ലോക്‌സഭാ സീറ്റു വേണം; ലീഗ് നേതൃത്വത്തോട് പിവി അബ്ദുല്‍ വഹാബ്

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു ലഭിക്കുന്ന സീറ്റുകളിലൊന്ന് തനിക്ക് തന്നേ തീരൂ എന്ന് മുന്‍ രാജ്യസംഭാംഗവും വ്യവസായിയുമായ പിവി അബ്ദുല്‍ വഹാബ് ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ ലീഗിന് മൂന്ന് സീറ്റ് ലഭിച്ചേ തീരൂ എന്ന നിലപാട് കടുപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സീറ്റ് വിഭജനം സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം അറിയിക്കും.

കാസര്‍കോട് സീറ്റുകൂടി വേണമെന്നാണ് ലീഗിന്റെ ഉന്നം. വയനാടും മനസിലുണ്ടെങ്കിലും അതിനുവേണ്ടി സമ്മര്‍ദം അരുതെന്ന് വയനാട് എംപി എം ഐ ഷാനവാസ് ലീഗ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായി സൂചനയുണ്ട്. കാസര്‍കോട് സീറ്റും കോണ്‍ഗ്രസിന്റേതുതന്നെയാണ്. എന്നാല്‍ അവിടെ അവര്‍ വിജയിക്കാറില്ല. സിപിഎം വന്‍ഭൂരിപക്ഷത്തിനാണ് അവിടെ വിജിക്കാറുള്ളത്. ഇത്തവണ തങ്ങള്‍ക്കു കിട്ടിയാല്‍ അവിടെ ചരിത്രം മാറ്റിക്കുറിക്കാമെന്നും അത് യുഡിഎഫിനു നേടാനാവുമെന്നുമാണ് ലീഗ് വാദിക്കുന്നത്.

പക്ഷേ, തോല്‍ക്കുന്ന സീറ്റിലെങ്കിലും പരിഗണിക്കപ്പെടാന്‍ കോണ്‍ഗ്രസില്‍ നിരവധിയാളുകള്‍ ഉള്ള സാഹചര്യവും കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുന്നതും പരിഗണിച്ച് അത് ലീഗിനു കൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. കോട്ടയം സീറ്റിനു പുറമേ ഇടുക്കി കൂടി കേരള കോണ്‍ഗ്രസ് എമ്മിനു കൊടുക്കണം എന്ന അവരുടെ ആവശ്യത്തോടുള്ള നിലപാടും കാസര്‍കോട് കാര്യവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.

മലപ്പുറത്ത് ഇ അഹമ്മദും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന രീതിയില്‍ ലീഗിനുള്ളില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് പിവി അബ്ദുല്‍ വഹാബിന്റെ രംഗപ്രവേശം. നേരത്തേ രാജ്യസഭാ സീറ്റ് നല്‍കി ലീഗ് എംപിയാക്കിയിട്ടുള്ള വഹാബിന് അന്ന് കൊടുത്തത് 'പേമെന്റ് സീറ്റ്'ആണെന്ന മട്ടില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ലീഗിന്റെ സംസ്ഥാന നേതാക്കളുടെ നിരയിലാണുള്ളത്. മാത്രമല്ല, ലീഗിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നും വഹാബാണുതാനും.
ലോക്‌സഭാ സീറ്റു വേണം; ലീഗ് നേതൃത്വത്തോട് പിവി അബ്ദുല്‍ വഹാബ്

നിലവില്‍ ലീഗിന് രാജ്യസഭാ സീറ്റുകളൊന്നുമില്ല. ഇനി 2015 ഏപ്രിലില്‍ വരാന്‍ പോകുന്ന രണ്ട് ഒഴിവുകളില്‍ ഒന്ന് യുഡിഎഫിന് കിട്ടുമെങ്കിലും അത് ലീഗിന് കൊടുക്കാന്‍ സാധ്യത കുറവുമാണ്. കോണ്‍ഗ്രസ് തന്നെയായിരിക്കും അത് എടുക്കുക. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ സീറ്റിനു വേണ്ടി വഹാബ് കടും പിടുത്തം നടത്തുന്നത്. വഹാബിനെ ലീഗിലേക്ക് കൊണ്ടുവന്ന് നേതാവാക്കിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് വഹാബിന്റെ ഈ ആവശ്യത്തോട് അനുകൂല നിലപാടാണ്. എന്നാല്‍ ഇ ടിയെയോ അഹമ്മദിനെയോ മാറ്റി വഹാബിന് സീറ്റു കൊടുക്കാന്‍ സാധിക്കില്ലതാനും. ഈ സാഹചര്യത്തിലാണ് കാസര്‍കോടിനു വേണ്ടിയുള്ള ശ്രമം.

അതേസമയം, കാസര്‍കോട് കിട്ടിയാലും ഈ മൂന്നുപേരില്‍ ആര് അവിടെ മല്‍സരിക്കും എന്നതിലുമുണ്ടാകും തര്‍ക്കമെന്നാണു സൂചന. വിജയിക്കാം എന്ന അവകാശവാദമൊക്കെ ഉണ്ടെങ്കിലും കാസര്‍കോട് ഏറ്റെടുക്കാന്‍ ആരും സ്വമേധയാ തയ്യാറാകില്ല. സിറ്റിംഗ് സീറ്റുകള്‍ എന്ന നിലയില്‍ അഹമ്മദും ഇ ടിയും തങ്ങളുടെ മണ്ഡലം വഹാബിനു കൊടുക്കുകയുമില്ല. ലീഗില്‍ സീറ്റ് വിഭജനം പൊട്ടിത്തെറിയാകുമോ എന്നാണ് കണ്ടറിയാനുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Thiruvananthapuram, Parliament, Election, Muslim-League, Congress, Kerala, I want a Loksabha seat; P V A Vahab to the League leadership, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia