ഇടുക്കി ജില്ലക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ 43ാം പിറന്നാള്‍

 


ഇടുക്കി: (www.kvartha.com 25/01/2015) ഇടുക്കി ജില്ലക്ക് 43 വയസ്. പിന്നോക്ക മലയോരമേഖലയുടെ വികസനം ലക്ഷ്യമിട്ട് 1972 ജനുവരി 26 നാണ് ജില്ല രൂപം കൊണ്ടത്. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ഉള്‍പ്പെടുത്തിയാണ് ഇടുക്കി ജില്ലക്ക് രൂപം കൊടുത്തത്.

1960കളിലാണ് ഇടുക്കി ജില്ലയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്ദങ്ങള്‍ ഉയര്‍ന്നു. തലസ്ഥാനം എവിടെ വേണം എന്ന കാര്യത്തിലും തര്‍ക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചിരുന്നു. ഈ സമയത്താണു സര്‍ക്കാരിന് ഇക്കാര്യത്തില്‍ പെട്ടെന്നു താല്‍പര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാര്‍ ഇതു സംബന്ധിച്ചു സമര്‍പ്പിച്ച റിപോര്‍ട്ട് അംഗീകരിച്ചാണു ജില്ലയെ സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ജില്ലയുടെ ആസ്ഥാനം ഇടുക്കിയായിരിക്കണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. പെട്ടെന്ന് ഒരു കലക്ടറേറ്റിനു വേണ്ട സൗകര്യങ്ങള്‍ ഇടുക്കിയില്‍ ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി മറ്റൊരു ആസ്ഥാനം വേണ്ടിവന്നു. അതു കോട്ടയം ആകട്ടെ എന്നു തീരുമാനിക്കുകയും ചെയ്തു.
ഇടുക്കി ജില്ലക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ 43ാം പിറന്നാള്‍
ഇടുക്കി ജില്ല രൂപീകരിച്ച് പ്രഥമ കലക്ടര്‍
ബാബു പോള്‍ പതാക ഉയര്‍ത്തുന്നു

1972 ജനുവരി 25ന് ആണ് ഇതു സംബന്ധിച്ച ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോഓര്‍ഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷല്‍ കലക്ടറും ആയിരുന്ന ഡോ. ഡി ബാബു പോള്‍ പ്രോജക്ടിന്റെ ചുമതലകള്‍ക്കു പുറമേ ജില്ലാ കലക്ടറായും പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. പ്രോജക്ടിലെ ചീഫ് സെക്യൂരിറ്റി ഓഫിസറും അഡീഷനല്‍ എസ്.പിയുമായിരുന്ന ഉമ്മന്‍ പുതിയ ജില്ലയിലെ ഡി.എസ്.പി ആയിരിക്കുമെന്നും ഉത്തരവു വ്യക്തമാക്കി. ജില്ല പിറ്റേദിവസം നിലവില്‍ വന്നു.

ഇടുക്ക് എന്ന വാക്കില്‍നിന്ന് ഇടുക്കി പിറന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല കൂടിയായ ഇടുക്കിയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. സംസ്ഥാനത്തെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ജില്ലയിലാണ്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇടുക്കിയാണ്. ഹരം പകരുന്ന മൂന്നാറും തേക്കടിയും ഭീതിപ്പെടുത്തുന്ന മുല്ലപ്പെരിയാറും ഇടുക്കിയിലാണ്. സുഗന്ധ റാണിയായ ഏലവും കറുത്ത പൊന്നായ കുരുമുളകുമാണ് ഇടുക്കിയുടെ തനത് മുദ്ര.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Republic Day, Birthday, Development. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia