Congress Politics | മുല്ലപ്പള്ളിയും സുധീരനും മുരളീധരനും ഇറങ്ങിയാൽ 'മുഖ്യമന്ത്രി' മത്സരം കടുക്കും; കെ സിക്ക് സാധ്യത ഏറും; കോൺഗ്രസിലെ കസേര കളിയിൽ സംഭവിക്കുന്നത്!

 
If Mullappally, Sudheeran, and Muraleedharan Contest, 'Chief Minister' Race Will Intensify; KC More Likely; What's Happening in Congress's Game of Chairs
If Mullappally, Sudheeran, and Muraleedharan Contest, 'Chief Minister' Race Will Intensify; KC More Likely; What's Happening in Congress's Game of Chairs

Image Credit: Facebook/ Mullappally Ramachandran, K Muraleedharan, VM Sudheeran, K.C. Venugopal

● കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുതുമുഖങ്ങളെ മത്സരിപ്പിച്ചത് തിരിച്ചടിയായി.
● വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതിൽ സീനിയർ നേതാക്കൾക്ക് അതൃപ്തിയുണ്ട്.
● സീനിയർ നേതാക്കൾ മത്സരിച്ചാൽ കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

സോണി കല്ലറയ്ക്കൽ

(KVARTHA) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് യു.ഡി.എഫിനെ സംബന്ധിച്ച് പറഞ്ഞാൽ വളരെ നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടിയതിൻ്റെ ആഘാതം അവരെ തെല്ലൊന്നുമല്ല അലട്ടിയത്. ഇനിയും ഒരു ഭരണമില്ലായ്മ യു.ഡി.എഫിനെ പ്രത്യേകിച്ച് കോൺഗ്രസിനെ സംബന്ധിച്ച് ചിന്തിക്കാവുന്ന ഒന്നല്ല. അങ്ങനെ ഒന്ന് ഇനി ഇവിടെ നടന്നാൽ ചിലപ്പോൾ യു.ഡി.എഫ് സംവിധാനം തന്നെ തകർന്നെന്നു വരാം. അത് കോൺഗ്രസിൻ്റെ നാശത്തിനാകും കാരണമാകുക. അതിനാൽ തന്നെയാണ് പല സീനിയർ നേതാക്കളെയും വെട്ടി മാറ്റി വി.ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്ത് വലിയ എതിർപ്പൊന്നും ഇല്ലാതെ എത്തിക്കാൻ സാധിച്ചത്. 

ഇതിനു മുൻപ് ഒരു മന്ത്രിപോലും ആകാത്തയാളാണ് വി.ഡി സതീശൻ എന്നോർക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് നേതാക്കൾക്കും യു.ഡി.എഫ് നേതാക്കൾക്കും അമിത വിശ്വാസമായിരുന്നു. കാലാകാലങ്ങളിൽ കേരളത്തിൽ കണ്ടിരുന്ന കാഴ്ച അങ്ങനെയായിരുന്നു. ഒരിക്കൽ യു.ഡി.എഫ് എങ്കിൽ അടുത്തത് എൽ.ഡി.എഫ്, എങ്ങനെ സ്ഥാനാർത്ഥിയെ നിർത്തിയാലും അങ്ങനെയെ വരു എന്ന് കോൺഗ്രസ് ഹൈക്കമാൻ്റിലെ ചിലർ സ്വപ്നം കണ്ടു. ഇവിടെ കോൺഗ്രസ് ഹൈക്കമാൻ്റിൽ വലിയ സ്വാധീനമുള്ള ഒരു കോൺഗ്രസ് നേതാവിൻ്റെ താല്പര്യത്തിൽ കോൺഗ്രസ് മത്സരിച്ചിരുന്ന പരമാവധി മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ നിർത്തി. 

പലരും കരുതിയത് ഇത് പുതിയ വോട്ടർമാരിൽ ആവേശം വിതയ്ക്കുമെന്നും സീറ്റുകൾ കോൺഗ്രസ് തൂത്തുവരുമെന്നും ഒക്കെ ആയിരുന്നു. പക്ഷേ, ഫലം വന്നപ്പോൾ അടിപതറി. കോൺഗ്രസ് പുതുമുഖ സ്ഥാനാർത്ഥികളെ നിർത്തിയ പല സീറ്റുകളിലും നന്നായി തോറ്റു. എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുകയും ചെയ്തു. പല സീനിയർ നേതാക്കളെയും മന:പൂർവം മാറ്റി നിർത്തിയാണ് യൂത്ത് കോൺഗ്രസുകാരും കെ.എസ്.യുകാരും ആയ ആളുകൾക്ക് സീറ്റ് കിട്ടിയെന്നത് ഓർക്കണം. പല സീനിയർ നേതാക്കളും തങ്ങളുടെ വിഷമം അന്ന് പൊതുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

പുതിയ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഇറങ്ങാൻ പോലും പല സീനിയർ നേതാക്കളും തയാറായില്ലെന്നത് പ്രത്യേകം എടുത്തു പറയേണ്ടതുമാണ്. ഫലമോ യു.ഡി.എഫ് ഒരിക്കൽ കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. അന്ന് സീറ്റ് കിട്ടിയവരിൽ ഒരാളാണ് ഇപ്പോൾ പാലക്കാട് സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് സി.പി.എമ്മിലേയ്ക്ക് ചേക്കേറിയ ഡോ. സരിൻ ഒക്കെ. വട്ടിയൂർക്കാവ് പോലുള്ള സീറ്റുകൾ എൽ.ഡി.എഫിലേയ്ക്ക് പോയതിന് പിന്നിലും കോൺഗ്രസ് ഇങ്ങനെ യാതൊരു മുൻ പരിചയവും ഇല്ലാത്ത കോൺഗ്രസുകാരെ സ്ഥാനാർത്ഥികളാക്കിയതിൻ്റെ ഫലമാണ്. പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെ കെ സുധാകരൻ കെ.പി.സി.സി പ്രസിഡൻ്റും വി.ഡി സതീശൻ പ്രതിപക്ഷ നേതാവും ആയി എത്തുകയായിരുന്നു. 

ഒരിക്കൽ പോലും ഒരു മന്ത്രി പോലും ആകാതിരുന്ന വി.ഡി സതീശനെപ്പോലുള്ളവർ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ അന്ന് മുതൽ കോൺഗ്രസിലെ സീനിയർ നേതാക്കൾക്ക് മനസ്സിൽ നല്ല കുശുമ്പും മുറുമുറുപ്പും ഉണ്ട്. ഇനി യു.ഡി.എഫ് എങ്ങാനും നാളെ അധികാരത്തിൽ എത്തിയാൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമോ എന്നതാണ് പലരുടെയും ഇപ്പോഴത്തെ ചിന്ത. അങ്ങനെ ഒന്ന് എന്നുപറയുന്നത് ഇവിടുത്തെ സീനിയർ കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് സഹിക്കാവുന്നതിൽ അപ്പുറം തന്നെയാണ്. യു.ഡി.എഫ് ഇനി അധികാരത്തിൽ എത്തിയില്ലെങ്കിലും കുഴപ്പമില്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകരുത്. അതാണ് ഇപ്പോൾ പല സീനിയർ കോൺഗ്രസ് നേതാക്കളെയും ഭരിക്കുന്നത്. 

അതിനുള്ള നീക്കങ്ങൾ പലരും നടത്തുന്നു. ഹൈക്കമാൻ്റിൽ സ്വാധീനമുള്ള ചിലർ അതിനെ ആളിക്കത്തിച്ച് കുളം കലക്കി നടക്കുകയും ചെയ്യുന്നു. ഇവിടം കുളം കലങ്ങുമ്പോൾ ആ തക്കം നോക്കി കോൺഗ്രസ് ഹൈക്കാമാൻ്റിൻ്റെ പ്രതിനിധിയായി മുഖ്യമന്ത്രി സ്ഥാനത്ത് എത്താമെന്ന് ചിന്തിക്കുന്നവരാണ് ഇതിന് പിന്നിൽ. ഇപ്പോൾ അതിനായി കണ്ടുപിടിച്ചിരിക്കുന്ന മാർഗം 80 വയസ് ഒക്കെ അടുത്തിരിക്കുന്ന ഇവിടുത്തെ സീനിയർ നേതാക്കൾക്കും മത്സരിക്കാൻ സീറ്റ് നൽകുക എന്നതാണ്. അപ്പോൾ മൂപ്പിള തർക്കമില്ലാതെ  എല്ലാവരും കളത്തിലിറങ്ങുകയും പ്രചാരണം കൊഴുക്കുകയും ചെയ്യും. 

കുതികാൽ വെട്ടും പാരവെയ്പ്പും പ്രതീക്ഷിക്കുകയും വേണ്ട. അങ്ങനെയാണ് ഇവിടുത്തെ കോൺഗ്രസിലെ കാര്യങ്ങൾ നീങ്ങുന്നത്. അങ്ങനെ വന്നാൽ മുൻ കെ.പി.സി.സി പ്രസിഡൻ്റുമാരായ വി എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും ഒക്കെ മത്സരിക്കുമെന്ന് ഉറപ്പാണ്. ഇവരെല്ലാം മത്സരിക്കാൻ ഇറങ്ങിയാൽ ഏതാണ്ട് വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്. അങ്ങനെ എല്ലാവരും ജയിച്ച് അധികാരത്തിൽ എത്തിയാൽ തർക്കം മുറുകുന്നത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആവും. അവിടെയാകും മത്സരം കടുക്കുക. സ്വഭാവികമായും വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പ്രതിപക്ഷത്തെ നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് മുഖ്യമന്ത്രിയാകേണ്ടത്. 

ഒരിക്കൽ പോലും ഒരു മന്ത്രിപോലും ആകാത്ത സതീശന് കീഴിൽ വെറും മന്ത്രിയായിരിക്കാൻ ഈ സീനിയർ നേതാക്കൾക്ക് കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്. സുധീരനെപ്പറ്റി പറയുകയാണെങ്കിൽ അദ്ദേഹം സംസ്ഥാന മന്ത്രിയും സ്പീക്കറും എം.പി.യും കെ.പി.സി.സി പ്രസിഡൻ്റും ഒക്കെ ആയി ഇരുന്നയാളാണ്. മുല്ലപ്പള്ളി കേന്ദ്രമന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റും ഒക്കെ ആയിരുന്നു. കെ. മുരളീധരനും ഇതുപോലെ തന്നെ കോൺഗ്രസിലെ സീനിയർ നേതാവാണ്. പ്രത്യേകിച്ച് കെ കരുണാകരൻ്റെ മകനാണ്. സംസ്ഥാന മന്ത്രിയും. എം.പിയും  സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റും ഒക്കെ ആയിരുന്ന വ്യക്തിയാണ് കെ.മുരളീധരനും. 

ഇവർ ഒക്കെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയാൽ സ്വപ്നം കാണുക മുഖ്യമന്ത്രി സ്ഥാനം തന്നെയാകും. അതിൽ കുറഞ്ഞ് ഇവർക്കൊക്കെ എങ്ങനെ ചിന്തിക്കാനാവും. അതാണ് പറഞ്ഞത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ശക്തമാകുന്നത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണെന്ന്. ഇതിന് പിന്നിൽ കളിക്കുന്നവരുടെ ലക്ഷ്യവും അത് തന്നെ. കുളം കലക്കി മീൻ പിടിക്കുക. ഒടുവിൽ ഇവരെയെല്ലാം മറികടന്ന് കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായി എത്തുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കെ.സിയും മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനൊന്നുമല്ലല്ലോ.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The upcoming Kerala Assembly elections are crucial for the UDF, especially Congress, after their previous defeat. Internal discussions suggest senior leaders like V.M. Sudheeran, Mullappally Ramachandran, and K. Muraleedharan might contest, potentially intensifying the Chief Minister race if UDF wins. This is seen by some as a move to challenge current opposition leader V.D. Satheesan's claim to the CM post, with speculation that K.C. Venugopal could emerge as a contender.

#KeralaPolitics #Congress #UDF #ChiefMinister #VDSatheesan #KCVenugopal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia