HC Order | മൂന്നാര്‍ കയ്യേറ്റം; താമസക്കാരെ ഒഴിപ്പിക്കരുതെന്ന് നിര്‍ണായക ഇടപെടലുമായി ഹൈകോടതി, കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി പരിപാലിക്കണമെന്നും നിര്‍ദേശം

 


കൊച്ചി: (KVARTHA) മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ നിര്‍ണായക ഇടപെടലുമായി കേരള ഹൈകോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിര്‍ദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. താമസക്കാരെ ഒഴിപ്പിക്കരുതെന്നും ഹൈകോടതി നിര്‍ദേശിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.

ഏലം, തേയില തോട്ടങ്ങള്‍, മറ്റു കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകള്‍ നശിക്കില്ലെന്ന് സര്‍കാര്‍ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കില്‍ ഏല്‍പിക്കാം. അല്ലെങ്കില്‍ വിളകള്‍ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു.

കയ്യേറ്റഭൂമിയിലെ താമസമുള്ള കെട്ടിടത്തിനോടു ചേര്‍ന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിനു തടസ്സമില്ല. താമസക്കാര്‍ തുടരുന്നത് സംബന്ധിച്ച് സര്‍കാരിന്റെ തീരുമാനം അനുസരിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വാണിജ്യ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ലൈസന്‍സ് വഴി സര്‍കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിന് വിധേയമായി തുടരാന്‍ അനുവദിക്കാം.

കെട്ടിടം നിര്‍മിക്കാന്‍ എന്‍ഒസി വേണമെന്നതില്‍ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍കാര്‍ ഭൂമി സംരക്ഷിക്കാനാണ് എന്‍ഒസി വേണമെന്ന നിര്‍ദേശം നല്‍കിയത്. പട്ടയം നല്‍കുന്നതിനും കൃത്യമായി സര്‍ടിഫികറ്റ് നല്‍കുന്നതിനും ഒരു സംവിധാനം ഉണ്ടാവണമെന്നും സര്‍കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ടൂറിസം മേഖല സംരക്ഷിക്കുന്നതിനെപ്പറ്റിയുള്ള നിയമ പ്രകാരം സമിതി രൂപീകരിക്കുന്നത് സംബന്ധിച്ചു സര്‍കാര്‍ വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍കാര്‍ അഭിഭാഷകനും മറ്റ് അഭിഭാഷകരും നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്.

വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പെടെ 239.42 ഏകറില്‍ കയ്യേറ്റം ഒഴിപ്പിച്ചെന്നും ഏറ്റെടുത്തെന്നും സര്‍കാര്‍ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റവും അനധികൃത നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത് വണ്‍ ലൈഫ് എന്ന സംഘടന ഉള്‍പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈകോടതി പരിഗണിച്ചത്. ഹര്‍ജി നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

HC Order | മൂന്നാര്‍ കയ്യേറ്റം; താമസക്കാരെ ഒഴിപ്പിക്കരുതെന്ന് നിര്‍ണായക ഇടപെടലുമായി ഹൈകോടതി, കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി പരിപാലിക്കണമെന്നും നിര്‍ദേശം



Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Kerala News, High Court, Munnar, Land Case, Idukki News, Suggestions, Encroachment Clearing, Idukki: Kerala High Court on Munnar Land Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia