമയം കൂടി കാത്തിരിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അങ്ങനെ സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുത്തു.
കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, മാതാപിതാക്കള്‍ ശാരദയെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, പ്രാര്‍ത്ഥിച്ച ശേഷം അടുത്തതായി എന്ത് പഠിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചു. ഇംഗ്ലീഷ് സാഹിത്യമാണ് ഇഷ്ടമെന്ന് പറഞ്ഞു. ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേരുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാമെന്ന് അച്ഛനും അമ്മയ്ക്കും വാക്ക് നല്‍കിയിരുന്നു. വീട്ടില്‍ ഒരു ഡോക്ടര്‍ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ശാരദ ഡോക്ടര്‍ വേണുവിനെ വിവാഹം കഴിച്ചതോടെ അത് യാഥാര്‍ത്ഥ്യമായി.
ഇംഗ്ലീഷ് സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടു ടീച്ചറാകാനാണ് ശാരദ ആഗ്രഹിച്ചത്. വീട്ടില്‍ സമ്മതിച്ചില്ല. മെഡിസിന് അഡ്മിഷന്‍ കിട്ടിയെങ്കിലും പോയില്ല. എന്‍സിസിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഇന്ത്യ-കാനഡ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. സാമൂഹിക വിഷയങ്ങളെക്കുറിച്ച് അന്ന് നടന്ന സംവാദങ്ങളും ശക്തമായ നിലപാടുകളുമെല്ലാം സ്വാധീനിച്ചു. സാമൂഹിക മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു.
ടീച്ചര്‍ മോഹം നടക്കാതായതോടെ, സിവില്‍ സര്‍വീസ് മോഹം പൂത്തു. അതും കിട്ടിയില്ലായിരുന്നെങ്കില്‍ ശാസ്ത്രജ്ഞയായേനെ. പഠനകാലത്തു ശാസ്ത്രത്തിലും കമ്പമുണ്ടായിരുന്നു. മനുഷ്യരെ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളൊക്കെ നടത്തണമെന്നായിരുന്നു മോഹം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശാരദ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും വിവിധ വകുപ്പുകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2006 മുതല്‍ 2012 വരെ കുടുംബശ്രീ മിഷന്റെ തലപ്പത്തിരുന്ന അവര്‍ ആ തസ്തികയില്‍ തന്റെ ഭരണമികവ് തെളിയിച്ചു.
കേന്ദ്രത്തില്‍, ഇന്ത്യയിലെ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചു. പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച അവര്‍ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുടെ ആശയരൂപീകരണത്തിനും പ്രോത്സാഹനത്തിനും ഉത്തരവാദിയായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ ഡയറക്ടര്‍ ജനറലായിരിക്കെ, പാഠ്യപദ്ധതി പുനഃക്രമീകരിക്കുന്നതിലും തന്ത്രപ്രധാനമായ നിരവധി പദ്ധതികള്‍ ആങ്കര്‍ ചെയ്യുന്നതിലും ശാരദ പ്രധാന പങ്കുവഹിച്ചു. പട്ടികജാതി വികസനം, സാമൂഹ്യക്ഷേമം, കൊളീജിയറ്റ് വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഡയറക്ടറായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡോ. വേണു ഒരു വിമതനായിരുന്നു എന്നതാണ് ശാരദയെ ആകര്‍ഷിച്ചത്. അന്നത്തെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമരം നയിച്ച ധിക്കാരിയായ നേതാവെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് പല കഥകളും ശാരദ കേട്ടിരുന്നു. അതുകൊണ്ട് തന്നെ സിവില്‍ സര്‍വ്വീസിലേക്ക് അദ്ദേഹത്തെ പോലെ ഒരാളെ തിരഞ്ഞെടുക്കുന്നതില്‍ ശാരദയ്ക്ക് ആകാംക്ഷയുണ്ടായിരുന്നു.
ആദ്യം കാണുമ്പോള്‍ ഹവായ് ചപ്പല്‍ ധരിച്ച് വേണു പാലക്കാട് നിന്ന് ട്രെയിനില്‍ കയറിവരുകയായിരുന്നു. അന്ന് യാത്രക്കാരില്‍ ഒരാള്‍ക്ക് ടിക്കറ്റില്ലായിരുന്നു. വേണു തന്റെ ബെര്‍ത്ത് മധ്യവയസ്‌കന് വാഗ്ദാനം ചെയ്ത് ഒരു കടലാസ് വിരിച്ച് തറയില്‍ ഉറങ്ങി. അത് ശാരദയുടെ ശ്രദ്ധയില്‍പ്പെട്ടു, ഇരുവരും മുസീറിയിലേക്ക് ഐഎഎസ് ട്രെയിനിംഗിന് പോവുകയായിരുന്നു. ആ യാത്ര ജീവിതയാത്രയാണെന്ന് ഇരുവരും സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഇരുവരും മൂന്ന് ദിവസം തുടര്‍ച്ചായി സംസാരിച്ചു.
ഡോ. വേണുവും ശാരദയും രണ്ട് വ്യത്യസ്ത ലോകങ്ങളിലുള്ളവരായിരുന്നു. ശാരദ സ്വപ്‌നജീവിയായിരുന്നു. കവിതയും വായനയും ഇഷ്ടമായിരുന്നു. ശാരദ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പാസായിരുന്നു. ശാദരയുടെ അമ്മ സംസ്ഥാനത്തെ പ്രഥമ വനിതാ എഞ്ചിനീയര്‍ ആണ്.
വേണു കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പഠിച്ചത്. പ്രീഡിഗ്രി മാര്‍ക്ക് വച്ച് മെഡിസിന്‍ സീറ്റ് കിട്ടില്ലായിരുന്നു. പ്രവേശന പരീക്ഷ നടത്തിയശേഷമുള്ള ആദ്യ ബാച്ചായിരുന്നു വേണുവിന്റേത്. അങ്ങനെ കയറിപ്പറ്റിയതാണ്. ലോകം മുഴുവന്‍ ചുറ്റിക്കാണണം എന്നായിരുന്നു ആഗ്രഹം. സാമൂഹിക സേവനം ഇഷ്ടമായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തു. അത് കിട്ടിയില്ലായിരുന്നെങ്കില്‍ കമ്യൂണിറ്റി മെഡിസിനും പബ്ലിക് ഹെല്‍ത്തുമൊക്കെ പ്രാക്ടിസ് ചെയ്ത്, എവിടെയെങ്കിലും ക്ലിനിക് നടത്തി ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമായിരുന്നു എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വേണു പണ്ട് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. വിരമിച്ച ശേഷം അതിലേക്ക് മടങ്ങാനും സാധ്യതയുണ്ട്.
മസൂറിയിലെ പരിശീലന കാലത്ത് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞത്, സര്‍വീസില്‍ കയറുന്ന സമയത്തു രാഷ്ട്രീയക്കാരെ നമുക്കു പുച്ഛമായിരിക്കും എന്നാണെന്ന് ശരദ മുരളീധരന്‍ ഓര്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ക്കു വിവരമില്ലെന്നും ഉദ്യോഗസ്ഥര്‍ക്കാണ് അറിവുള്ളവരെന്നും വിശ്വസിക്കും. കുറെക്കഴിയുമ്പോള്‍ അവരെ അത്യാവശ്യമുള്ള ശത്രുക്കളായി കാണും. പിന്നീട് ഭരണകര്‍ത്താക്കള്‍ക്കാണ് വിവരമെന്നും ഉദ്യോഗസ്ഥര്‍ സന്തത സഹചാരികളാണെന്നും മനസിലാക്കും. ഇതു ശരിയാണെന്നാണ് ശാരദാ മുരളീധരന്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ നിയമം മാത്രം നോക്കുമ്പോള്‍, സാമൂഹ്യ, മാനുഷിക തലടങ്ങളടക്കം രാഷ്ട്രീയ നേതൃത്വം കാണും. നിയമപരമായി അത് ശരിയല്ലെങ്കിലും പ്രശ്‌നങ്ങള്‍ക്കു പരിഹാരമായിരിക്കും അതെന്നും ശാരദ മുരളീധരന്‍ പറയുന്നു.
#Kerala #CivilService #Inspiration #CoupleGoals #Achievement #India